വിപിപി മുസ്തഫയുടെ രാജിക്ക് പിന്നില്‍ ദുരൂഹത ആരോപിച്ച് ചെറിയാന്‍ ഫിലിപ്പ്; മറുപടി

കാസർകോട്: തനിക്കെതിരേ ആരോപണം ഉന്നയിച്ച ചെറിയാൻ ഫിലിപ്പിന് മറുപടിയുമായി സി.പി.എം. നേതാവും മന്ത്രി എം.ബി. രാജേഷിന്റേയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുടേയും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വി.പി.പി. മുസ്തഫ. അഴിമതി നടത്തുന്നവരെ പാർട്ടിക്കകത്ത് വെച്ച് പൊറുപ്പിക്കുന്ന ശീലം സി.പി.എമ്മിനില്ലെന്നും താൻ ഇപ്പോഴും പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണെന്നും വി.പി.പി. മുസ്തഫ പറഞ്ഞു.
'ചെറിയാൻ ഫിലിപ്പിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. അഴിമതി നടത്തുന്നവരെ പാർട്ടിക്കകത്ത് വെച്ച് പൊറുപ്പിക്കുന്ന ശീലം സി.പി.എമ്മിനില്ല. ഇപ്പോളും ഞാൻ പാർട്ടി ജില്ലാ കമ്മറ്റി അംഗമാണ്. കാസർകോട് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടി മുന്നിൽ കണ്ടാണ് എന്നെ ആ സ്ഥാനത്ത് നിന്ന് മാറ്റിയത്. കാസർകോട് അസംബ്ലി മണ്ഡലത്തിൽ സുപ്രധാന ചുമതല തിരഞ്ഞെടുപ്പിൽ വഹിക്കുകയും ചെയ്തു. ബാർ വിവാദത്തിൽ എക്സൈസ് മന്ത്രിയുടെ ഓഫീസിനെ കരിനിഴലിൽ നിർത്താനുള്ള ആസൂത്രിതമായ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്' - വിപിപി മുസ്തഫ പറഞ്ഞു.
ഇടതുപക്ഷത്ത് കുറച്ച് കാലം ഉണ്ടായിരുന്ന ചെറിയാൻ ഫിലിപ്പിന് പാർട്ടി അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന കാര്യം അറിയില്ലേ എന്നും വിപിപി മുസ്തഫ ചോദിച്ചു.
എക്സ്സൈസ് മന്ത്രിമാരായ എം.വി.ഗോവിന്ദൻ, എം.ബി.രാജേഷിന്റേയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി.മുസ്തഫയുടെ ഏതാനും മാസം മുൻപുള്ള രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. മലബാറിലെ ചില ബാർ ഉടമകളുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്നായിരുന്നു മുസ്തഫയെ പാർട്ടി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 'മുസ്തഫയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിപ്പിക്കാൻ രാജിവെപ്പിച്ചതാണെന്നായിരുന്നു പ്രചരണം. എന്നാൽ സ്ഥാനാർഥിയായി ഒരു ഘട്ടത്തിലും മുസ്തഫയെ പരിഗണിച്ചില്ല. ബാർ ഉടമ സംഘടനയുടെ വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം പുതിയ ബാർ കോഴയുടെ കറുത്ത കരങ്ങൾ എക്സൈസ് മന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണ്. മുസ്തഫയുടെ പുറത്താക്കൽ സംബന്ധിച്ച ദുരൂഹതകൾ ഇല്ലാതാകണമെങ്കിൽ പാർട്ടിയും മന്ത്രിയും നിലപാട് വിശദീകരിക്കണമെന്നായിരുന്നു ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്കിൽ കൂടിയുള്ള ആരോപണത്തിന് വി.പി.പി. മുസ്തഫ കമന്റായി കുറിച്ച മറുപോസ്റ്റ്;
മാതൃഭൂമി ഓൺലൈനിൽ നിന്ന് വിളിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് കുറിച്ച് അറിഞ്ഞത്. കുറച്ചുകാലം താങ്കൾ ഇടതുപക്ഷത്തോടൊപ്പം, സി.പി.എമ്മിനോടൊപ്പം ഉണ്ടായിരുന്ന ആളാണല്ലോ. താങ്കൾ പറയുന്നതുപോലെയുള്ള അഴിമതി നടത്തിയ ഒരാൾ ആണെങ്കിൽ സി.പി.എം. എന്നെ ഇതുപോലെ പാർട്ടിക്കകത്ത് വെച്ചുപൊറുപ്പിക്കുമോ? ഞാൻ ഇപ്പോഴും പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ്, ചാനൽ ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിക്കാൻ എ.കെ.ജി. സെന്ററിൽ നിന്ന് നിയോഗിക്കുന്ന ആളാണ്, ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് അസംബ്ലി മണ്ഡലത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന പ്രവർത്തകനാണ്, കാസർകോട് പാർലമെന്റ് മണ്ഡലത്തിന്റെ നവമാധ്യമ പ്രവർത്തനങ്ങളുടെ ചുമതലയും ഉണ്ടായിരുന്നു. സി.ഐ.ടി.യുവിന്റെ ജില്ലാ വൈസ് പ്രസിഡന്റായും അതിലെ വിവിധ യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നു.
താങ്കൾ സൂചിപ്പിച്ചതുപോലെ മന്ത്രി ഓഫീസിൽ ഞാൻ തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്തേക്കാണല്ലോ പറഞ്ഞു വിടുക. വിപുലമായ ബന്ധങ്ങൾ ഉള്ള താങ്കളെ ഞാൻ വെല്ലുവിളിക്കുന്നു. മന്ത്രി ഓഫീസിൽ ഇരുന്ന് ഞാൻ ഏതെങ്കിലും തെറ്റായ കാര്യങ്ങൾ നടത്തിയതായി വ്യക്തമായ തെളിവുകളോടെ താങ്കൾക്ക് പറയാൻ സാധിക്കുമോ? താങ്കൾ തന്നെ പോസ്റ്റിൽ പറയുന്നത് വഴിവിട്ട ബന്ധം എനിക്കുണ്ടായിരുന്നു എന്ന് കേട്ടിരുന്നു എന്നാണ്. വെറും കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ശരിയാണോ? ഇത്തരം കേട്ട് കേൾവികളോട് പാർട്ടി സെക്രട്ടറിയും മന്ത്രിയും പ്രതികരിക്കേണ്ട വല്ല കാര്യവും ഉണ്ടോ?
Content Highlights: allegation against vp musthafa bar bribe cherian philip