അൽഫാമിൽനിന്ന് ഭക്ഷ്യവിഷബാധ; 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി, 30 ദിവസത്തിനകം തുക കൈമാറണം

പ്രതീകാത്മകചിത്രം | അൽഫഹാം | ചിത്രം: ജയേഷ് പി., മാതൃഭൂമി
പ്രതീകാത്മകചിത്രം | അൽഫഹാം | ചിത്രം: ജയേഷ് പി., മാതൃഭൂമി

റാന്നി: ചീത്തയായ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ വിധി. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. റാന്നി ചേത്തോങ്കരയിൽ പ്രവർത്തിക്കുന്ന ’കിങ്‌സ് ബിരിയാണി കഫേ’ പ്രൊപ്രൈറ്റർ ആശിഷ് ജോൺ മാത്യു, മാനേജർ എന്നിവരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടത്.

2025 ഒക്ടോബർ 21-ന് റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിക്കുകയും രുചിവ്യത്യാസം തോന്നി വെയിറ്ററോട് പരാതിപ്പെടുകയുംചെയ്തു. എന്നാൽ ഇത് കാര്യമാക്കാതിരുന്ന ഹോട്ടൽ അധികൃതർ 740 രൂപ ബിൽ ഈടാക്കി. ബാക്കി ഭക്ഷണം പാഴ്‌സലായി വാങ്ങി മടങ്ങവേ റീനാ തോമസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തുടർന്ന് വെച്ചൂച്ചിറയിലെയും പിന്നീട് കാഞ്ഞിരപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽനിന്നുള്ള ’സാൽമൊണെല്ല’ ഇൻഫക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചതായി പരാതിയിൽ പറയുന്നു.

ആശുപത്രിച്ചെലവ് നൽകാൻപോലും ഹോട്ടലുടമ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കമ്മിഷനെ സമീപിച്ചത്. ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പരിശോധിച്ച കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗമായ നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ആശുപത്രിയിൽ ചെലവായ 36,500 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ചേർത്ത് 30 ദിവസത്തിനകം ഹർജിക്കാരിക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. 

Content Highlights: Pathanamthitta Consumer Disputes Redressal Commission ordered Rs 96,500 compensation for food poisoning. The incident occurred after consuming spoiled Al Fahm from 'Kings Biryani Cafe' in Ranni on October 21, 2025. Medical tests confirmed Salmonella infection from stale food. Compensation includes Rs 36,500 for medical expenses, Rs 50,000 as compensation, and Rs 10,000 for court costs.