തെരുവുനായ പിറകേ ഓടി, മാന്തിയത് കാര്യമാക്കിയില്ല; ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേ വിഷബാധ സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിവരുകയാണ് ഗോപിനാഥന്‍. വൈകീട്ട് തിരുവന്‍വണ്ടൂരില്‍നിന്നും തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോകുന്ന ഗോപിനാഥന്‍ രാത്രി 9.30 ഓടെയാണ് വീട്ടില്‍ തിരിച്ചെത്തുന്നത്. രണ്ടാഴ്ച മുന്‍പ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളില്‍ വീട്ടിലേക്കു വന്ന ഗോപിനാഥന്റെ പിറകേ നായ ഓടി വരികയും ഇദ്ദേഹം ഭയന്ന് റോഡില്‍ വീഴുകയുമായിരുന്നു. ആക്രമണത്തില്‍ നായയുടെ നഖം കാലില്‍ കൊണ്ട് മുറിവേറ്റുന്നു .ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്.
Content Highlights: A 65-year-old man in Alappuzha, Kerala died after a dog bite