'രക്ഷാപ്രവർത്തന’ത്തിൽ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു; എസ്പി ഷൗക്കത്തലി തലവൻ

തിരുവനന്തപുരം: നവകേരള സദസ്സിനിടെ ആലപ്പുഴയിൽ നടന്ന 'രക്ഷാപ്രവർത്തനത്തിൽ' പുനഃരന്വേഷണം നടത്താനുള്ള പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) രൂപവത്കരിച്ചു. എസ്പി എ.പി. ഷൗക്കത്തലിയാണ് എസ്‌ഐടി തലവൻ. ഇദ്ദേഹത്തെ കൂടാതെ അഞ്ച് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
നവകേരള സദസ്സിൽ പങ്കെടുക്കാനായി പ്രത്യേക ബസിൽ പോവുകയായിരുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേയാണ് മർദനമുണ്ടായത്. ആലപ്പുഴയിലായിരുന്നു സംഭവം. പോലീസുകാർക്ക് പുറമേ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരും വാഹനത്തിൽനിന്നിറങ്ങി യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി മർദിച്ചിരുന്നു. നിലവിൽ ആലപ്പുഴ എംഎൽഎയായ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കാണ് അന്ന് മർദനമേറ്റത്.
നവകേരള സദസ്സിനിടെ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കും സർക്കാരിനും എതിരേ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ, പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐക്കാരും പോലീസും തെരുവിൽ നേരിട്ടു. 'രക്ഷാപ്രവർത്തന'മാണെന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദങ്ങൾക്കിടയായി.
കഴിഞ്ഞദിവസം വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ആലപ്പുഴയിലെ മർദനത്തിലെ പുനരന്വേഷണം. മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ സമരക്കാരെ മർദിച്ച സംഭവത്തിൽ എസ്‌ഐടി രൂപവത്കരിച്ച് അന്വേഷണം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന് നേരത്തെ കോടതിയും ഉത്തരവിട്ടിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.
Content Highlights: Formation of a specialized SIT led by SP A.P. Shoukathali., Mandate to submit investigation report within 15 days., Re-investigation of the assault on Youth Congress workers during the 2026 Navakerala Sadas., Court-ordered inquiry into the actions of the former Chief Minister's security detail.