അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല;ലിംഗനിർണയപരിശോധനയിൽ ആൺകുഞ്ഞെന്ന് തെളിഞ്ഞു

ആലപ്പുഴ: അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ല. ശ്വാസതടസ്സത്തെ തുടർന്ന് കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാക്കി. അവിടെ ചികിത്സയിലിരിക്കേ, കഴിഞ്ഞദിവസം വാർഡിലേക്കു മാറ്റിയെങ്കിലും വീണ്ടും ശ്വാസതടസ്സമുണ്ടാകുകയായിരുന്നു.
കുഞ്ഞിന്റെ ലിംഗനിർണയം സംബന്ധിച്ച പരിശോധനയിൽ ആൺകുട്ടിയെന്നു തെളിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആണോ പെണ്ണോ എന്നു തിരിച്ചറിയാനാകുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. ലിംഗമേതെന്നറിയാത്തതിനാൽ 40 ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനു പേരിട്ടിരുന്നില്ല.
ജനിതകവൈകല്യം കണ്ടെത്താൻ നേരത്തേ സാംപിളുകൾ ശേഖരിച്ചിരുന്നു. ഫലം ലഭിക്കാൻ ആറുമാസം കാത്തിരിക്കണം. അതുകൂടി കിട്ടിയാലേ ഏതുതരം ചികിത്സ തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. അത്രയുംകാലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കു ചികിത്സ നൽകും.
കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സാപ്പിഴവുമൂലമാണ് കുഞ്ഞിന് അസാധാരണ രൂപമുണ്ടായതെന്നാണ് വീട്ടുകാരുടെ പരാതി.
Content Highlights: Baby born with unusual features in Alappuzha is readmitted to the ICU due to breathing difficulties