‘രക്ഷാപ്രവർത്തകർ’ക്ക് കുരുക്ക് മുറുകുന്നു; കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും, ഉടൻ ചോദ്യം ചെയ്യാൻ SIT

ആലപ്പുഴ: മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഗുരുതര ചട്ടലംഘനമുണ്ടായതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി).
അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കാമെന്നും എസ്‌ഐടി കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത അഞ്ച് പ്രതികളെയും അടുത്ത ദിവസം എസ്‌ഐടി ചോദ്യം ചെയ്യും.
പ്രതികളായ ഉദ്യോഗസ്ഥർ വിഐപി സുരക്ഷാ മാനദണ്ഡങ്ങൾ അടങ്ങിയ യെല്ലോ ബുക്കിലെ നിർദേശങ്ങൾ ലംഘിച്ചുവെന്നും ഇത് മുഖ്യമന്ത്രിയുടെ സുരക്ഷയെത്തന്നെ ബാധിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ നിന്ന് അംഗരക്ഷകർ ഇറങ്ങിവന്ന് പ്രവർത്തകരെ മർദിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് എസ്‌ഐടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വിഐപി സുരക്ഷ സംബന്ധിച്ച 'യെല്ലോ ബുക്കിലെ' നിർദേശങ്ങളുടെയും സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകളുടെയും ലംഘനമാണിത്. ഉദ്യോഗസ്ഥർ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കാതെ മർദനത്തിന് മുതിർന്നത് മുഖ്യമന്ത്രിയുടെ സുരക്ഷ അപകടത്തിലാക്കുന്ന നടപടിയായിരുന്നു എന്നും എസ്‌ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സസ്‌പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥരെയും ഉടൻ തന്നെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വധശ്രമം ഉൾപ്പെടെയുള്ള കൂടുതൽ ഗുരുതരമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസിലെ പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എസ്‌ഐടി കോടതിയിൽ എതിർത്തു. മറ്റു പ്രതികളായ ഷൈജു, വിപിൻ, അരുൺ എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച ആലപ്പുഴ കോടതി പരിഗണിക്കും.
അതേസമയം കേസ് അട്ടിമറിക്കുന്നതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മർദനമേറ്റവർ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമീപിക്കാൻ ഒരുങ്ങുകയാണ്.
കേസിൽ പിണറായി വിജയന്റെ ഗൺമാനായിരുന്ന ഇൻസ്‌പെക്ടർ എസ്. അനിൽകുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്. സന്ദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം മേധാവി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
Content Highlights: SIT confirms violation of Yellow Book VIP security protocols by security personnel., Five officers suspended pending further investigation., SIT likely to add severe charges including attempted murder., Anticipatory bail pleas of accused officers to be heard in Alappuzha court.