ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; തോമസ് കെ. തോമസ് പകരം പദവിയിലേക്കെന്ന് സൂചന

#സ്വന്തം ലേഖകൻ
എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ്| Photo: Mathrubhumi
എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ്| Photo: Mathrubhumi

കൊച്ചി: മന്ത്രി എ.​കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പിയിൽ ധാരണയായതായി സൂചന. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകുമെന്നുമാണ് വിവരം. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം. കേന്ദ്രനേതൃത്വത്തിൻ‌റെ നിലപാട് വ്യക്തമായാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണു സൂചനകൾ.

പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായി എൻ.സി.പി. വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. ദേശീയ നേതൃത്വത്തെ വിവരമറിയിച്ചതായും അ‌ന്തിമ തീരുമാനത്തിന് കാക്കുകയാണെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.

അതേസമയം, വിഷയത്തിൽ ഔദ്യോ​ഗികമായി ഒരു അറിയിപ്പും ദേശീയ അധ്യക്ഷനോ സംസ്ഥാന അധ്യക്ഷനോ നൽകിയിട്ടില്ലെന്ന് തോമസ് കെ. തോമസ് മാതൃഭൂമിയോട് പറഞ്ഞു. പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്. എന്നാൽ, ഔദ്യോ​ഗികമായി വിവരം ലഭിക്കാത്തപക്ഷം പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എൻ.സി.പി.യിലെ രണ്ട് എം.എൽ.എ.മാരും രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻ.സി.പി. സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ തോമസ് കെ തോമസ് അസംതൃപ്തനായിരുന്നു. 

തദ്ദേശതിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിൽ വഴക്കുമായി മുന്നോട്ടുപോകാനാകില്ലെന്ന ചിന്തയിലാണ് മന്ത്രിമാറ്റത്തിന് പി.സി. ചാക്കോ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. 

Content Highlights: AK Saseendran may vacate the ministry, Thomas K Thomas will be minister instead says ncp