നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാനും നിർമിതബുദ്ധി; പദ്ധതികളുമായി സംസ്ഥാന സർക്കാർ

ആലപ്പുഴ: നഷ്ടത്തിലായ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ രക്ഷയ്ക്കായി നിർമിതബുദ്ധി അധിഷ്ഠിത പദ്ധതികളുമായി സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ നിർമിതബുദ്ധിയുടെ സഹായത്തോടെ കെൽട്രോൺ മുഖേന ഇ-കൊമേഴ്സ് സംവിധാനം നടപ്പാക്കുകയാണ്. കെ-ഷോപ്പി പോലുള്ള കേന്ദ്രീകൃത ഇ-കൊമേഴ്സ് മാർക്കറ്റിങ് സംവിധാനം നൂതനമാക്കുകയാണ് ആദ്യം ചെയ്യുന്നത്.
വിഭവശേഷിയുടെ ഉയർന്ന വിനിയോഗം, ഉത്പാദനച്ചെലവു നിയന്ത്രണം, ഇന്ത്യക്കകത്തും പുറത്തും വിപണി വിപുലീകരണം എന്നിവ ഇതിലൂടെ സാധ്യമാകും. സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമാകും. ഉദ്യോഗസ്ഥമേഖലയും എ.ഐ. അധിഷ്ഠിതമാക്കും. അതിനായി മാനേജിങ് ഡയറക്ടർമാർ, ചീഫ് എക്സിക്യുട്ടീവുമാർ, മിഡിൽ ലെവൽ ഓഫീസർമാർ എന്നിവർക്കു പ്രത്യേക പരിശീലനം നൽകും. മാർക്കറ്റിങ്, മാനവവിഭവശേഷി വികസനം, സോഫ്റ്റ് സ്കിൽ വികസനം എന്നിവയിലാണു പരിശീലനം.
ജീവനക്കാരുടെ ശമ്പളത്തിലും മാറ്റം വരും. പരിഷ്കരണസമിതിയുടെ ശുപാർശപ്രകാരം പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിൽ ഏകീകൃത ശന്പളപരിഷ്കരണം നടപ്പാക്കുന്നതു പരിഗണിക്കും. ഏഴു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കു നൽകി വ്യവസായസ്ഥാപനങ്ങളെ ഡയമണ്ട്, ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ നാലായി ബ്രാൻഡു ചെയ്യും. സ്ഥാപനങ്ങളിൽ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും റാങ്ക് പുനഃക്രമീകരിക്കുകയും ചെയ്യും. 48 സ്ഥാപനങ്ങളെ ഇതിനകം വർഗീകരിച്ചിട്ടുണ്ട്.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ നേതൃത്വത്തിൽ മെച്ചപ്പെടുത്തുന്നതിനുള്ള പഠനവും തുടങ്ങിയിട്ടുണ്ട്. നഷ്ടത്തിലായ മറ്റൊരു സ്ഥാപനം പുനഃസംഘടിപ്പിക്കാനുള്ള പഠനം തുടങ്ങിയതായും വ്യവസായവകുപ്പ് അധികൃതർ പറഞ്ഞു.
Content Highlights: The Kerala government is rolling out AI-driven programs and an upgraded Keltron e-commerce platform to help loss-making public sector undertakings control costs, expand markets, and introduce uniform salary structures.