‘സുഖമായിരിക്കുന്നോ ?', മാനത്ത് ‘അമ്പിളി’; കൺകുളിർക്കെ കണ്ട് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ ജ​ഗതി ശ്രീകുമാറുമായി സൗഹൃദം പങ്കിടുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ ജ​ഗതി ശ്രീകുമാറുമായി സൗഹൃദം പങ്കിടുന്നു

തിരുവനന്തപുരം: ‘‘പ്രിയ യാത്രക്കാരേ 6-ഇ 7256 വിമാനത്തിലേക്ക് സ്വാഗതം. യാത്രയിൽ നമുക്കൊപ്പം ഒരു വിശിഷ്ടാതിഥിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ. ഏവർക്കും ശുഭയാത്ര’’-കാബിൻ ക്രൂവിന്റെ അറിയിപ്പോടെ ഇൻഡിഗോ പറന്നുപൊങ്ങിയപ്പോൾ അതേ വിമാനത്തിനുള്ളിൽ മറ്റൊരു സ്പെഷ്യൽ അതിഥികൂടിയുണ്ടായിയിരുന്നു; സീറ്റ് നമ്പർ19-സിയിൽ മലയാളത്തിന്റെ പ്രിയനടൻ ജഗതി ശ്രീകുമാർ. ജഗതി പിൻസീറ്റിൽ ഉണ്ടെന്നറിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ കാണാൻ തിടുക്കം. അങ്ങനെ ആകാശത്തുവെച്ച് ഇരു ‘താരങ്ങളും’ സൗഹൃദം പങ്കിട്ടു.

മുഖ്യമന്ത്രി സ്നേഹത്തോടെ കൈപിടിച്ച് ‘സുഖമായിരിക്കുന്നോ’ എന്ന് ചോദിച്ചപ്പോൾ ചിരിയോടെ ജഗതി തലയാട്ടി. ഒപ്പമുള്ള മകൻ രാജ്കുമാറിനോട് പിതാവിന്റെ ആരോഗ്യവിവരവും മുഖ്യമന്ത്രി ആരാഞ്ഞു. അല്പനേരംകൂടി കൈപിടിച്ച് സ്നേഹംപങ്കിട്ട് മുഖ്യമന്ത്രി യാത്രപറഞ്ഞു.

പിന്നീട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു: ‘ഇന്ന് യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരം അന്വേഷിച്ചു’.

പതിമ്മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ‘അമ്മ’യുടെ ജനറൽബോഡി യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിക്ക് പോകുകയായിരുന്നു ജഗതി. മുഖ്യമന്ത്രിയും കൊച്ചിക്കായിരുന്നു. 2012 മാർച്ച് പത്തിന് വാഹനാപകടത്തിൽപ്പെട്ടതിനുശേഷം അഭിനയത്തിനോട് വിടപറഞ്ഞ ജഗതി, പിന്നീടാദ്യമായാണ് ‘അമ്മ’ യോഗത്തിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞദിവസം നടനും അമ്മ ഭാരവാഹിയുമായ ബാബുരാജ്, രാജ് കുമാറിനെ വിളിച്ചാണ് യോഗവിവരം അറിയിച്ചത്. സഹപ്രവർത്തകരെ ഒരുമിച്ചുകാണാൻ അച്ഛന് ആഗ്രഹമുള്ളതുകൊണ്ടാണ് പോകാൻതീരുമാനിച്ചതെന്ന് രാജ്കുമാർ പറഞ്ഞു.

Content Highlights: Kerala CM Meets Beloved Actor Jagathy Sreekumar on Indigo Flight