വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍പന്നിപ്പനി; 148 പന്നികളെ കൊല്ലും

മാനന്തവാടി: വയനാട് ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. എടവക എള്ളുമന്ദത്തെ പിണക്കല്‍ പി.ബി. നാഷിന്റെ ഫാമിലെ പന്നികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 പന്നികള്‍ ആഫ്രിക്കന്‍ പന്നിപ്പനിമൂലം ചത്തു.
കഴിഞ്ഞ വെള്ളിയാഴ്ചമുതലാണ് ഫാമിലെ പന്നികള്‍ ചത്തുതുടങ്ങിയത്. സാംപിളുകള്‍ ശേഖരിച്ച് ബെംഗളൂരുവിലെ സതേണ്‍ റീജണല്‍ ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫാമില്‍ അവശേഷിക്കുന്ന 23 പന്നികളെയും ഫാമിന്റെ ഒരുകിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെയും ഇലക്ട്രിക് സ്റ്റണ്ണര്‍ ഉപയോഗിച്ചുള്ള (ഹ്യുമേന്‍ കള്ളിങ്) സംവിധാനത്തോടെ കൊന്നൊടുക്കും.
രോഗം സ്ഥിരീകരിച്ച ഫാമിലും ഫാമിന്റെ ഒരുകിലോമീറ്റര്‍ പരിധിയിലെ മൂന്നുഫാമുകളിലും ഉള്‍പ്പെടെ 148 പന്നികളെ കൊന്നൊടുക്കേണ്ടിവരുമെന്ന് എടവക വെറ്ററിനറി സര്‍ജന്‍ ഡോ. സീലിയ ലൂയിസ് പറഞ്ഞു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ കെ.എസ്. സുനില്‍, വെറ്ററിനറി സര്‍ജന്‍മാരായ ഡോ. വി. ജയേഷ്, ഡോ. ഫൈസല്‍ യൂസഫ്, ഫീല്‍ഡ് അസിസ്റ്റന്റ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന 12 അംഗ ആര്‍.ആര്‍.ടി. സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. വെള്ളിയാഴ്ച എടവക മൃഗാശുപത്രിയില്‍ വെറ്ററിനറി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.
തവിഞ്ഞാല്‍ കരിമാനി കൊളങ്ങോടിലെ മുല്ലപ്പറമ്പില്‍ എം.വി. വിന്‍സെന്റിന്റെ ഫാമിലാണ് കഴിഞ്ഞ ജൂലായില്‍ സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെ 350 പന്നികളെയാണ് കൊന്നത്. മാനന്തവാടി കണിയാരം വലിയകണ്ടിക്കുന്നിലെ കൊളവയല്‍ ജിനി ഷാജിയുടെ 43 പന്നികള്‍ ചത്തത് പന്നിപ്പനിയെത്തുടര്‍ന്നാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഈ ഫാമിന് സമീപത്തായുള്ള 95 പന്നികളെയും പിന്നീട് കൊന്നു.
വിബീഷ് പുത്തന്‍പുരയുടെ ഫാമിലെ 29 പന്നികളെയും മൂത്താശ്ശേരി ഷാജിയുടെ ഫാമിലെ 31പന്നികളെയും വെളിയത്ത് കുര്യാക്കോസിന്റെ ഫാമിലെ 35 പന്നികളെയുമാണ് ഇതിനെത്തുടര്‍ന്ന് കൊന്നൊടുക്കിയത്. നെന്മേനിയിലാണ് പിന്നീട് പന്നിപ്പനി സ്ഥിരീകരിച്ചത്. 233 പന്നികളെ ഇവിടെ കൊന്നൊടുക്കി. ബിജു മുച്ചിലോട്ടിന്റെ 212 പന്നികളെയും കുര്യന്‍ കാരിക്കുളത്തിലിന്റെ 14 പന്നികളെയും പീതാംബരന്‍ അരീക്കാട്ടിലിന്റെ ഏഴുപന്നികളെയുമാണ് കൊന്നൊടുക്കിയത്. പൂതാടി ഗ്രാമപ്പഞ്ചായത്തിലെ കല്ലോണിക്കുന്ന് താന്നിക്കല്‍ തോമസിന്റെ ഫാമിലാണ് ജില്ലയില്‍ അവസാനമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവിടെ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഒരുമാസത്തിനിടെ ഈ ഫാമിലെ 70 പന്നികള്‍ ചത്തു. തുടര്‍ന്ന് തോമസിന്റെ ഫാമില്‍ ശേഷിക്കുന്ന 52 പന്നികളെയും സമീപത്തെ കേളക്കേരി ഗിരീഷിന്റെ എട്ടുപന്നികളെയും കൊന്നൊടുക്കി. 2019-ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 9147 പന്നികളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. എന്നാല്‍ അഞ്ഞൂറോളം കര്‍ഷകര്‍ 20000 പന്നികളെ വളര്‍ത്തുന്നതായാണ് അനൗദ്യോഗിക കണക്ക്.
Content Highlights: african swine flu, wayanad