നിയമപോരാട്ടവുമായി മുന്നോട്ടുപോകും, ജോ.കമ്മിഷണറുടെ റിപ്പോർട്ട് സത്യസന്ധം- നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: എ.ഡി.എം. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഭാര്യ മഞ്ജുഷ. നവീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്നത് കുടുംബാംഗങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെന്നും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടോടെ അതിന് ഒരു തെളിവായെന്നും മഞ്ജുഷ പറഞ്ഞു. സത്യസന്ധമായ റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. നിയമപോരാട്ടവുമായി മുന്നോട്ടുപോകും. സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രശാന്തന്‍ എന്നയാളുമായി ബന്ധപ്പെട്ട പരാതിയാണ് ഈ വിഷയങ്ങള്‍ക്ക് ആധാരം. എന്നാല്‍, പ്രശാന്തന്‍ ഇപ്പോള്‍ ചിത്രത്തിലില്ല. അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല. കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി പ്രശാന്തനാണ്. എന്നിട്ടും പ്രശാന്തനെ കേസില്‍ ഉള്‍പ്പെടുത്തുകയോ പോലീസ് അന്വേഷിക്കുകയോ ചെയ്യുന്നില്ലെന്നും മഞ്ജുഷ ആരോപിച്ചു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയെ കുറിച്ച് പറയുന്നുണ്ട്, മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ മൊഴികളുണ്ട്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍.
പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
യാത്രയയപ്പ് ആദ്യം തീരുമാനിച്ചത് ഒക്ടോബര്‍ മാസം 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മുമ്പാകെ മൊഴിനല്‍കി. പി.പി. ദിവ്യയെ സെന്റ് ഓഫിന് ക്ഷണിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കുന്നതില്‍ നവീന്‍ ബാബുവിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടില്ലെന്നും എ. ഗീതയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: adm naveen babu wife manjusha on land revenue joint commissioner report