പത്തനംതിട്ട പാർട്ടി ഘടകത്തിന് കടുത്ത പ്രതിഷേധം, അനുഭാവിഗ്രൂപ്പുകളിലും വിമർശനം; മുഖം രക്ഷിക്കാൻ രാജി?

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയതോടെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ രാജിക്ക് സമ്മർദമേറുന്നു. പ്രതിപക്ഷം എ.ഡി.എമ്മിന്റെ ആത്മഹത്യ സർക്കാരിനെതിരേ ഉപയോഗിക്കുന്നതോടൊപ്പംതന്നെ സി.പി.എമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന നവീൻബാബുവിന്റെ ആത്മഹത്യയിൽ അദ്ദേഹത്തിന്റെ സ്വദേശമായ പത്തനംതിട്ടയിലെ പാർട്ടിഘടകത്തിനും കടുത്ത പ്രതിഷേധമുണ്ട്.
പരസ്യപ്രതികരണങ്ങളും അവിടന്നുണ്ടായി. സി.പി.എം. അനുകൂല സർവീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സഹയാത്രികൻകൂടിയാണ് നവീൻബാബു. ജില്ലയിലെ മുതിർന്ന നേതാക്കൾ കൂടിയാലോചന നടത്തിയശേഷമാണ് അടിയന്തരമായി സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ദിവ്യയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് വിലയിരുത്തി പത്രക്കുറിപ്പിറക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ലെങ്കിലും മുഖം രക്ഷിക്കാൻ മറ്റു മാർഗമില്ലെന്ന വിലയിരുത്തലും നേതാക്കൾക്കുണ്ട്. ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജി ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സാമൂഹികമാധ്യമങ്ങളിൽ ദിവ്യക്കെതിരേ പാർട്ടി അനുഭാവിഗ്രൂപ്പുകളിലും മറ്റും വലിയ വിമർശനമുയരുന്നുണ്ട്.
സ്ഥലംമാറ്റം സ്വന്തംസംഘടന തടഞ്ഞെന്ന് വാട്സാപ്പ് സന്ദേശം
പത്തനംതിട്ട: സി.പി.ഐ.ക്കാർ പത്തനംതിട്ട എ.ഡി.എം. ആക്കാൻ തയ്യാറായെന്നും എന്നാൽ, സ്വന്തം സംഘടന താനറിയാതെ ഇടപെട്ട് സ്ഥലംമാറ്റത്തിന് എതിരുനിന്നെന്നും നവീൻ ബാബുവിന്റെ വാട്സാപ്പ് സന്ദേശം പുറത്ത്. കണ്ണൂരിൽ ജോലിചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ലെന്നുപറഞ്ഞ് ഓഗസ്റ്റ് 11-നാണ് നവീൻ ബാബു സുഹൃത്ത് ഹരിഗോപാലിന് സന്ദേശമയച്ചത്.
‘സ്ഥലംമാറ്റം തടയാൻ സംഘടന മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന റവന്യുമന്ത്രിയെ സമീപിച്ചു. കണ്ണൂർ എ.ഡി.എം. നന്നായി ജോലിചെയ്യുന്നുണ്ടെന്നും മാറ്റരുതെന്നുമാണ് മന്ത്രിയോട് സംഘടന പറഞ്ഞത്. ഇതറിഞ്ഞ് ഇനി കണ്ണൂരിലേക്ക് വരുന്നില്ലെന്നുപറഞ്ഞ് മൂന്നുമാസത്തേക്ക് അവധി എഴുതിക്കൊടുത്തു. ഇത് കളക്ടർ ശുപാർശചെയ്ത് അയച്ചു. സർക്കാരിൽ ചെന്നപ്പോൾ പാസാക്കാമെന്നും പറഞ്ഞു. പക്ഷേ, മൂന്നുദിവസം കഴിഞ്ഞായിരുന്നു ചൂരൽമല-മുണ്ടക്കൈ ദുരന്തം. അതിനാൽ അവധി കിട്ടിയില്ല. ഒരാഴ്ച വയനാട്ടിൽനിന്ന് വീണ്ടും കണ്ണൂരിൽ തിരിച്ചെത്തി’യെന്നും സന്ദേശത്തിൽ പറയുന്നു. കെ.ജി.ഒ.എ. അംഗമാണ് നവീൻബാബു.
സ്ഥലംമാറ്റം തടഞ്ഞിട്ടില്ലെന്ന് കെ.ജി.ഒ.എ.
തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉടൻ അന്വേഷണനടപടികൾ പൂർത്തിയാക്കണമെന്ന് കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയറ്റ്. അസോസിയേഷൻ അംഗമായ നവീൻ ബാബു മാതൃകാപരമായും കാര്യക്ഷമവുമായാണ് ദീർഘകാലമായി സേവനംനടത്തിവരുന്നത്. അദ്ദേഹത്തിന്റെ മാതൃജില്ലയിലേക്കുള്ള സ്ഥലംമാറ്റം കെ.ജി.ഒ.എ. തടഞ്ഞെന്ന വാർത്ത തെറ്റാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ അന്വേഷണം നടത്തണം. ജനപ്രതിനിധികൾ അടക്കമുള്ളവർ പരസ്യമായ കുറ്റവിചാരണയിലേക്കും വിധിനിർണയത്തിലേക്കും പോകുന്നത് അനുചിതവും പ്രതിഷേധാർഹവുമാണെന്നും ജനറൽ സെക്രട്ടറി എം. ഷാജഹാൻ വ്യക്തമാക്കി.
Content Highlights: adm naveen babu death, Pathanamthitta party unit protests