നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ; നടപടി കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം, നവീൻ ബാബു | Photo: Mathrubhumi
പ്രതീകാത്മക ചിത്രം, നവീൻ ബാബു | Photo: Mathrubhumi

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി.

നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും സംഭവത്തിന് പിന്നിൽ ദുരൂഹത സംശയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്. പുതിയ സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന ആദ്യ കേസാണിത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിബിഐക്ക് നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശുപാർശ ഈ ഘട്ടത്തിൽ അനിവാര്യമാണ്. കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഈ ശുപാർശ ലഭിക്കുന്നതോടെ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സിബിഐ അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞദിവസം നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആശങ്കകൾ അറിയിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേസ് സിബിഐക്ക് വിടുമെന്ന് അന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു. സർക്കാരിന്റെ നടപടി ആശ്വാസകരമാണെന്നും സിബിഐ അന്വേഷണത്തിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. നിലവിൽ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം.

Content Highlights: Kerala government approves CBI probe into ADM Naveen Babu's death., Decision made in response to persistent demands from the family., Investigation transferred to ensure a transparent and independent inquiry.