മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെൻഷൻ; അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | UNI
പ്രതീകാത്മകചിത്രം | UNI

അടിമാലി: ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ സാമൂഹിക സുരക്ഷാപെൻഷൻ മരിച്ചവരുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തി. 2025 ജനുവരി 16 മുതൽ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. മൂന്നുലക്ഷം രൂപയോളം ഇങ്ങനെ സർക്കാരിന് നഷ്ടമായി.

2024-25 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2025 നവംബർ 17 മുതൽ 22വരെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മരിച്ചശേഷം 10 മുതൽ 12 മാസംവരെ പണംബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. 2025 നവംബർ വരെ ഇതു തുടർന്നു.

കർഷക,വാർദ്ധക്യകാല പെൻഷൻ തുകയാണ് അനധികൃതമായി നൽകിയത്. 2020-ലെ സർക്കാർ ഉത്തരവുപ്രകാരം മരിച്ച ഗുണഭോക്താവിന്റെ പെൻഷൻ വിതരണം ആമാസംതന്നെ പെൻഷൻ ഡേറ്റാ ബേസിൽനിന്ന് നീക്കംചെയ്യണം. ഇവിടെ അത് ഉണ്ടായില്ല. ഗുണഭോക്താവ് മരിച്ചശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് കൈപ്പറ്റിയിട്ടുള്ള തുക അനന്തരാവകാശികളിൽനിന്ന് തിരിച്ചുപിടിക്കാൻ പഞ്ചായത്ത് സെക്രട്ടറി ബാധ്യസ്ഥരാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മുൻ ഭരണസമിതിയുടെ കാലത്താണ് സംഭവം.

Content Highlights: Audit revealed pension funds sent to 16 deceased persons' accounts in Adimali Panchayat., Around 3 lakh rupees of government funds were lost., Irregularities occurred between January 2025 and November 2025., Panchayat secretary is liable to recover the amount from legal heirs.