'ആ ഉമ്മാടെ നിലവിളി വല്ലാതുലച്ചു'; ജയിൽമോചനത്തിനായി കെട്ടുതാലിയും കുരിശും നൽകിയ സോഫിയെ കാണാൻ റഹിം

ഓച്ചിറ : സൗദി അറേബ്യയിലെ ജയിൽവാസത്തിനുശേഷം കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം നാട്ടിലേക്ക് മടങ്ങുമ്പോൾ ഓച്ചിറയിലും സന്തോഷത്തിന്റെ അലയൊലികളുയരുന്നു. റഹീമിന്റെ മോചനത്തിനുള്ള ദയാധനത്തിനു കരുത്തേകാൻ താലിമാല ഊരിനൽകിയ ഒരാൾ ഇവിടെയുണ്ട്…
‘റഹീമിന്റെ ഉമ്മ ഫാത്തിമയുടെ നിലവിളി എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. മറ്റൊന്നും എന്റെ കൈയിൽ നൽകാനുണ്ടായിരുന്നില്ല, കെട്ടുതാലിയും കുരിശും ഏൽപ്പിച്ചു’-നിർവൃതിയോടെയാണ് ഓച്ചിറ ആലുംപീടിക പടന്നക്കുന്നേൽ സോഫി ബെന്നി അക്കാര്യം ഓർക്കുന്നത്.
രണ്ടുവർഷംമുൻപാണ് സംഭവം. സൗദി പൗരൻ മരിച്ച സംഭവത്തിൽ ജയിലിലായ കോഴിക്കോട് കോടമ്പുഴ സീനത്ത് മൻസിലിൽ അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നീക്കങ്ങൾ നടക്കുന്ന സമയം. ധനസമാഹരണത്തിനുള്ള സന്നദ്ധയാത്ര എറണാകുളം ടൗൺഹാളിൽ എത്തിയ സമയം. അന്ന് എറണാകുളത്ത് ബ്യൂട്ടീഷ്യനായി ജോലിനോക്കുകയായിരുന്നു സോഫി. ടൗൺഹാളിൽ എത്തിയവർ കഴിയുന്ന സഹായം കൈമാറുന്നത് അവർ കണ്ടു. പണമായി നൽകാൻ സോഫിയുടെ കൈയിലൊന്നും ഉണ്ടായിരുന്നില്ല. ഉടൻ ഭർത്താവ് ബെന്നിയെ വിളിച്ച് കാര്യം പറഞ്ഞു. സമ്മതം ലഭിച്ചതോടെ കഴുത്തിൽക്കിടന്ന കെട്ടുതാലിയും കുരിശും സംഘാടകനായ ബോബി ചെമ്മണ്ണൂരിന് കൈമാറി.
ദയാധനം നൽകി ജയിൽമോചിതനായി, കഴിഞ്ഞ ബക്രീദിന് നാട്ടിലെത്തിയ ദിവസംതന്നെ റഹിം ഫോൺ നമ്പർ സംഘടിപ്പിച്ച് സോഫിയെ വിളിച്ചു നന്ദി അറിയിച്ചു. ഉടൻതന്നെ നേരിട്ട് കാണാമെന്നു പറഞ്ഞു. റഹീമിനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് സോഫിയുടെ കുടുംബം.
Content Highlights: Sophie Benny donated her wedding chain and cross to support Abdul Rahim's release fund., The donation was made during a fundraising event in Ernakulam two years ago., Abdul Rahim was released from Saudi prison after the blood money was paid.,