‘എല്ലാപ്രതീക്ഷയും നഷ്ടമായിരുന്നു; ഫോട്ടോയും ഫിംഗർ പ്രിന്റുംവരെ എടുത്തു, അവസാന നിമിഷം ഭാഗ്യം തുണച്ചു’

#കെ.പി. നിജീഷ് കുമാര്‍
അബ്ദുള്‍ റഹീം | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍
അബ്ദുള്‍ റഹീം | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

20 വർഷത്തോളം സൗദിയിലെ ജയിലിൽ കഴിഞ്ഞ് വധശിക്ഷയെ കൺമുന്നിൽ കണ്ടതാണ് കോഴിക്കോട് കോടാമ്പുഴയിലെ അബ്ദുൾ റഹീം. പക്ഷെ, ലോകമലയാളികൾ റഹീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. 48 കോടിയോളം രൂപ ബ്ലഡ്മണി കൊടുക്കുന്നതിനായി അവർ ജാതിയും മതവും മറന്ന് സമാഹരിച്ചു. ഒടുവിൽ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ പെരുന്നാളാഘോഷിക്കാൻ റഹീം കോടാമ്പുഴയിലെ വീട്ടിലെത്തുകയും ചെയ്തു. അബ്ദുൾ റഹീം മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

20 വർഷത്തെ ജയിൽ ജീവിതമായിരുന്നു, രക്ഷപ്പെടുമെന്നുള്ള ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷ ഉണ്ടായിരുന്നോ?

തുടക്കത്തിലെല്ലാം പ്രതീക്ഷ തീരെ കുറവായിരുന്നു. അവസാന ഘട്ടത്തിലാണ് ചെറിയൊരു പ്രതീക്ഷ കിട്ടിയത്. അതിനുവേണ്ടി എല്ലാ സഹകരണവും ചെയ്ത ഇന്ത്യൻ എംബസിയോടും ബോബി ചെമ്മണ്ണൂരിനോടും നിയമസഹായ കമ്മിറ്റികളോടും മറ്റ് ജനങ്ങളോടും ആദ്യംതന്നെ നന്ദി പറയുകയാണ്. അവസാന ഘട്ടത്തിന് മുമ്പ് നാട് എന്നത് സ്വപ്‌നം മാത്രമായിരുന്നു. പക്ഷെ, ഇപ്പോൾ ആ സ്വപ്‌നം യാഥാർഥ്യമായി.

24-ാമത്തെ വയസ്സിലെ ആദ്യത്തെ ഗൾഫ് യാത്ര, പിന്നെ എന്താണ് ശരിക്കും സംഭവിച്ചത്?

ഇവിടെ സ്‌കൂൾ വണ്ടിയിലെ ഡ്രൈവറായിരുന്നു പോകുന്ന സമയത്ത്. എല്ലാവരെയും പോലെ വലിയ പ്രതീക്ഷയോടെയാണ് 2006-ൽ സൗദിയിലേക്ക് പോയത്. പക്ഷെ പതിനെട്ട് ദിവസം മാത്രമേ ഗൾഫ് കാണാനായൂള്ളൂ. പിന്നീട് ജയിലിലായിരുന്നു.

ഹൗസ് ഡ്രൈവർ വിസയായിരുന്നു. കേസിന് കാരണമായ സംഭവം നടക്കുമ്പോൾ ഞാൻ വണ്ടിയോടിക്കുകയായിരുന്നു. അന്ന് സ്‌പോൺസറുടെ മകൻ അനസാണ് തൊട്ടടുത്ത് ഉണ്ടായത്. എനിക്കും അനസിനും ഏകദേശം ഒരേ പ്രായമായിരുന്നു. പക്ഷെ, നേരത്തെ ഒരു വാഹനാപകടത്തിൽ അനസിന്റെ ശരീരം തളർന്നിരുന്നു. അവനാണ് മരണപ്പെട്ടത്.

വണ്ടി സിഗ്നലിൽ എത്തിയശേഷം എന്നോട് സിഗ്നൽ ലംഘിച്ച് പോകാൻ പറഞ്ഞു. പക്ഷെ, ഞാൻ പോയില്ല. അതിന്റെ ദേഷ്യത്തിൽ അനസ് എനിക്ക് നേരെ തുപ്പി. ഇത് കൈകൊണ്ട് തടയാൻ ശ്രമിച്ചു. അതിനിടെ അബദ്ധത്തിൽ കൈ കഴുത്തിന് കൊള്ളുകയും ചെയ്തു ഓപ്പറേഷൻ ചെയ്ത കഴുത്തായിരുന്നു അത്. കൈ അവിടെ കൊണ്ടതോടെ മരണം സംഭവിക്കുകയും ചെയ്തു.

അബദ്ധത്തിൽ സംഭവിച്ചതാണ് എന്ന് പിന്നീട് ആരോടെങ്കിലും പറയാൻ പറ്റിയിരുന്നോ?

മരണപ്പെട്ട ശേഷം അവനെ ആശുപത്രിയിലേക്കും എന്നെ ജയിലിലോട്ടും കൊണ്ടുപോയി. പിന്നെ കോടതിയിൽ ട്രാൻസ്ലേറ്റർ മുഖേനയാണ് വാദങ്ങളെല്ലാം നടന്നത്. എനിക്ക് ഭാഷ അറിയുമായിരുന്നില്ല. പക്ഷെ, വധശിക്ഷ വിധിക്കുകയായിരുന്നു. മരണത്തിന് തുല്യ നീതി വേണം എന്നായിരുന്നു മരണപ്പെട്ട കുടുംബം അവശ്യപ്പെട്ടത്. നിയമം അവർക്ക് അനുകൂലമാവുകയും ചെയ്തു. പിന്നീട് ഏറെ കഴിഞ്ഞാണ് രക്ഷപ്പെടാനുള്ള വഴിയൊരുങ്ങിയത്.

48 കോടിയോളം രൂപയാണ് ബ്ലഡ് മണി പറഞ്ഞത്. ഇത്രയും വലിയ ഒരു തുക പിരിഞ്ഞു കിട്ടുമെന്ന് ഏതെങ്കിലും തരത്തിൽ പ്രതീക്ഷിച്ചിരുന്നോ?

ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇവിടെ എങ്ങനെയാണ് അത് പിരിച്ചതെന്നും ജനങ്ങൾ എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത് എന്നൊന്നും അറിഞ്ഞിരുന്നില്ല. കാരണം, മൊബൈൽ ഫോണൊന്നും ഉണ്ടായിരുന്നില്ല. ജയിലിൽ വല്ലപ്പോഴും ഔട്ട് ഗോയിങ് കോൾ വിളിക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. നാല് നമ്പറിലേക്ക് വിളിക്കാം 15 മിനിറ്റ് സമയം തരും. ആ വിളികളിലാണ് വിവരങ്ങൾ അറിഞ്ഞിരുന്നത്. എംബസിക്കാർ ബന്ധപ്പെടുമ്പോഴാണ് പിരിക്കുന്ന കാര്യങ്ങളൊക്കെ ചെറുതായി അറിയാൻ തുടങ്ങിയത്. മൊത്തം മടുത്ത് കുറെക്കാലം വീട്ടിലേക്കുതന്നെ വിളിച്ചിരുന്നില്ല.

20 കൊല്ലം എന്ന് പറയുന്നത് വലിയ ഒരു കാലയളവാണ്. ഇക്കാലത്തിനിടയ്ക്ക് എന്തെങ്കിലും ജോലികളൊക്കെ ജയിലിൽനിന്ന് ചെയ്യാൻ സാധിച്ചിരുന്നോ?

ഇവിടുത്തെ പോലെ ജോലിയൊന്നും ചെയ്തിരുന്നില്ല. ഭക്ഷണം കഴിക്കുക, ഇരിക്കുക, കിടക്കുക, ഉറങ്ങുക ഇത്രമാത്രം. പുറത്തുനിന്ന് സുഹൃത്തുക്കളും മറ്റുള്ളവരും ഫോൺ ചെയ്യാനുള്ള കാർഡ് വാങ്ങിച്ച് എന്റെ പേരിൽ റീച്ചർജ് ചെയ്ത് തരും. ആ കാർഡ് വെച്ചിട്ടാണ് വീട്ടിലൊക്കെ വിളിക്കുക. പിന്നെ അവസാന സമയത്ത് നിയമസഹായ കമ്മിറ്റികളും ഒരുപാട് സഹായിച്ചിട്ടുണ്ട്.

ജയിലിൽനിന്നും പരിചയപ്പെടുന്ന ആളുകൾ പുറത്തുപോകുമ്പോവും ഒരുപാട് സഹായങ്ങൾ ചെയ്ത് തരും. പിന്നെ നേരിൽ കാണാത്ത ഒരുപാട് ആൾക്കാർ, വേറെ വേറെ ജില്ലക്കാരും ദേശക്കാരും ജയിലിൽ വന്ന് പുറത്തിറങ്ങുമ്പോൾ സഹായം ചെയ്ത് തരും. കാരണം അതിനുള്ളിലെ അവസ്ഥ അത്രമാത്രമായിരുന്നു. മലയാളികൾ തന്നെ ആറ് മാസം ഒരു വർഷം വരെയൊക്കെ ജയിലിൽ കഴിഞ്ഞവരുണ്ട്. അവര് പുറത്തിറങ്ങുമ്പോഴും ആവശ്യമുള്ള സഹായം ചെയ്തു.

പുറത്തിറങ്ങാൻ പറ്റില്ല. പുറത്തിറങ്ങുന്ന സമയത്തും കയ്യിലും കാലിലും വിലങ്ങ് വെക്കും. അത് കഴിഞ്ഞാൽ അകത്ത് ഫ്രീ ആണ്. ആർക്കും പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. എല്ലാ കേസിൽ പെട്ടവർക്കും ഒരേ പോലെയാണ് കാര്യങ്ങൾ. ഒരേ യൂണിഫോം ഒരേ ഭക്ഷണം.

കൂടെയുള്ള ആളുകൾക്കൊക്കെ വധശിക്ഷയൊക്കെ നടപ്പാക്കിയിട്ടുണ്ടാവുമല്ലോ. താങ്കൾ അവിടെ ഉള്ള സമയത്ത് അതൊക്കെ അറിയുന്നുണ്ടായിരുന്നോ?

ചിലരെ കൊണ്ടുപോകുന്നത് അറിയാൻ പറ്റും. വധശിക്ഷയ്ക്ക് കൊണ്ടുപോകും മുമ്പ് അതിന്റെ പേപ്പർ വർക്കുകൾ എല്ലാം ശരിയാക്കും. ഫോട്ടോസും ഫിംഗർ പ്രിന്റും എടുക്കും. അതിന് ശേഷം ഏത് ദിവസവും ഏത് നിമിഷവും സംഭവിക്കാം. എന്റെ കാര്യത്തിൽ തന്നെ എല്ലാം റെഡിയായതായിരുന്നു. ഫോട്ടോ എടുക്കലും ഫിംഗർ പ്രിന്റ് എടുക്കലും എല്ലാം കഴിഞ്ഞു നിൽക്കുകയായിരുന്നു. അവസാന നിമിഷത്തിലാണ് ഭാഗ്യം തുണച്ചത്.

കുറെ കാലം ജയിലിൽ കിടന്നപ്പോൾ ഇനി രക്ഷപ്പെടില്ല എന്നുള്ള ഒരു തോന്നൽ വന്നിട്ടുണ്ടായിരുന്നോ, മനസ്സിനെ പാകപ്പെടുത്തിയോ?

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. പിന്നെ വരുന്നത് വരട്ടെ എന്ന നിലപാടിലായിരുന്നു. കുറെ കാലം വീട്ടിലോട്ടും വിളിച്ചില്ല, ആരെയും വിളിച്ചില്ല. വല്ലാത്ത നിരാശയായിരുന്നു. സഹായിക്കാനെത്തുന്നവരോട് പോലും ചിലപ്പോൾ ദേഷ്യം തോന്നിപ്പോവും. അത് മറ്റൊന്നും കൊണ്ടല്ല ഒന്നു നടക്കുന്നില്ലല്ലോ എന്ന ചിന്തിയിൽനിന്ന് വരുന്നതാണ്. പിന്നീട് കുറച്ച് സമയം കഴിയുമ്പോൾ ശരിയാവും. എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി ജയിലിൽ വന്നുസന്ദർശിച്ചിരുന്നു. ഈ സമയത്താണ് ബാക്കി കാര്യങ്ങളൊക്കെ അറിയുന്നത്. പിന്നെ അഷ്‌റഫ് വേങ്ങാട്ട്, സിദ്ദിഖ് തൂവ്വൂർ ഇങ്ങനെ നിരവധി പേരുണ്ട്. ഇവരെല്ലാം ഒരുമിച്ചതോടെ ജനങ്ങളും വലിയ പിന്തുണ നൽകി. ഇവരോടെല്ലാം പ്രത്യേകം നന്ദി പറയുന്നു.

വർഷങ്ങൾക്ക് ശേഷം ഉമ്മ കാണാൻ വന്നിരുന്നു. പക്ഷെ ആദ്യം കാണാനായില്ല. അപ്പോൾ സങ്കടം തോന്നിയോ?

ആദ്യം കാണാനായില്ല. കാരണം ആ ഒരു അവസ്ഥയിൽ അന്ന് കാണാൻ തോന്നിയില്ല എന്നതാണ് സത്യം. വിലങ്ങൊക്കെ വെച്ച അവസ്ഥയിൽ ഉമ്മയെ കാണണമല്ലോ എന്ന് ആലോചിക്കുമ്പോൾ തന്നെ വലിയ വിഷമമായിരുന്നു.

കയ്യിലും കാലിലും വിലങ്ങുവെച്ച് കാണുന്നത് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. പക്ഷെ, അടുത്ത ദിവസംതന്നെ എംബസി ഉദ്യോഗസ്ഥരും മറ്റും ജയിൽ അധികൃതരോട് സംസാരിച്ച് കുറച്ച് ഇളവ് വാങ്ങിച്ചു തന്നു. കൈയിലെ വിലങ്ങ് മാത്രം അഴിച്ചു. ഉമ്മയെ കാണുമ്പോൾ കാലിൽ വിലങ്ങുണ്ട്. അരമണിക്കൂർ കാണാനുള്ള സൗകര്യം അവർ ഒരുക്കിത്തന്നു.

എല്ലാ സ്വപ്‌നങ്ങളും തകർന്നുപോയവനാണ്. നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്താണ് പ്ലാൻ?

അതെ, സ്വപ്നമെല്ലാം തകർന്നു. ഇനി പുതിയ സ്വപ്‌നം കാണണം. ബന്ധുക്കളൊക്കെയുണ്ട്. സുഹൃത്തുക്കളുണ്ട്. എല്ലാവരുമായി കൂടി ഇരുന്ന് ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കണം.

20 വർഷത്തെ ഒരു ഗ്യാപ്പ്. കേരളം ഇന്ന് ഒരുപാട് മാറി. ഇവിടെ വന്നിറങ്ങുമ്പോൾ എന്താണ് ഫീൽ ചെയ്തത്?

ഭയങ്കര സ്വീകരണമായിരുന്നു. എയർപോട്ടൊക്കെ കണ്ടപ്പോൾ പേടിച്ചുപോയി. ജനങ്ങളുടെ ഒത്തൊരുമ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഒരു മനുഷ്യനെ സഹായിക്കാൻ ജാതിയും മതവുമൊക്കെ മാറ്റിവെച്ചു. ഒരു രൂപമുതൽ ഒരു കോടിവരെ സഹായിച്ചവരുണ്ട്. എല്ലാവരോടും നന്ദി.

Content Highlights: Abdul Rahim released after 20 years in Saudi prison., Global Malayali community raised 48 crore rupees for blood money., The incident was an accidental death involving his sponsor's son., Rahim expresses deep gratitude to the Indian Embassy and public supporters., Returning to Kerala to start a new life after two decades of isolation.