ഇരുവരും 2019 മുതല്‍ ഉറ്റസുഹൃത്തുക്കള്‍; അപകടത്തിലെ ദുരൂഹത നീക്കണമെന്ന് ആന്‍സിയുടെ പിതാവ്

തിരുവനന്തപുരം: കൊച്ചിയിലെ മോഡലുകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ആന്‍സിയുടെ പിതാവ് അബ്ദുള്‍ കബീര്‍. എന്താണ് സംഭവിച്ചതെന്ന് സമൂഹത്തിന് മുന്നില്‍ തെളിയിക്കണം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നത് ഉന്നതരെ രക്ഷിക്കാനാണോയെന്ന് പോലീസ് തെളിയിക്കണമെന്നും അബ്ദുള്‍ കബീര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഔഡി കാര്‍ മകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നതും നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ എടുത്തുമാറ്റിയതും എന്തിനാണെന്ന് അറിയണം. നിലവില്‍ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോവുകയാണെന്നാണ് വിശ്വാസം. വരും ദിവസങ്ങളിലും അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോയില്ലെങ്കില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഉള്‍പ്പെടെ പരാതി നല്‍കുമെന്നും കബീര്‍ പറഞ്ഞു.
പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ആന്‍സി കൊച്ചിയിലേക്ക് പോകാറുള്ളത്. അപകട സമയത്ത് മകള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ജനയെ നേരിട്ട് തനിക്ക് പരിചയമില്ല. മിസ് കേരള മത്സരത്തിന് ശേഷം 2019 മുതലാണ് ആന്‍സിയും അഞ്ജനയും ഉറ്റസുഹൃത്തുക്കളായത്. അപകടത്തിന് പിന്നാലെ അഞ്ജനയുടെ സഹോദരനുമായി ഒന്നുരണ്ടു തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും കബീര്‍ പറഞ്ഞു.
content highlights: Abdul Kabir, father of Ancy who was killed in accident, wants to clear the mystery
Content Highlights: