ആറുവയസ്സുകാരന് ബൈക്കോടിച്ചു; ബന്ധുവിന്റെ ലൈസന്‍സും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കും

വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറുവയസ്സുകാരനെ ബൈക്കോടിക്കാന്‍ പരിശീലിപ്പിച്ച് ബന്ധു. കുട്ടി ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റുമ്പോള്‍ പിന്നിലിരുന്നയാള്‍ അത് നിയന്ത്രിക്കാന്‍ ശ്രമിച്ചു. മറ്റു വാഹനയാത്രക്കാര്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ കോവളം-കാരോട് ബൈപ്പാസിലെ മുക്കോല റൂട്ടിലാണ് കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്കി ബന്ധുവായ ആള് സാഹസപ്രകടനം നടത്തിയത്. അവധിദിവസമായതിനാല്‍ ധാരാളം മറ്റുവാഹനങ്ങളും ഇതേ റൂട്ടിലുണ്ടായിരുന്നു. പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ നല്‍കിയാണ് പരിശീലനം നല്‍കിയത്. ഹെല്മറ്റില്ലാതെയുമാണ് ഇരുവരും യാത്ര ചെയ്തത്.
സംഭവത്തില്‍ ബൈക്കിന്റെ പിന്നിലിരുന്നയാളുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്.ടി.ഒ. കെ.ബിജുമോന് അറിയിച്ചു. കുട്ടിയുടെ ജീവന് തന്നെ അപകടത്തിലാക്കുന്ന തരത്തില്‍ ബോധപൂര്‍വം ബൈക്കിന്റെ നിയന്ത്രണം നല്‍കിയതിനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചതില്‍നിന്ന് ഉടമ പാറശ്ശാല സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പാറശ്ശാല ജോയിന്റ് ആര്.ടി.ഒ.യും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും തിങ്കളാഴ്ച ബൈക്കിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി രേഖകള്‍ പരിശോധിക്കുകയും നടപടി സ്വീകരിക്കുമെന്നും ആര്.ടി.ഒ. അറിയിച്ചു.
Content Highlights: A six year old boy rode a bike-The relatives license and bike registration will be cancelled