മലകയറ്റത്തിനിടെ ഹൃദയാഘാതത്താല്‍ മരിച്ചത് 36 പേര്; തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ടത്

ശബരിമല: മണ്ഡലകാലം മുതല്‍ കഴിഞ്ഞദിവസംവരെ ഹൃദയാഘാതം വന്നുമരിച്ച ഭക്തരുടെ എണ്ണം 36. ഇതില്‍ അധികവും, സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കിയതുമൂലമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പത്തുപേര്‍ മറ്റു ശാരീരിക പ്രശ്നങ്ങള്‍മൂലവും മരിച്ചു. പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതിനുശേഷം മരിച്ചവരുടെ എണ്ണമാണിത്. ഒട്ടേറേപ്പേരെ സി.പി.ആറും വിദഗ്ധചികിത്സയും നല്കി രക്ഷിച്ചിട്ടുമുണ്ട്.
പമ്പയിലെ ആശുപത്രിയിലാണ്, ഏറ്റവുമധികം പേര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിട്ടുള്ളത്. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ തീര്‍ഥാടനകാലത്ത് നിര്‍ത്തിവെക്കുന്നതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്കും കാരണം. ഇക്കൂട്ടര്‍ ചെറിയൊരു കയറ്റംകയറുമ്പോള്ത്തന്നെ ശരീരം പ്രതികരിക്കും. ഡോളിയില്‍ സന്നിധാനത്തെത്തിയ ഭക്തന്‍പോലും ഹൃദയാഘാതംമൂലം മരിച്ചു.
അപസ്മാരത്തിന്റെ മരുന്നുവരെ തീര്‍ഥാടനസമയത്ത് നിര്ത്തുന്നവരുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീര്‍ഥാടനസമയത്ത് സ്വാഭാവികമായി ഉറക്കത്തിന്റെ ക്രമംതെറ്റും. കൂടുതല്‍ വെയില്കൊള്ളേണ്ടിവരും. രോഗികള്‍ക്ക് ഇതെല്ലാം കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ പറയുന്നു.
തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ടത്
സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടറെ കണ്ട് ആരോഗ്യനില ഉറപ്പുവരുത്തിയതിനുശേഷമേ തീര്‍ത്ഥാടനം തുടങ്ങാവൂ. ഏതെങ്കിലും രോഗങ്ങള്‍ക്ക് മരുന്നുകഴിക്കുകയോ ചികിത്സതേടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ കാര്‍ഡ് കൂടെ കരുതുന്നത് നന്ന്.
കൃത്യമായി മരുന്നുകഴിക്കണം. പത്തുമിനിറ്റ് കയറ്റം കയറിയാല്‍ പത്തുമിനിറ്റ് വിശ്രമിക്കണം. ശ്വാസതടസ്സം, നെഞ്ചുവേദന, തളര്‍ച്ച തുടങ്ങിയവ തോന്നിയാല്‍ മലകയറ്റം നിര്‍ത്തി വൈദ്യസഹായം തേടണം. അടിയന്തരസഹായത്തിനായി 04735 203232 നമ്പറില്‍ വിളിക്കാം.
Content Highlights: 36 pilgrims died during climbing sabarimala in 2025