സതീശൻ മിടുക്കനാണ്, തുടക്കം നന്നായി; ഇടതിന്റെ അന്തകനായത് പി.ശശി; തുറന്നടിച്ച് വെള്ളാപ്പള്ളി

#വെള്ളാപ്പള്ളി നടേശൻ | ബിജു പങ്കജ്
വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തന്നെ ബലിയാടാക്കി രക്ഷപ്പെടാമെങ്കിൽ സിപിഎം രക്ഷപ്പെടട്ടേയെന്ന് എസ്എൻഡിപി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളം നിന്ന് കുലുങ്ങിയപ്പോൾ ഇടതുപക്ഷത്തിന് താങ്ങായി തണലായി പിന്തുണ നൽകിയത് താനായിരുന്നുവെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. മാതൃഭൂമി ഡോട്‌കോമിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമർശം. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കുറഞ്ഞ് പോയെന്നുമുള്ള വിലയിരുത്തൽ സിപിഎം നടത്തിയിരുന്നു. ഇതിനുശേഷം വെള്ളാപ്പള്ളി നൽകിയ ആദ്യ അഭിമുഖമാണിത്. മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹം പുകഴ്ത്തുന്നുണ്ട്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന് സമമാവില്ല. കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. പി.ശശി സർക്കാറിന്റെ അന്തകനായി മാറിയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. പിണറായി വിജയനെ തിരുത്താൻ ആരും തയ്യാറായില്ലെന്നും പിണറായിക്ക് തുല്യമായി പാർട്ടിയിൽ മറ്റാരേയും ചൂണ്ടിക്കാട്ടാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'മുസ്ലിം ലീഗ് വർഗീയ പാർട്ടി തന്നെയാണ്. ഇത് ഞാൻ പറഞ്ഞാൽ വർഗീയതയാവുമോ? ഈ രാജ്യത്ത് ഒന്നും മിണ്ടാൻ പറ്റില്ല. ജാതിയുടെ പേരിൽ കിട്ടേണ്ടത് ചോദിച്ച് വാങ്ങണം. അതല്ലേ ലീഗും ചെയ്തത്? പി. ജയരാജന്‌ എസ്എൻഡിപിയെ പറ്റി അറിയാൻ വയ്യാത്തതുകൊണ്ടാണ്. എസ്എൻഡിപി യോഗം എന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടന അല്ല- വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയ പരാജയം അങ്ങയെ ഒരു വർഗീയവാദിയാക്കി മാറ്റിയോ?

എന്ന് അവർ പറയുന്നു. ഞാൻ എന്താണ് വർഗീയവാദം പറഞ്ഞതെന്ന് കൂടെ പറയണ്ടേ? ചുമ്മാ വർഗീയവാദി, വർഗീയവാദി എന്ന് പറഞ്ഞ് ആരെയാണ് വർഗീയവാദി ആക്കാനാവാത്തത്? ഞാനൊരു സാമൂഹിക സത്യം പറഞ്ഞു. ഞാൻ മുസ്ലിം ലീഗിനെ സംബന്ധിച്ചാണ് പറഞ്ഞത്. അല്ലാതെ മുഴുവൻ മുസ്ലിം സമുദായത്തെ അല്ല. ഭരണം വരുമ്പോൾ കണ്ണല്ലാത്തതെല്ലാം പൊന്നാക്കുമെന്ന് പറഞ്ഞു. പക്ഷേ, പിന്നെ ലീഗിന് ഞങ്ങളോട് കണ്ട ഭാവമില്ല. പരിഗണിക്കാൻ അവർ തയ്യാറായില്ല എന്ന് ഞാൻ പറഞ്ഞത് വർഗീതയാകുമോ? മലപ്പുറം ജില്ലയിൽ ഞങ്ങൾക്ക് ഒരു കുടിപ്പള്ളിക്കൂടം പോലും തന്നില്ല. അവർ വർഗീയ പാർട്ടി തന്നെയാണ്. കോളേജ് അനുവദിച്ചു കൊടുത്തു, സ്‌കൂൾ അനുവദിച്ചു കൊടുത്തു, പ്ലസ് ടു കൊടുത്തു. ഞങ്ങൾക്ക് എന്ത് തന്നു? ഞങ്ങളെ തകർത്തു കളഞ്ഞില്ലേ? പ്ലസ് ടുവിൽ ഞങ്ങളുടെ ആറായിരം കുട്ടികളല്ലേ ഔട്ട് ആയിപ്പോയത്? അവർക്ക് സംഘടിതമായ പണമുണ്ട്. ഇത് വെച്ചുകൊണ്ട് മീഡിയവരെ ഓപ്പറേറ്റ് ചെയ്യുകയാണ്. രാഷ്ട്രീയമായി അവരെ എതിർക്കുന്നവരെ രാഷ്ട്രീയമായി ആക്രമിക്കുന്നു. അവർ പറഞ്ഞാൽ അത് നീതി, ഞാൻ പറഞ്ഞാൽ വർഗീയത. ജാതിയുടെ പേരിൽ കിട്ടേണ്ടത് ചോദിച്ച് വാങ്ങണം, അതല്ലേ ലീഗും ചെയ്തത്? പക്ഷേ ജാതി പറഞ്ഞ ആളുകളെ പറ്റി ഇവരൊന്നും പറയുന്നില്ല, അവരെ മന്ത്രിയാക്കിയില്ലേ? മതമാണ് മതമാണ് എല്ലാമെന്ന് പറഞ്ഞയാളെ ഇപ്പോ മന്ത്രി വരെ ആക്കിയില്ലേ? അത് പറയാൻ ഒരു മീഡിയ ഇല്ല, ഒരു രാഷ്ട്രീയ പാർട്ടി ഇല്ല. ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എനിക്ക് ആരുടെയും വോട്ട് വേണ്ട. അതുകൊണ്ട് എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല.

എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിന് ശേഷം വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിന് അനഭിമിതനാകുന്നത്?

കാരണം അവർ തോറ്റുപോയി. അവർക്കൊരു കാരണം കണ്ടുപിടിക്കേണ്ടേ തോറ്റതിൽ. നിങ്ങൾ നോക്കണം ഇതിനേക്കാൾ വലിയ പ്രക്ഷോഭം ആണല്ലോ ശബരിമല സ്ത്രീ പ്രവേശനം വന്നപ്പോൾ ഉണ്ടായത്. കേരളം നിന്ന് കുലുക്കിയില്ലേ എല്ലാവരും. അന്ന് അവർക്ക് താങ്ങായി തണലായി സപ്പോർട്ട് ആയിട്ട് നിന്നത് ഞാനായിരുന്നു. അത് കഴിഞ്ഞിട്ടില്ലേ അടുത്ത തിരഞ്ഞെടുപ്പ് വന്നത്. ഗംഭീരമായിട്ട് ജയിച്ചില്ലേ. അന്ന് എന്നെ കൊള്ളാമായിരുന്നല്ലോ. ഇപ്പോൾ തോറ്റപ്പോൾ കൊള്ളാതെ വരുമ്പോൾ ഞാൻ എന്റെ കുറ്റവും. പരാജയത്തിന്റെ സത്യസന്ധമായ കാരണമെന്തെന്ന് അവർ സ്വന്തമായി ചിന്തിക്കണ്ടേ. പല കാരണങ്ങളുണ്ട്, ആ കാരണങ്ങൾ പലതും അവർ പരസ്യമായി പറയുന്നില്ല. രഹസ്യമായി അവർക്കൊക്കെ അറിയാം.

അങ്ങയുടെ വിലയിരുത്തലിൽ എന്തുകൊണ്ടാണ് സിപിഎം ഈ തിരഞ്ഞെടുപ്പിൽ തോറ്റത്?

പ്രധാന ഘടകം ആശാവർക്കർമാരാണ്. അവർ കേരളമെമ്പാടും വ്യാപിച്ചു കിടക്കുന്നതാണ്. അവർക്ക് ഒരുപാട് ജനങ്ങളുമായിട്ട് ബന്ധം ഉള്ളവരാണ്. ആശാവർക്കർമാരുടെ കാര്യങ്ങളിൽ അത്തരം ഒരു സമ്മർദ്ദ തന്ത്രം ഉപയോഗിക്കാൻ പാടില്ലായിരുന്നു. പിന്നെ ഇടതുപക്ഷത്തിന്റെ താഴെത്തട്ടിൽ നോക്കുക. പാർട്ടികളുടെ താഴെയുള്ള അണികൾ കാണിച്ചിട്ടുള്ള അഹങ്കാരവും ധിക്കാരവും വിനയമില്ലാത്ത പെരുമാറ്റവും വലിയൊരു കാരണമാണ്. ഞാൻ ചോദിക്കട്ടെ, അധികാര കസേരയിൽ ഇരുന്നു കഴിഞ്ഞാൽ രാജാവാകുകയാണ് പലരും. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയില്ല. കോടിയേരി പോയി. ആ കുറവ് പരിഹരിക്കാൻ ഇവിടെ ആരുണ്ട്. ഗോവിന്ദൻ സമം കോടിയേരി എന്ന് നമുക്ക് പറയാൻ പറ്റില്ല, കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. കോടിയേരിയുടെ അകാലത്തിലുള്ള മരണം പാർട്ടിയെ നല്ലപോലെ ബാധിച്ചിട്ടുണ്ട്. കോടിയേരിയും പിണറായിയും നല്ല ഇക്വേഷനിൽ, വളരെ ഭംഗിയായിട്ട് കൊണ്ടുപോയി. ആരെങ്കിലും എവിടെയെങ്കിലും കുഴപ്പം കാണിച്ചാൽ അവർ ചർച്ച ചെയ്ത് പരിഹരിച്ച് മുമ്പോട്ട് പോയി. പക്ഷേ, ഇപ്പോൾ അങ്ങനെയൊന്നുമില്ല.പിന്നെ, പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. സി.എം. അറിയാതെ ഒരു പാരലൽ ഭരണം. പലിശ രാജാവും ഈ പറഞ്ഞ ശശിയും കൂടി കേരളമെമ്പാടും ഒരു ഭീകരണ ഭരണം. ഏത് കൊള്ളയും കൊള്ളരുതായ്മയും കാണിക്കുന്നവരെയും സപ്പോർട്ട് ചെയ്ത് നിലനിർത്താനും അതിലൂടെ പലതും സമ്പാദിക്കുവാനും പോലീസിനെ ഉപയോഗിച്ചു.

പലിശ രാജാവെന്ന് പറഞ്ഞത്....

കേരളത്തിലെ പലിശ രാജാവ് ആരാണെന്ന് നിങ്ങൾക്കറിയില്ലേ. എല്ലാവർക്കും അറിയാവുന്നതാണ്. നിങ്ങളിൽത്തന്നെ പലരും പറഞ്ഞിട്ടില്ലേ അടുക്കളയിൽവരെ പ്രവേശിക്കാവുന്ന ഒരു സമ്പന്നൻ ഇവിടെയുണ്ടെന്ന്. ഇവരെയെല്ലാം കയറൂരിവിട്ടു. അവർ എന്തെല്ലാം കൊള്ളയാണ് ഈ രാജ്യത്ത് നടത്തിയത്. ഈ പറഞ്ഞ ശശി തന്നെ നായനാർ ഇരിക്കുന്ന കാലത്ത് ഇരുന്നില്ലേ. അന്ന് എന്തെല്ലാം വൃത്തികേടുകളാണ് കാണിച്ചത്. ഇതെല്ലാം ആളുകൾക്ക് അറിയാവുന്നതല്ലേ. ആ ആളെത്തന്നെ രണ്ടാമതും കൊണ്ടുവെച്ചില്ലേ. സർവ്വനാശത്തിനുള്ള കാരണം ആ ഒരൊറ്റ മനുഷ്യനാണ്. ഈ ഭരണത്തിനുള്ള ഒരന്തകനായിട്ടാണ് ആ മനുഷ്യൻ മാറിയത്. പറയാൻ പലർക്കും ഭയമാണ്. പറഞ്ഞാൽ നാളെ അവൻ പോക്കാണ്. അൽപ്പമെങ്കിലും പറഞ്ഞ ഒരാളുണ്ട്. അൻവർ. എല്ലാവരും ഭരണത്തിന്റെ ശീതളച്ഛായയിൽ സുഖലോലുപന്മാരായി നടന്നതല്ലാതെ താഴത്തട്ടിൽ എന്ത് നടക്കുന്നു എന്ന് അറിയാതെ പോയി. ഇപ്പോ പിണറായിയെ ആണല്ലോ എല്ലാവരും കുറ്റം പറയുന്നത്. ഈ പിണറായിയെ കുറ്റം പറയുന്ന ആളുകളെല്ലാം തിരഞ്ഞെടുപ്പ് തോറ്റതിനു ശേഷമല്ലേ അദ്ദേഹത്തെ കുറ്റം പറയുന്നത്. പിണറായിയെ തിരുത്താൻ ഇവരാരും എന്തേ അന്നു പറയാത്തത്. അപ്പോ ഇതുവരെ അദ്ദേഹത്തിനെ മഹാൻ എന്ന് പറഞ്ഞ് പുണ്യവാളനാക്കി, ഭരണത്തിന്റെ സകല സുഖങ്ങളും അനുഭവിച്ച ആളുകളാണ് ഇന്ന് എതിരായിരിക്കുന്നത്. അദ്ദേഹം എല്ലാത്തിനും അതീതനാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ഒരുപാട് കഴിവുള്ള ആളാണ്. പാർട്ടി തന്നെ തകർന്ന് തരിപ്പണമായി നിന്ന കാലഘട്ടത്തിൽ ഒന്നിപ്പിച്ച് നിർത്തിയ കരുത്തനായ അഡ്മിനിസ്ട്രേറ്ററാണ്, ഭരണകർത്താവാണ്. സത്യം സത്യം പോലെ നമ്മൾ പറയണ്ടേ. പിന്നെ ദൈവമൊന്നും അല്ലല്ലോ. കുറവും കുറ്റങ്ങളും കാണാം. പാർട്ടിയെ ഒന്നായി ചലിപ്പിക്കാൻ പിണറായിക്കല്ലാതെ വേറെ ആർക്കും സാധിക്കുമായിരുന്നില്ല. പോട്ടെ, പിണറായി പോട്ടെ, പിണറായിക്ക് സമമായിട്ട് മറ്റൊരു നേതൃത്വത്തെ നിങ്ങൾക്ക് പറയാൻ സാധിക്കുമോ?

പി. ജയരാജന്റെ പ്രതികരണം ശ്രദ്ധിച്ചിരുന്നുവോ? അങ്ങ് രണ്ട് വെള്ളത്തിൽ കാലുവെക്കുന്ന ആളാണ്. ഒന്ന് താങ്കൾ നവോത്ഥാന സമിതിയുടെ അധ്യക്ഷൻ. ഭാര്യ ബിജെപിക്ക് വേണ്ടി പറയുന്നു. മകൻ സംഘപരിവാറിന്റെ കൂടെ,മറുപടിയുണ്ടോ...

പി. ജയരാജന് എസ്.എൻ.ഡി.പിയെ പറ്റി അറിയാൻ വയ്യാത്തതുകൊണ്ടാണ്. എസ്.എൻ.ഡി.പി. യോഗം എന്ന് പറയുന്നതിനകത്ത് എല്ലാ രാഷ്ട്രീകക്ഷികളും ചേർന്നതാണ്. ഇവർ മനസ്സിലാക്കിയിരിക്കുന്നതുപോലെ എസ്.എൻ.ഡി.പി. യോഗം എന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയല്ല. അതൊരു സമുദായ സംഘടനയാണ്. അതിനകത്ത് ബിജെപി ഉണ്ട്, കമ്യൂണിസ്റ്റുകാരനുണ്ട്, നക്സലുകളുമുണ്ട്, എല്ലാമുണ്ട്. അതെല്ലാം ചേർന്നതാണ് എസ്എൻഡിപി യോഗം.

കൊല്ലത്ത് ശ്രീനാരായണ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോൾ ഇടതുപക്ഷം നമ്മളോട് നീതി പുലർത്തിയില്ലെന്നു ശക്തമായി പറഞ്ഞവനാണ് ഞാൻ. അതുപോലെ ഇടതുപക്ഷ എം.പിമാരെ നോമിനേറ്റ് ചെയ്തപ്പോൾ പിന്നോക്കക്കാരന് ഒന്നുമില്ലെന്ന് ശക്തമായി പറഞ്ഞവനാണ് ഞാൻ. രണ്ട് വള്ളത്തിലല്ല ഞാൻ ഒരുപാട് വള്ളത്തിലാണ് നടക്കുന്നത്. കാരണം ഞങ്ങളുടെ കൂട്ടത്തിൽ ഒരുപാട് വള്ളം ഉണ്ട്. അവരെല്ലാം സഞ്ചരിക്കുന്നത്‌ വിവിധ രാഷ്ട്രീയ പാർട്ടികളിലാണ്.

എം.വി. ഗോവിന്ദൻ പറഞ്ഞത് പോലെ വെള്ളാപ്പള്ളി നടേശനെ വഴിയിൽ കണ്ടപ്പോൾ പിണറായി കാറിൽ കയറ്റിയതാണോ?

ഓരോരുത്തരും അവരുടെ വിശ്വാസം അനുസരിച്ചും താല്പര്യം അനുസരിച്ചും വ്യാഖ്യാനിച്ചോട്ടെ, എനിക്ക് യാതൊരു തർക്കവുമില്ലല്ലോ. ഇവർ എങ്ങനെ വ്യാഖ്യാനിച്ചാലും ഏത് രാഷ്ട്രീയ കക്ഷികളും വ്യാഖ്യാനിച്ചാലും കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്നെ തള്ളിപ്പറഞ്ഞാൽ രക്ഷപ്പെടാൻ സാധിക്കുമെങ്കിൽ ഞാൻ അതിനുവേണ്ടി ബലിയാടാകാൻ തയ്യാറാകും. ഞാൻ ബലിയാടായാൽ കമ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ. എനിക്കൊരു ചുക്കം സംഭവിക്കാനില്ല. ഇവർ വിചാരിക്കുന്നത് എനിക്ക് പിണറായിയെ ഇഷ്ടമാണെന്നാണ്. എന്നാൽ, നിങ്ങൾ ഒരു കാര്യം മനസ്സിലായിക്കോളൂ. ഇത്രയും കൊല്ലത്തിനുള്ളിൽ പിണറായിയെ സമീപിച്ച് ഏതെങ്കിലും ഒരു കാര്യം നേടിയിട്ടുണ്ടോ.. ഞാൻ ആവശ്യമില്ലാത്ത ഒരു കാര്യത്തിനു പോകത്തില്ല, പറയത്തില്ല. അദ്ദേഹവും അതുപോലെ തന്നെയാണ്. എന്നോട് മര്യാദയായിട്ട് പെരുമാറിയിട്ടുണ്ട്. ഞാനും മര്യാദയായിട്ട് പെരുമാറിയിട്ടുണ്ട്.

ഇപ്പോൾ കാറിന്റെ മഹിമയാണ്. അതൊക്കെ ഓരോന്നും സന്ദർഭമനുസരിച്ച് വ്യാഖ്യാനിക്കുന്നു. അദ്ദേഹത്തിന് എന്നെ ഇഷ്ടമാണ്. അതുകൊണ്ട് എന്നെ കേറ്റി. അത് ഞാൻ അംഗീകരിക്കുന്നു. അദ്ദേഹത്തെ വെറുക്കാൻ അദ്ദേഹം എനിക്കിട്ട് എന്ത് ചെയ്തു? നമ്മൾ ഒരാളെ കണ്ണും പൂട്ടി എതിർക്കാനോ കണ്ണും പൂട്ടി അനുകൂലിക്കാനോ അല്ല പോകേണ്ടത്.

പിന്നെ എന്തുകൊണ്ടാണ് ഇത്രയൊരു അടുപ്പം പിണറായിയുമായി ഉണ്ടായിട്ടും സി.പി.എം താങ്കളെ പരസ്യമായി തള്ളിപ്പറഞ്ഞത്?

നിലനിൽക്കാൻ വേണ്ടി, സിപിഎം എന്ന് പറയുന്നത് ആരാണ്? താഴെ ഘടകത്തിൽ മോഹഭംഗം വന്ന കുറെ ആളുകളുണ്ട്. ചർച്ച ചെയ്ത് ചർച്ച ചെയ്ത് ആരുടെയെങ്കിലും കഴുത്ത് വെട്ടണ്ടേ? വെട്ടാൻ പറ്റിയത് വെള്ളാപ്പള്ളിയുടെ കഴുത്താണെങ്കിൽ വെട്ടട്ടെ. എനിക്കെന്ത് സംഭവിക്കാനാണ്? ഒന്നും സംഭവിക്കാനില്ല.

താങ്കൾ നടത്തിയ പ്രസ്താവനകൾ ഏതെങ്കിലും ഘട്ടത്തിൽ കൈവിട്ടു പോയതായിട്ട് തോന്നിയിട്ടുണ്ടോ?

തോന്നിയിട്ടില്ല. നിങ്ങൾ ഓർമ്മപ്പെടുത്തൂ, കൈവിട്ടു പോയത് എന്തെങ്കിലും. അത് തെറ്റാണെങ്കിൽ തെറ്റാണെന്ന് ഞാൻ പറയാം. പിന്നെ, ഞാൻ മനുഷ്യനല്ലേ? പക്ഷേ, എനിക്ക് മനസ്സിലാകാത്തത് അവർ വർഗീയത പറഞ്ഞിട്ട് അത് പറയാൻ ആരുമില്ലല്ലോ, മതമാണ് മതമാണ് എന്ന് പറഞ്ഞ ആളെ മന്ത്രിയാക്കിയവരെ... എന്നിട്ട് അതിനെപ്പറ്റി ഇവിടെ ചർച്ചയില്ല, ഒരു ചാനലുകാരനും മിണ്ടില്ല.

വി.ഡി.സതീശൻ സർക്കാർ അധികാരത്തിലെത്തിയിട്ട് കുറച്ച് നാളുകളായി, എങ്ങനെയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ അങ്ങ് വിലയിരുത്തുന്നത്?

വിഡി. സതീശന്റെ തുടക്കം നന്നായിട്ടുണ്ട്. അദ്ദേഹം മിടുക്കനാണ്. സതീശന്റെ അഭിപ്രായത്തോട് യോജിപ്പും വിയോജിപ്പും ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതലും ശക്തമായി എതിർത്തിട്ടുണ്ട്. കെ. സുധാകരനെ എതിർത്തപ്പോഴാണ് ഞാൻ ഇദ്ദേഹത്തെ എതിർത്തത്. എനിക്ക് സുധാകരനെ ഇഷ്ടമാണ്. പക്ഷേ, സതീശൻ മിടുക്കനാണ്. മിടുക്കനല്ലെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയാകാൻ ഒക്കത്തില്ലല്ലോ. ഓരോരുത്തരുടെ മിടുക്കിനെ നമ്മൾ അംഗീകരിക്കണം. മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ അംഗീകരിക്കുകയാണ്. ഞാനെന്നല്ല, കേരളത്തിൽ എല്ലാവരും അംഗീകരിക്കണം. കാരണം ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ജയിച്ചു വന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, അത് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മനസ്സ് എനിക്കുണ്ട്. അദ്ദേഹത്തെ ഒരു ശത്രുപക്ഷത്ത് ഞാൻ കാണുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഇതുപോലെ വിജയം കേരളത്തിൽ നേടാൻ സാധിച്ചത് ഒരു അത്ഭുതം തന്നെയാണ്. അവരെല്ലാം കുറെ ബാലൻസിങ് ആയിട്ടാണ് എല്ലാം ചെയ്തത്. ഇന്നലെ വരെ ലഭിക്കാതെ ഇരുന്ന പല ആളുകൾക്കും അവസരം കൊടുത്തു. ചില ആളുകൾ ജയിച്ച ഉടനെ മന്ത്രിയായില്ലേ? മുമ്പ് എം.എൽ.എ വരെയാകാത്ത ആളുകൾ പോലും മന്ത്രിയായില്ലേ?

മന്ത്രിസഭയിലെ സമുദായ പ്രാതിനിധ്യത്തിൽ അങ്ങ് സന്തുഷ്ടനാണോ?

സംതൃപ്തനാണോ എന്ന് ചോദിച്ചാൽ... മൂന്ന് പേരാ ഉള്ളത്. ഒറ്റെണ്ണമില്ലാഞ്ഞതിൽ നിന്ന് ഭേദമല്ലേ? പണ്ട് കോൺഗ്രസിനകത്ത് ആരുണ്ടായിരുന്നു? ഒരു ബാബു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് മൂന്നു പേരായെങ്കിൽ അത്രയും നല്ലത് എന്നേ പറയാൻ ഒക്കത്തുള്ളൂ. പിന്നെ, സമവാക്യങ്ങളെല്ലാം പറയുമ്പോൾ ഞങ്ങളെല്ലാം ഇടതുപക്ഷമാണെന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾക്ക് സീറ്റും തരത്തില്ല.

തളിപ്പറമ്പിലെ തോൽവിയെ കുറിച്ച്

വൻ പരാജയമായിപ്പോയി. കാരണം നിർത്തിയത് ആരുടെ ഭാര്യയാണ്? പാർട്ടി സെക്രട്ടറിയുടെ ഭാര്യയെയാണ്. ആ പാർട്ടിയുടെ സെക്രട്ടറിയുടെ ഭാര്യ തോറ്റാൽ ആര് തോറ്റതിന് തുല്യമാണ്? പാർട്ടി തോറ്റതിന് തുല്യമല്ലേ? നിർത്താമോ? നിർത്താൻ പാടില്ലായിരുന്നു. അങ്ങനെ പാർട്ടി നിർത്തിയ പലരെയും നിങ്ങൾ ആലോചിച്ച് നോക്ക്.

മൈക്രോ ഫിനാൻസിൽ നടക്കുന്ന അന്വേഷണം ഫൈനൽ സ്റ്റേജിലേക്ക് പോവുകയാണ്. അങ്ങയുടെ മൊഴിയൊക്കെ എടുത്തു. എങ്ങനെ അവസാനിക്കും അന്വേഷണം?

എങ്ങനെ അന്വേഷിച്ചാലും അങ്ങേയറ്റം വന്നാൽ പറയും ഒരു സൂപ്പർവൈസറി ലാപ്സ് ഉണ്ടെന്ന്. ഞാൻ ആർക്കു കൊടുത്തിട്ടുണ്ടെങ്കിലും, മൈക്രോ ഫൈനാൻസ് കൊടുത്തിട്ടുണ്ടെങ്കിൽ ചെക്കിലൂടെയാണ് കൊടുക്കുന്നത്. ചെക്കിലൂടെ കൊടുത്തിട്ട് അവർ തന്ന അതേ ആളുകൾക്ക് കൊടുക്കാതെ വേറെ കൊടുക്കണമെങ്കിൽ ഞാനാണോ ഉത്തരവാദി. കൊടുത്തവനല്ലേ ഉത്തരവാദി. എനിക്കൊരു ചുക്കും സംഭവിക്കാനില്ല.

Content Highlights: Vellappally Natesan expresses readiness to be a scapegoat for CPM's electoral failure., Critique of CPM's internal leadership dynamics compared to the Kodiyeri era., Recognition of V.D. Satheesan's administrative capability as CM., Clarification that SNDP is a community organization, not a CPM affiliate., Allegations regarding P. Sashee's influence on the government's performance.