തെരുവുനായ ശല്യം രൂക്ഷം; ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് നായ്ക്കളെ തുറന്നുവിട്ട് യുവസേന നേതാവ് | VIDEO

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ തെരുവുനായ ശല്യത്തിനെതിരെ പരാതി നൽകിയിട്ടും പരിഹാരം കാണാത്തതിൽ വിചിത്രമായ പ്രതിഷേധവുമായി യുവസേന (യു.ബി.ടി) പ്രവർത്തകർ. നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ ധീരജ് ഭാംരെയുടെ ഓഫീസിനുള്ളിൽ കയറിയ പ്രവർത്തകർ അദ്ദേഹത്തിന്റെ മേശപ്പുറത്തേക്ക് തെരുവുനായ്ക്കളെ തുറന്നുവിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധാവെയുടെ നേതൃത്വത്തിലാണ് ചാക്കിൽ കെട്ടിക്കൊണ്ടുവന്ന നാല് തെരുവുനായ്ക്കളെ ഉദ്യോഗസ്ഥന്റെ മേശപ്പുറത്തേക്ക് തുറന്നുവിട്ടു. കഴിഞ്ഞ ആറു മാസമായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം, ഉദ്യോഗസ്ഥൻ കസേരയിൽനിന്ന് എഴുന്നേറ്റ് മാറാതെ ഇവരുടെ പരാതി കേട്ടിരുന്നു.
ചെറിയ കുട്ടികൾക്ക് കടിയേൽക്കുന്നതും സ്ത്രീകളടക്കമുള്ള ആളുകളെ തെരുവുനായ്ക്കൾ ഓടിക്കുന്നതും പതിവാണെന്ന് വിക്രം രന്ധാവെ വ്യക്തമാക്കി. ചീഫ് ഓഫീസർ ടെൻഡർ പ്രവൃത്തികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോപിച്ച് 20 രൂപ നോട്ടുകൾ കൊണ്ടുണ്ടാക്കിയ മാല ഉദ്യോഗസ്ഥൻ്റെ കഴുത്തിലിടാനും രന്ധാവെ ശ്രമിച്ചു. തുടർന്ന് ഉദ്യോഗസ്ഥരും പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. എട്ട് ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ നായ്ക്കളെ ഓഫീസിലേക്ക് തുറന്നുവിടുമെന്ന മുന്നറിയിപ്പും നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.
Content Highlights: Yuva Sena activists released stray dogs on Nifad Nagar Panchayat Chief Officer's desk., Protest led by district chief Vikram Randhave against rising stray dog menace in Nashik., Activists accused officials of inaction and corruption, demanding a solution within eight days.