‘ബുൾഡോസർ ഉത്തർപ്രദേശിന്റെ ബ്രാൻഡ്’; നിർമാണത്തിന് വ്യവസായികളെ ക്ഷണിച്ച് ആദിത്യനാഥ്

#ന്യൂസ് ഡെസ്ക്ക്
യോഗി ആദിത്യനാഥ് | Photo: PTI
യോഗി ആദിത്യനാഥ് | Photo: PTI

ലഖ്‌നൗ: ബുൾഡോസർ ഉത്തർപ്രദേശിന്റെ ബ്രാൻഡായി മാറിയെന്നും സംസ്ഥാനത്ത് ബുൾഡോസറുകൾ നിർമിക്കാൻ വ്യവസായങ്ങൾ ക്ഷണിക്കുന്നതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും ബുൾഡോസർ നടപടികളും ഉത്തർപ്രദേശിനെ പ്രധാന നിക്ഷേപകേന്ദ്രമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിൽ മാഫിയ ഭരണം അവസാനിച്ച് നിയമവാഴ്ച നിലവിൽവന്നുവെന്നും ഇവിടെ കമ്പനികൾ ബുൾഡോസറുകളും ട്രാക്ടറുകളും നിർമിച്ചാൽ ഇന്ത്യയിലും വിദേശത്തും അവയുടെ ആവശ്യകത സ്വാഭാവികമായും വർധിക്കുമെന്നും യോഗി പറഞ്ഞു.

ഒരുകാലത്ത് കുറ്റകൃത്യങ്ങൾക്കും വെടിവെപ്പുകൾക്കും കുപ്രസിദ്ധമായിരുന്ന പ്രദേശം ഇന്ന് രാജ്യത്തെ മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി മാറിയെന്ന് യോഗി പറഞ്ഞു. നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെയും യീഡയുടെയും വികസനത്തോടെ വലിയ വ്യവസായ-സാമ്പത്തിക-ചരക്കുനീക്ക കേന്ദ്രമായി സംസ്ഥാനം മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒൻപതര വർഷത്തിനിടെ ഉത്തർപ്രദേശിന് 50 ലക്ഷം കോടി രൂപയിലധികം നിക്ഷേപ പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

15 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് ഇതിനകം തുടക്കമിട്ടിട്ടുണ്ട്. വരാനിരിക്കുന്ന നിക്ഷേപക സംഗമത്തിലൂടെ 7.5 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കുകൂടി തറക്കല്ലിടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ട്രാക്ടർ വിപണിയുടെ 18.5 ശതമാനവും ഉത്തർപ്രദേശിൽനിന്നുള്ളതാണെന്നും പുതിയ നിക്ഷേപം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ‘ബുൾഡോസർ നടപടികൾ’ ഉണ്ടായിട്ടുണ്ട്. നിയമത്തെ മറികടന്നാണോ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർക്കുന്നതെന്ന ചോദ്യവും ഉയർന്നിരുന്നു. കേസുകളിൽ പ്രതികളായതിന്റെ പേരിൽ ചിലരുടെ വീടുകൾ ബുൾഡോസർകൊണ്ട് പൊളിച്ചുനീക്കിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ആ കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി നിർമ്മിച്ചവയാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഇതുസംബന്ധിച്ച് രാജ്യവ്യാപകമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് 2024-ൽ 'ബുൾഡോസർ നടപടി’ക്കെതിരായ ഹർജി പരിഗണിക്കവെ, സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഒരാൾ പ്രതിയാണെന്ന കാരണത്താൽ മാത്രം അയാളുടെ വീട് പൊളിക്കാനാകുമോയെന്ന് കോടതി ചോദിച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽപ്പോലും നടപടിക്രമങ്ങൾ പാലിക്കാതെ കെട്ടിടം പൊളിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Content Highlights: CM Yogi Adityanath claims bulldozers have become the brand of Uttar Pradesh., Tough stance on crime turned UP into a top investment destination., Over 50 lakh crore investment proposals received in the last nine and a half years., Supreme Court previously questioned demolitions based merely on accused status.