മനീഷ് തിവാരിയുടെ പുസ്തകപ്രകാശനത്തിന്‌ യശ്വന്ത് സിന്‍ഹ: പുതിയ ജോലി തേടുന്നെന്ന്‌ ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ബിജെപി നേതാവ് യശ്വന്ത് സിന്‍ഹക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതൃത്വം.
രാജ്യത്തിന് ഏറ്റവും വലിയ അഴിമതി സര്‍ക്കാരിനെ സമ്മാനിച്ച കോണ്‍ഗ്രസുമായാണ് ഇപ്പോള്‍ യശ്വന്ത് സിന്‍ഹയുടെ ചങ്ങാത്തമെന്ന് ബിജെപി നേതാവ് ജി.എല്‍.വി. നരസിംഹ റാവു കുറ്റപ്പെടുത്തി.
അദ്ദേഹം പുതിയ ജോലി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിനെ ന്യായീകരിക്കുന്നതെന്നും രാഷ്ട്രീയത്തില്‍ ഒരു പണിയും ഇല്ലാത്ത രാഹുല്‍ ഗാന്ധിയുടെ പിന്നാലെയാണ് ഇപ്പോള്‍ സിന്‍ഹയെന്നും അദ്ദേഹം പരിഹസിച്ചു.
വ്യാഴാഴ്ചയാണ് മനീഷ് തിവാരിയുടെ പുസ്തക പ്രകാശനത്തിന്റെ ഭാഗമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം യശ്വന്ത് സിന്‍ഹ വേദി പങ്കിട്ടത്.
ഇന്ത്യയുടെ സാമ്പത്തിക മേഖല സംബന്ധിച്ച പുതിയ വിവരങ്ങള്‍ സിന്‍ഹയ്ക്കു എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ഇപ്പോള്‍ മനസിലായെന്നായിരുന്നു ബിജെപി വക്താവ് അനില്‍ ബാലുനിയുടെ പ്രതികരണം.
ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് ഏറെ ദുഃഖകരമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ മനസ് മാറ്റിയിരിക്കുകയാണ് അതുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയോട് അകലം പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് അടുത്തിടെ യശ്വന്ത് സിന്‍ഹ പ്രസ്താവന ഇറക്കിയിരുന്നു. ഇതേതുടര്‍ന്നുള്ള വാക്‌പോര്‌ തുടരുന്നതിനിടെയാണ് അദ്ദേഹം കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തത്.


VIEW ON mathrubhumi.com