ബംഗാളിൽ ഏഴ് ആനത്താരകൾ പുനഃസ്ഥാപിക്കാൻ മമത സർക്കാർ; മനുഷ്യ ഇടപെടലിന് നിയന്ത്രണം

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏഴ് ആനത്താരകള്‍ പുനഃസ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനം. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിച്ചുവരുന്നതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന വനം ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വടക്കന്‍ ബംഗാളിലെ ഏഴ് ആനത്താരകള്‍ പുനഃസ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആനകളുടെ സഞ്ചാരം സുഗമമാക്കാനാണ് ആനത്താരകള്‍ പുനഃസ്ഥാപിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

ആനത്താരകളില്‍ നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കില്ല. 400 മീറ്റര്‍വരെ വീതിയില്‍ അഞ്ച് കിലോമീറ്ററോ അതില്‍ കൂടുതലോ ദൂരമുള്ള ആനകളുടെ സഞ്ചാരപാതകളില്‍ മനുഷ്യവാസം നിരോധിക്കും. പൈലറ്റ് പദ്ധതിയിലുള്ള രണ്ട് ആനത്താരകളില്‍ എട്ട് തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടുത്തെ തേയിലച്ചെടികള്‍ മാറ്റി സമ്മിശ്ര കൃഷി നടത്തും. ഇതിനായി നഷ്ടപരിഹാരം നല്‍കുന്നതടക്കം പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുകയണ്.

ആനത്താരയുടെ ഇരുവശങ്ങളിലും ആദ്യഘട്ടത്തില്‍ സൗരോര്‍ജവേലികള്‍ സ്ഥാപിക്കുമെന്നും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഭാസ്‌കര്‍ ജെ.വി. പറഞ്ഞു. ആനത്താരയില്‍ മനുഷ്യവാസം അനുവദിക്കില്ലെന്നും വീടുകളടക്കമുള്ള നിര്‍മാണങ്ങള്‍ പാടില്ലെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് വനംമന്ത്രി ബിര്‍ബാഹ ഹന്‍സ്ദ പറഞ്ഞു.

നേരത്തെ, കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നു. ആനകളെ നിരീക്ഷിക്കാന്‍ നിര്‍മിത ബുദ്ധി അധിഷ്ടിതമായ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങി മനുഷ്യജീവനുകള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു. 2024-ല്‍ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നാണ് കണക്ക്. കാടിനോട് ചേര്‍ന്ന മേഖലകളില്‍ കൃഷിസ്ഥലങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിലവില്‍ 700-നും 800 ഇടയില്‍ കാട്ടാനകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 500-ഓളം കാട്ടാനകള്‍ വടക്കന്‍ ബംഗാള്‍ മേഖലയിലാണ്.

Content Highlights: West Bengal forest dept. plans to restore 7 elephant corridors to mitigate human-wildlife conflict