പരിഭ്രമിച്ചുപോയി, ആകെ അറിയാവുന്നത് ആ ആശുപത്രി മാത്രമായിരുന്നു; ഡൽഹി BMW അപകടക്കേസിൽ പ്രതിയുടെ മൊഴി

അറസ്റ്റിലായ ഗഗൻപ്രീത് കൗര്‍, അപകടത്തിൽപെട്ട കാർ | Photo:PTI, ANI
അറസ്റ്റിലായ ഗഗൻപ്രീത് കൗര്‍, അപകടത്തിൽപെട്ട കാർ | Photo:PTI, ANI

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് കേന്ദ്രധനമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്‍ മരിക്കുകയും ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, കാറോടിച്ചിരുന്ന യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗഗന്‍പ്രീത് കൗര്‍ എന്ന ഗുരുഗ്രാം സ്വദേശിനി ഓടിച്ച കാറായിരുന്നു ധനമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി നവ്‌ജോത് സിങ്ങും ഭാര്യ സന്ദീപ് കൗറും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. തിങ്കളാഴ്ച ഗഗൻപ്രീത് അറസ്റ്റിലായിരുന്നു. 

അപകടത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായതും ആ ഒരു ആശുപത്രിയെക്കുറിച്ച് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നതിനാലുമാണ് നവ്ജോതിനെയും ഭാര്യയെയും 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ഗഗന്‍പ്രീത് കൗര്‍ പോലീസിന് മൊഴി നല്‍കി. കോവിഡ് 19-ന്റെ സമയത്ത് തന്റെ മക്കളെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയായിരുന്നു അതെന്നും അതുകൊണ്ടാണ് ആ ആശുപത്രിയുടെ കാര്യം മനസ്സിലേക്ക് വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമീപത്തെ ആശുപത്രികളെ ഒഴിവാക്കി 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് തന്നെയും ഭര്‍ത്താവിനെയും കൊണ്ടുപോയെന്ന് നവ്‌ജോതിന്റെ ഭാര്യ ആരോപിച്ചിരുന്നു. കാര്‍ ഇടിച്ചതിന് ശേഷവും ഭര്‍ത്താവിന് ജീവനുണ്ടായിരുന്നെന്നും സമീപത്തെ ആശുപത്രിയിലെവിടേക്കെങ്കിലും കൊണ്ടുപോകാന്‍ കേണപേക്ഷിച്ചെങ്കിലും ഗഗന്‍പ്രീത് അത് ചെവിക്കൊണ്ടില്ലെന്നും സന്ദീപ് പറഞ്ഞിരുന്നു.

അപകടത്തിന് പിന്നാലെ, 19 കിലോമീറ്റര്‍ അകലെ ജിടിബി നഗറിലെ ആശുപത്രിയിലേക്ക് ഡെലിവെറി വാനിലാണ് നവ്‌ജോത് സിങ്ങിനെയും സന്ദീപ് കൗറിനെയും എത്തിച്ചത്. സന്ദീപിന്റെ ശരീരം പലയിടത്തും ഒടിഞ്ഞിട്ടുണ്ട്, തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗഗന്‍പ്രീത് കൗറിനൊപ്പം ഭര്‍ത്താവും കാറിലുണ്ടായിരുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും സാരമായ പരിക്കുകളുണ്ട്.

സമീപത്തെ ആശുപത്രികളില്‍ തന്റെ മാതാപിതാക്കളെ കൊണ്ടുപോകാത്തതില്‍ നവ്‌ജോതിന്റെ മകനും സംശയം ഉന്നയിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ പിതാവ് മരിക്കില്ലായിരുന്നെന്നും നവ്‌ജോത് സിങ്ങിന്റെ മകന്‍ പറഞ്ഞിരുന്നു. 

Content Highlights: was panic and only knew that hospital says delhi bmw accidnt case accused