വഖഫ് ബിൽ രാജ്യസഭയിൽ: മുനമ്പം ഉന്നയിച്ച് കിരൺ റിജിജു; ലക്ഷ്യം ഭിന്നിപ്പിക്കലെന്ന് കോണ്‍ഗ്രസ്‌

കിരണ്‍ റിജിജു, സയ്യിദ് നസീര്‍ ഹുസൈന്‍ | Photo: PTI, ANI
കിരണ്‍ റിജിജു, സയ്യിദ് നസീര്‍ ഹുസൈന്‍ | Photo: PTI, ANI

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്ക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്ന് കിരണ്‍ റിജിജു പറഞ്ഞു.

മുസ്ലിങ്ങളുടെ മതപരമായ വിശ്വാസങ്ങളില്‍ കടന്നുകയറുന്നതല്ല ബില്‍. വഖഫ് വസ്തുക്കള്‍ ശരിയായ രീതിയില്‍ വികസിപ്പിച്ചാല്‍ കോടിക്കണക്കിന് പാവപ്പെട്ട മുസ്ലിങ്ങളുടെ ജീവിതം അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ള മെച്ചപ്പടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബില്‍ അവതരിപ്പിച്ചുകൊണ്ടുള്ള തന്റെ പ്രസംഗത്തില്‍, മുനമ്പം ഭൂമി പ്രശ്‌നവും അദ്ദേഹം പരാമര്‍ശിച്ചു. കേരളത്തിലെ മുനമ്പത്ത് 600-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണെന്നായിരുന്നു കിരണ്‍ റിജിജു പറഞ്ഞത്. കേരളത്തില്‍നിന്നുള്ള എംപിമാര്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ അഭ്യര്‍ഥന കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍നിന്നുള്ള എംപി സയ്യിദ് നസീര്‍ ഹുസൈനാണ് കോണ്‍ഗ്രസിനുവേണ്ടി ബില്ലിനെ എതിര്‍ത്ത് ആദ്യംസംസാരിച്ചത്. ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സയ്യിദ് നസീര്‍ ഹുസൈന്‍ ആരോപിച്ചു. ജെപിസിക്ക് മുമ്പാകെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 98% പേരും അതിനെതിരായിരുന്നു. സ്റ്റേക് ഹോള്‍ഡേഴ്‌സ് അല്ലാത്തവരെപ്പോലും ചര്‍ച്ചകള്‍ക്കായി വിളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഒരു സമുദായത്തെ രണ്ടാംതരം പൗരന്മാരാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് സയ്യിദ് നസീര്‍ ഹുസൈന്‍ ആരോപിച്ചു. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഭരണഘടനയ്‌ക്കെതിരാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ട്രൈബ്യൂണലിനെക്കുറിച്ച് കോണ്‍ഗ്രസ് എംപി പരാമര്‍ശിച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടു. പിന്നാലെ സംസാരിച്ച പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് എംപിമാരെ തടസ്സങ്ങളില്ലാതെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

ബിജെപിയില്‍നിന്ന് രാധാമോഹന്‍ദാസ് അഗര്‍വാള്‍ ആയിരുന്നു പിന്നാലെ സംസാരിച്ചത്. സയ്യിദ് നസീര്‍ ഹുസൈന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ കര്‍ണാടകയില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്ന് രാധാമോഹന്‍ദാസ് അഗര്‍വാള്‍ ആരോപിച്ചു. അതിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെന്നും ബിജെപി എംപി കുറ്റപ്പെടുത്തി. ബില്‍ പാസായാല്‍ പള്ളികള്‍ മുസ്ലിങ്ങളില്‍നിന്ന് ഏറ്റെടുക്കുമെന്ന് ആരോപിച്ച് പിഎഫ്‌ഐയുടെ എസ്ഡിപിഐ രാജ്യത്തുടനീളം ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. കോണ്‍ഗ്രസ് മുസ്ലിം സമുദായത്തിനിടയില്‍ ഭയം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രാധാമോഹന്‍ദാസ് അഗര്‍വാളിന്റെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യംവിളി ആരോപണത്തിന് സയ്യിദ് നസീര്‍ ഹുസൈന്‍ മറുപടി നല്‍കി. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍, മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ്‌ചെയ്ത് വിചാരണചെയ്യണമെന്ന് സയ്യിദ് നസീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. പിന്നാലെ, സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി നദീമുള്‍ ഹഖ്, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ബില്‍ വിശ്വാസത്തിന്റെ മാത്രമല്ല, ഭരണഘടനാപ്രശ്‌നം കൂടിയാണെന്ന് നദീമുള്‍ ഹഖ് അഭിപ്രായപ്പെട്ടു. ഡിഎംകെയില്‍നിന്ന് തിരുച്ചി ശിവ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. 37 എംപിമാരാണ് രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

Content Highlights: Waqf Amendment Bill: Rajya Sabha Debate