ബൂത്ത് തിരിച്ചുള്ള വോട്ടിങ് ശതമാനം പരസ്യപ്പെടുത്തൽ; ഇടക്കാല ഉത്തരവിന് വിസ്സമ്മതിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബൂത്ത് അടിസ്ഥാനത്തിൽ വോട്ട് കണക്ക് 48 മണിക്കൂറിനിനുള്ളിൽ പ്രസിദ്ധീകരിക്കാൻ നിർദേശിക്കണമെന്ന ആവശ്യത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിനാൽ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, എസ് സി ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വോട്ട് വിവരങ്ങൾ അടങ്ങുന്ന ഫോം 17സി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും ബൂത്ത് തിരിച്ചുള്ള വോട്ടർമാരുടെ കണക്ക് പരസ്യമാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, മൗഹ മൊയ്ത്ര എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം ഈ ഘട്ടത്തിൽ അംഗീകരിക്കരുതെന്ന് തിരെഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സംശയങ്ങളും, ആശങ്കകളും മാത്രമാണ് ഹർജിക്കാർ ഫയൽ ചെയ്ത അപേക്ഷയിൽ ഉള്ളത്. വസ്തുതയുമായി ഇതിന് ബന്ധമില്ല. സംശയം ജനിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഹർജിക്കാർക്കുള്ളതെന്നും കമ്മീഷൻ ആരോപിച്ചു.
97 കോടി വോട്ടർമാർ ആണ് ഉള്ളത്. മാനുഷികമായ ചില പിഴവുകൾ ഉണ്ടാകുമെന്നത് ഒഴിച്ച് നിറുത്തിയാൽ ഏറ്റവും സുതാര്യമായ രീതിയിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ എന്നും കമ്മിഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിങ് വാദിച്ചു. എന്നാൽ ആദ്യം പ്രഖ്യാപിക്കുന്ന പോളിങ് ശതമാനവും, അന്തിമ പോളിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസം ആണുള്ളതെന്നും തിരെഞ്ഞെടുപ്പ് പ്രകൃയയിലെ സുതാര്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
അതെ സമയം 2019 മുതൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ആണിതെന്ന് ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, എസ് സി ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞു. നാളെ ആറാം ഘട്ടം ആണ്. ജൂൺ 1 ന് ആണ് അവസാന ഘട്ടം. അവസാന ഘട്ടത്തത്തിലേക്ക് കടന്ന തെരെഞ്ഞെടുപ്പ് നടപടികളിൽ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വേനൽ അവധിക്ക് ശേഷം 2019 ലെ ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ, ഈ ആവശ്യവും പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
Content Highlights: voting percentage Supreme Court refused the interim order