ബില്ലിനുള്ള പിന്തുണ പിൻവലിച്ചാൽ പവാറിനോട് മാപ്പുപറയും; ‘പിന്നിൽനിന്ന് കുത്തുന്നയാൾ’ പരാമർശത്തിൽ കോൺഗ്രസ് നേതാവ്

#ന്യൂസ് ഡെസ്‌ക്
ശരദ് പവാര്‍ | Photo: ANI
ശരദ് പവാര്‍ | Photo: ANI

മുംബൈ: മണ്ഡല പുനർനിർണയ ബില്ലിനുള്ള പിന്തുണ ശരദ് പവാർ പിൻവലിക്കുന്നപക്ഷം അദ്ദേഹത്തോട് മാപ്പുപറയാൻ തയ്യാറാണെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് വിജയ് വടേട്ടിവാർ. ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ എൻസിപി എസ്പി അധ്യക്ഷൻകൂടിയായ പവാറിനെ ‘പിന്നിൽനിന്ന് കുത്തുന്നയാൾ’ എന്ന് വിജയ് വിമർശിച്ചിരുന്നു.

‘പവാർ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പാദത്തിൽ തലവെച്ച് മാപ്പ് ചോദിക്കും’, വിജയ് പറഞ്ഞു. പവാർ ആവശ്യപ്പെട്ടാൽ രാഷ്ട്രീയം വിടാൻ തയ്യാറാണെന്നും പറഞ്ഞ വിജയ്, തന്റെ പ്രസ്താവന ആരെയും വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. മതനിരപേക്ഷ ആശയങ്ങളിൽ അടിയുറച്ച നേതാവെന്ന പവാറിന്റെ പ്രതിച്ഛായ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ നിലനിൽക്കും. ബില്ലിനുള്ള പിന്തുണ അദ്ദേഹം പിൻവലിച്ചാൽ എന്തുചെയ്യാനും ഞാൻ തയ്യാറാണ്. അദ്ദേഹം ആവശ്യപ്പെട്ടാൽ രാഷ്ട്രീയംപോലും വിടും, വിജയ് പറഞ്ഞു.

പവാറിന് ആളുകളെ പിന്നിൽനിന്ന് കുത്തിയതിന്റെ ചരിത്രമുണ്ടെന്നാണ് ശനിയാഴ്ച വിജയ് വിമർശിച്ചത്. അവർ എല്ലായ്പ്പോഴും ആളുകളെ പിന്നിൽനിന്ന് കുത്തുകയും മുതലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അവർ അത് ആവർത്തിച്ചിരിക്കുന്നു. അധികാരമില്ലാതെ ഈ പാർട്ടിക്ക് നിലനിൽക്കാനാവില്ല. അവർക്ക് ഒരു പ്രത്യയശാസ്ത്രവുമില്ലെന്ന് ഇതിലൂടെ തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Content Highlights: Congress leader Vijay Wadettiwar expressed willingness to apologize to Sharad Pawar., Wadettiwar stated he would even quit politics if Pawar withdraws support for the delimitation bill., The remarks follow earlier criticism where Wadettiwar accused Pawar of backstabbing.