വന്ദേമാതരം ഔദ്യോഗിക പ്രോട്ടോക്കോൾ; RSS-ന്റെ ദീർഘകാല അജൻഡകളിൽ ഒന്നുകൂടി നടപ്പാക്കിയെന്ന് വിമർശനം

#പ്രത്യേക ലേഖകന്‍
Photo: ANI
Photo: ANI

ന്യൂഡൽഹി: ദേശീയഗാനമായ ജനഗണമനയ്‌ക്കൊപ്പം തുല്യ ആദരം നൽകിയിരുന്ന ദേശീയഗീതമായ വന്ദേമാതരത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇപ്പോൾ ഔദ്യോഗിക പ്രോട്ടക്കോൾ പുറപ്പെടുവിച്ചത് എന്തുകൊണ്ട്? 'വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിനാൽ' എന്നായിരിക്കും ലളിതമായ ഉത്തരം. എന്നാൽ, ആർ.എസ്.എസിന്റെ ദീർഘകാല അജൻഡകളിൽ ഒന്നുകൂടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കഴിഞ്ഞെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ആദ്യ രണ്ടു ഖണ്ഡികകളാണ് 1950-ൽ ദേശീയഗീതമായി അംഗീകരിക്കപ്പെട്ടത്. പുതിയ ഉത്തരവിൽ ആറു ഖണ്ഡികകളും ആലപിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. തീരുമാനത്തിനുപിന്നിലെ രാഷ്ടീയം ആ നിർദേശത്തിൽ മറഞ്ഞിരിപ്പുണ്ട്.

നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഒരുവർഷം നീളുന്ന ആഘോഷം നടന്നുവരികയാണ്. പാർലമെന്റിൽ പ്രത്യേക ചർച്ചയും നടന്നു. വന്ദേമാതരത്തിന്റെപേരിൽ ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ വലിയ രാഷ്ടീയപ്പോരും ചരിത്രം ഉദ്ധരിച്ചുള്ള വാദപ്രതിവാദങ്ങളുമുണ്ടായി. 1937-ൽ വന്ദേമാതരത്തിന്റെ നാലു ഖണ്ഡികകൾ ഒഴിവാക്കി ആദ്യ രണ്ടുഖണ്ഡികകൾമാത്രം ദേശീയഗീതമായി അംഗീകരിക്കുന്നതിലേക്ക് നയിച്ച ചർച്ചകളുടെപേരിൽ കോൺഗ്രസിനെതിരേ പ്രധാനമന്ത്രി രംഗത്തുവന്നിരുന്നു. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച അതേരീതിയിൽ പൂർണമായി വന്ദേമാതരത്തെ അംഗീകരിക്കാത്തത് എന്തുകൊണ്ട് എന്നായിരുന്നു മോദിയുടെ ചോദ്യം.

നാലു ഖണ്ഡികകൾ ഒഴിവാക്കിയതിനെ ചരിത്രപരമായ തെറ്റെന്നും കുറ്റപ്പെടുത്തി. 1937-ലെ തീരുമാനത്തെയും കോൺഗ്രസ് പ്രവർത്തകസമിതി ചർച്ചകളെയും കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി മോദിയും ബി.ജെ.പി.യും ചിത്രീകരിച്ചു. ഒൻപത് പതിറ്റാണ്ടുമുൻപ് എടുത്ത തീരുമാനത്തിൽ വിവാദം കുത്തിപ്പൊക്കിയതിനുപിന്നിൽ ബംഗാൾ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള രാഷ്ടീയ കണക്കുകൂട്ടലുണ്ട്. ഹിന്ദു ദേവതമാരെക്കുറിച്ച് പരാമർശമുള്ളതുകൊണ്ടാണ് ചില ഖണ്ഡികകൾ ഒഴിവാക്കിയതെന്ന് ബി.ജെ.പി. ആരോപിക്കുന്നു. ഇതിലൂടെ തൃണമൂൽ കോൺഗ്രസിനെയും വെട്ടിലാക്കാൻ ശ്രമംനടത്തി.

1937-ലെ പ്രവർത്തകസമിതിക്കു മുന്നോടിയായി നടന്ന ചർച്ചകളും കത്തിടപാടുകളും ഉയർത്തിയാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത്. ദേശീയ പ്രതീകങ്ങൾ എല്ലാവരേയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും ഉൾക്കൊള്ളാവുന്നതുമാകണം എന്നതിനെക്കുറിച്ചായിരുന്നു 1937-ലെ ചർച്ചകളെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. സൗകര്യപ്രദമായ വ്യാഖ്യാനങ്ങളിലൂടെ സർക്കാർ വന്ദേമാതരത്തെ രാഷ്ടീയവത്കരിക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയുമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

വന്ദേമാതരത്തെ ജനഗണമനയ്ക്കുമുകളിൽ പരിഗണിക്കുന്ന സമീപനമാണ് ജനസംഘവും പിന്നീട് ബി.ജെ.പി.യും സ്വീകരിച്ചിരുന്നത്. സംഘപരിവാർ എന്നും ഈ ഗീതത്തെ ഹിന്ദുത്വ ദേശീയതയുടെ പ്രതീകമായി കണ്ടു. മോദി സർക്കാർ പ്രോട്ടക്കോൾ പ്രഖ്യാപിക്കുകയും ചെയ്തു.

Content Highlights: Critics claim Modi govt implementing RSS agenda by issuing Vande Mataram protocol, mandating all 6 stanzas. Political debate ignites.