ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ടുമരണം; എട്ടുപേരെ രക്ഷപ്പെടുത്തി, 10 പേരെ കാണാനില്ല

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പെട്ട 10 പേരെ കാണാതായി. ബസില്‍ 20 പേരോളം ഉണ്ടായിരുന്നതായാണ് വിവരം. പോലീസും ജില്ലാ ദുരന്ത പ്രതികരണ സേനയും സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബദരിനാഥിലേക്ക് പോവുകയായിരുന്ന ബസ് രുദ്രപ്രയാഗില്‍വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് അളകനന്ദാ നദിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബസ് നദിയിലേക്ക് വീഴുംമുമ്പ് പുറത്തേക്ക് ചാടിയവരാണ് രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികള്‍ പറയുന്നു.
31 സീറ്റുകളുള്ള ബസില്‍ ഡ്രൈവറടക്കം 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനില്‍നിന്നും ഗുജറാത്തില്‍നിന്നുമുള്ള കുടുംബങ്ങളാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. നദീതീരത്തുനിന്നും കുന്നിന്‍ചെരുവിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമാണ്.
പരിക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പങ്കുവെക്കരുതെന്നു ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതി പരത്തരുതെന്നും ജില്ലാ ഭരണകൂടം ആഭ്യര്‍ഥിച്ചു.
Content Highlights: bus fell into alakananda river at rudraprayag uttarakhand 2 dead 7 rescued 10 missing