'നിമിഷങ്ങൾക്കുള്ളിൽ അനങ്ങാനാവാതെ മഞ്ഞിനുള്ളിലായി'; ഉത്തരാഖണ്ഡ് ഹിമപാതത്തിൽപ്പെട്ട തൊഴിലാളി പറയുന്നു

ഉത്തരാഖണ്ഡ് ചമോലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനം| Photo: ANI
ഉത്തരാഖണ്ഡ് ചമോലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനം| Photo: ANI

ദെഹ്‌റാദൂണ്‍: ഇടിമുഴക്കം പോലുള്ള ഭീകരശബ്ദം കേട്ടതിനു പിന്നാലെ വലിയ രീതിയില്‍ മഞ്ഞിടിഞ്ഞുവരുന്നതാണ് കണ്ടതെന്ന് ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ കുടങ്ങി രക്ഷപ്പെട്ട ഗോപാല്‍ ജോഷി. ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ കുടുങ്ങിയ 54 തൊഴിലാളികളില്‍ 50 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ നാലുപേർക്ക് ജീവൻ നഷ്ടമായി.

'രാവിലെ ആറുമണിക്കാണ് സംഭവം നടന്നത്. മഞ്ഞിടിഞ്ഞ് വരുന്നതുകണ്ട് എല്ലാവരും നിലവിളിച്ചുകൊണ്ട് ഓടി. നിമിഷങ്ങള്ളില്‍ നടക്കാനാവാതെ ഞങ്ങള്‍ മഞ്ഞില്‍ കുടുങ്ങിപ്പോയി. പിന്നീട് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വന്നാണ് രക്ഷപ്പെടുത്തിയത്', ജോഷി പറഞ്ഞു. മഞ്ഞില്‍ പൂര്‍ണമായും പുതഞ്ഞുപോയവരെയും സേന രക്ഷപ്പെടുത്തിയിരുന്നു.

റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞിനടിയിലകപ്പെട്ടത്. പലരും ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ക്യാമ്പിന് സമീപമാണ് സംഭവം. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബി.ആര്‍.ഒ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്‍. മീണ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ സേന (എസ്.ഡി.ആര്‍.എഫ്), ദേശീയ ദുരന്ത നിവാരണസേന (എന്‍.ഡി.ആര്‍.എഫ്), ജില്ലാ ഭരണകൂടം, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി), ബി.ആര്‍.ഒ ടീമുകള്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്നത്. 

ശക്തമായ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ സംഭവസ്ഥലത്ത് എത്തിക്കുന്നത് കനത്ത വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററില്‍ എസ്.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തും. അതേസമയം, ഉത്തരാഖണ്ഡിലുള്‍പ്പെടെ അതിശക്തമായ മഴ (20 സെന്റീമീറ്റര്‍ വരെ) പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

Content Highlights: Uttarakhand Avalanche: 33 Rescued, Many Still Trapped