യുഎസിന്റെ 27 ശതമാനം അധികതീരുവ; ജിഡിപിയില്‍ 2.5 ലക്ഷം കോടിയുടെ കുറവുണ്ടായേക്കും-ഐഎംഎഫ്

#കെ.വി രാജേഷ്‌
ട്രംപ് താരിഫ് നിരക്കുകള്‍ പ്രഖ്യാപിക്കുന്നു | Photo: gettyimages
ട്രംപ് താരിഫ് നിരക്കുകള്‍ പ്രഖ്യാപിക്കുന്നു | Photo: gettyimages

മുംബൈ: ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയ 27 ശതമാനം അധികതീരുവ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതലെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) 3,000 കോടി ഡോളറിന്റെ (ഏകദേശം 2.5 ലക്ഷം കോടി രൂപ) വരെ കുറവുണ്ടാകാന്‍ ഇതു കാരണമാകുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. 

മൊത്തം ജിഡിപിയുടെ 0.70 ശതമാനം വരുമിത്. 20 ശതമാനത്തിനു മുകളില്‍ വരുന്ന അധികത്തീരുവ ഇന്ത്യന്‍ ജിഡിപിയില്‍ അരശതമാനത്തിലധികം ഇടിവുണ്ടാക്കുമെന്ന് ബ്രോക്കറേജ് കമ്പനിയായ മാക്വറീയും വിലയിരുത്തുന്നുണ്ട്. അതേസമയം, തുടക്കത്തില്‍ ചില തിരിച്ചടിയുണ്ടാകാമെങ്കിലും ഇരുരാജ്യങ്ങളും ഉഭയകക്ഷി കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നത് പ്രതീക്ഷ നല്‍കുന്നതാണ്.

അധികതീരുവയുടെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് വാണിജ്യവകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വാണിജ്യ-വ്യവസായ മേഖലയുടെയും കയറ്റുമതി സ്ഥാപനങ്ങളുടെയും അഭിപ്രായം തേടും.

ഓഹരിവിപണിയെ കാര്യമായി ബാധിച്ചില്ല

പകരച്ചുങ്കത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിവിപണി രാവിലെ വലിയ ഇടിവിലേക്കു നീങ്ങിയെങ്കിലും തിരിച്ചുകയറി. എങ്കിലും സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. സെന്‍സെക്‌സ് 322.08 പോയിന്റ് നഷ്ടത്തില്‍ 76,295.36 പോയിന്റില്‍ വ്യാപാരം നിര്‍ത്തി. നിഫ്റ്റിയാകട്ടെ 82.25 പോയിന്റ് കുറഞ്ഞ് 23,250.10 പോയിന്റിലവസാനിച്ചു.- ഐഎംഎഫ്


 

Content Highlights: us tariffs could reduce Indias gdp growth