അന്താരാഷ്ട്ര കോടതിക്കെതിരേ യു.എസ്. ഉപരോധം; നീക്കം നൊബേൽ പ്രഖ്യാപിച്ചതിന് പിന്നാലെ

വാഷിങ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരേ (ഐ.സി.സി). വ്യാപകമായ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. കോടതി രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും അമേരിക്കക്കാരെയും ഇസ്രയേലികളെയും യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്യായമായും നിയമവിരുദ്ധമായും വിചാരണചെയ്യാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
അമേരിക്കൻ സൈനികർക്കെതിരേ ഇറാഖിലും അഫ്ഗാനിസ്താനിലും നടന്ന യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ദക്ഷിണാഫ്രിക്കൻ പ്രോസിക്യൂട്ടറും മുൻ ഐ.സി.സി. ജഡ്ജിയുമായ നവി പിള്ളയ്ക്ക് സമാധാന നൊബേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ, നൊബേൽ പ്രഖ്യാപനത്തിന് ഏറെ മുൻപുതന്നെ ആസൂത്രണംചെയ്ത നീക്കമാണിതെന്നാണ് വാദം.
അന്താരാഷ്ട്ര കോടതിയുമായുള്ള ഇടപാടുകൾ തടഞ്ഞ് അതിന്റെ പ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങൾ ഇല്ലാതാക്കുമെന്നും പ്രവർത്തനശേഷി തകർക്കുമെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അമേരിക്കയും അമേരിക്കൻ ജനതയും ഐ.സി.സി.യുടെ അധികാരപരിധിക്കു കീഴിലല്ലെന്നും പറഞ്ഞു. അമേരിക്കയുടെ പരിധിയിലുള്ള ഐ.സി.സി. ആസ്തികൾ മരവിപ്പിക്കും. കോടതിയുമായി ഇടപാടുകളുള്ള അമേരിക്കൻ കമ്പനികൾക്കും വ്യക്തികൾക്കും അവ അവസാനിപ്പിക്കാൻ ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ തുടങ്ങിയ ഗുരുതരമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ വ്യക്തികളെ വിചാരണചെയ്യുന്നതിനായി 2002-ൽ സ്ഥാപിതമായ കോടതിയാണ് ഐ.സി.സി. അമേരിക്ക അംഗമല്ല.
ഉപരോധത്തെ നിയമവാഴ്ചയ്ക്കും അന്താരാഷ്ട്ര നിയമക്രമത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾക്കുമെതിരായ ആക്രമണമെന്ന് ഐ.സി.സി. വിശേഷിപ്പിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരാരും നിയമത്തിനതീതരല്ലെന്ന തത്ത്വത്തെയാണ് നടപടി ചോദ്യംചെയ്യുന്നതെന്നും വ്യക്തമാക്കി. ഉപരോധങ്ങൾക്കിടയിലും സ്വതന്ത്രമായും നിഷ്പക്ഷമായും നിയമത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രവർത്തനം തുടരുമെന്ന് ഐ.സി.സി. പ്രസിഡന്റ് തൊമോകോ അകാനെ അറിയിച്ചു. കോടതിയെ സംരക്ഷിക്കാൻ അംഗരാജ്യങ്ങളുടെ പിന്തുണയും അഭ്യർഥിച്ചു.നൊബേൽ വിവരമറിഞ്ഞ നവി പിള്ളയുടെ ആദ്യപ്രതികരണം ഇങ്ങനെ: ‘‘അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ഗുരുതര ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കുന്നതിനുമുള്ള നിയമപരമായ ബാധ്യത നിറവേറ്റാൻ ലോകനേതാക്കൾ തയ്യാറാകണം’’.
Content Highlights: The US government has imposed sweeping sanctions against the International Criminal Court (ICC)., The move comes after accusations that the court is politicized and unfairly targeting US and Israeli personnel., US Secretary of State Marco Rubio announced the sanctions, aiming to cut off the court's resources., The ICC condemned the sanctions as an attack on the rule of law and international legal principles.