യുപിഐ എം.ഡി.ആറിന് GST: പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകളുടെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന് (എം.ഡി.ആർ.) മേൽ വ്യാപാരികൾ 18 ശതമാനം ജി.എസ്.ടി. നൽകേണ്ടി വരുമെന്ന വാർത്തകൾ വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര സർക്കാർ. ജി.എസ്.ടി. രജിസ്ട്രേഷനുള്ള വ്യാപാരികൾക്ക് അവർ നൽകുന്ന ഈ നികുതി തുക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വഴി തിരികെ ക്രമീകരിക്കാൻ സാധിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തക്കളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

എം.ഡി.ആർ. നിരക്കുകളിൽ പ്രത്യേക ജി.എസ്.ടി. ഈടാക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. യു.പി.ഐ. ഇടപാടുകളിലെ എം.ഡി.ആർ. തുകയ്ക്ക് ജി.എസ്.ടി. ബാധകമായിരിക്കുമെങ്കിലും, വ്യാപാരസ്ഥാപനങ്ങൾക്ക് ഇതിന്മേൽ പൂർണ്ണമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനും ബാധ്യത ഒഴിവാക്കാനും സാധിക്കും. യു.പി.ഐ. ഉപയോക്താക്കൾക്ക് മേൽ പുതിയ ജി.എസ്.ടി. ഭാരം ചുമത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങൾ ജി.എസ്.ടി. കൗൺസിൽ പരിശോധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഒക്ടോബർ 15 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ നിയമപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള പേഴ്സൺ-ടു-മർച്ചന്റ് യു.പി.ഐ. ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ. ആയിരിക്കും ഈടാക്കുക. ഇതിന് ഒരു ഇടപാടിന് പരമാവധി 300 രൂപ എന്ന പരിധിയുമുണ്ട്. റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം എന്നീ പ്രത്യേക വിഭാഗങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപ എന്ന നിശ്ചിത ഇളവ് നിരക്കിലായിരിക്കും എം.ഡി.ആർ. ഈടാക്കുക.