'മീററ്റിലേതുപോലെ കൊന്ന് വീപ്പയിലാക്കും'; ഭാര്യയും കാമുകനും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി, കേസ്

ഗോണ്ട: മീററ്റിൽ നടന്ന കൊലപാതകത്തിന് സമാനമായ രീതിയില്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായി യുവാവിന്‍റെ പരാതി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. ജല്‍ നിഗത്തിലെ ജോലിക്കാരനായ ധര്‍മേന്ദ്ര കുഷ്വാഹ ആണ് ഭാര്യയായ മായാ മൗര്യയ്ക്ക് എതിരേ പരാതി നല്‍കിയിരിക്കുന്നത്. മായാ മൗര്യയും കാമുകനായ നീരജ് മൗര്യയും തന്നെ കൈയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ധര്‍മേന്ദ്ര പറയുന്നു. മായ ധര്‍മേന്ദ്രയെ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
2016-ലായിരുന്നു മായാ മൗര്യയും ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയവിവാഹം. മകളുണ്ടായ ശേഷം മായയുടെ പേരില്‍ മൂന്ന് കാറുകളും ധര്‍മേന്ദ്ര വാങ്ങി നല്‍കിയിരുന്നു. 2022-ല്‍ മായയുടെ പേരില്‍ കുറച്ച് സ്ഥലം വാങ്ങുകയും അവിടെ വീട് പണിയാനുള്ള കരാര്‍ മായയുടെ ബന്ധുവായ നീരജ് മൗര്യയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഈ സമയത്താണ് മായ നീരജുമായി അടുക്കുന്നത്. നീരജിന്റെ ഭാര്യ കോവിഡ് കാലത്ത് മരിച്ചതോടെ മായയും നീരജും തമ്മില്‍ കൂടുതല്‍ അടുത്തു.
2024 ജൂലായ് ഏഴിന് മായയെയും നീരജിനെയും ഒരുമിച്ച് കണ്ടതോടെ ധര്‍മേന്ദ്ര വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മായ വീടുവിട്ടിറങ്ങി. 2024 ഓഗസ്റ്റ് 25-ന് നീരജിനൊപ്പം വീട്ടിലെത്തി 15 ഗ്രാം സ്വര്‍ണവും പണവും എടുത്ത് കടന്നുകളഞ്ഞു. ഇതുസംബന്ധിച്ച് ധര്‍മേന്ദ്ര പോലീസിൽ പരാതി നൽകിയിരുന്നു.
പിന്നീടാണ് മായ ധര്‍മേന്ദ്രയുടെ അമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ധര്‍മേന്ദ്ര പ്രതിഷേധിച്ചപ്പോള്‍ കാമുകനായ നീരജുമായി ചേര്‍ന്ന് ധര്‍മേന്ദ്രയെയും അമ്മയെയും മായ കൈയ്യേറ്റം ചെയ്തെന്നും കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് നിന്നാല്‍ മീററ്റിലേതിന് സമാനമായി കൊന്നുവീപ്പയിലാക്കുമെന്ന് മായ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ഭര്‍ത്താവ് തനിക്കെതിരേ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് മായ പ്രതികരിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ നാലുതവണ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചുവെന്നും തന്നെ അനാവശ്യമായി ഉപദ്രവിച്ചുവെന്നുമാണ് മായയുടെ ആരോപണം. കോടതിയില്‍ ധര്‍മേന്ദ്ര വിവാഹമോചന ഹർജി നൽകിയ ശേഷം തന്നെ വീട്ടില്‍നിന്ന് പുറത്താക്കിയതായും മായ ആരോപിച്ചു.
ധര്‍മേന്ദ്രയുടെയും മായയുടെയും പരാതികള്‍ ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് മീററ്റ് കൊലപാതകം.
Content Highlights: up womans meerut like warning to husband