'ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..'; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

#ന്യൂസ് ഡെസ്ക്
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ | Photo: PTI
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ | Photo: PTI

ലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ സംസാരിക്കവെയായിരുന്നു ആനന്ദിബെൻ പട്ടേലിന്റെ ഈ പ്രസ്താവന.

യുവാക്കൾ ആദ്യം സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കണമെന്നും തങ്ങൾ പ്രവേശിക്കുന്ന ബന്ധങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും ആനന്ദിബെൻ അഭിപ്രായപ്പെട്ടു. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചും സ്ത്രീകളുടെ പങ്കിനെക്കുറിച്ചുമുള്ള അവരുടെ മുൻ പ്രസ്താവനകളെല്ലാം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അവസാനത്തെ വിവാദം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് പുതിയ ഉപദേശവുമായി യുപി ഗവർണർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

'പെൺസുഹൃത്ത് (ഗേൾഫ്രണ്ട്) ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, അങ്ങനെ ഒരു പെൺസുഹൃത്തിനെ ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിച്ചാൽ, അവരെ വിവാഹം കഴിക്കാനും തയ്യാറാവണം. ഒരു പെൺകുട്ടിയെ അമ്മയാക്കിയ ശേഷം ഉപേക്ഷിക്കുന്നത് തെറ്റാണ്. യുവാക്കൾ ആദ്യം സ്വയംപര്യാപ്തരാകുകയാണ് വേണ്ടത്.' പട്ടേൽ വ്യക്തമാക്കി.

2025 ഒക്ടോബറിൽ ബല്ലിയയിലും വാരണാസിയിലും നടന്ന സർവകലാശാല ബിരുദദാന ചടങ്ങുകളിൽ സംസാരിക്കവെ, ലിവ്-ഇൻ ബന്ധങ്ങൾക്കെതിരെ ആനന്ദിബെൻ പട്ടേൽ യുവതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലിവ്-ഇൻ ബന്ധങ്ങളുടെ അനന്തരഫലങ്ങൾ എന്താണെന്ന് അറിയണമെന്നുള്ളവർ അനാഥാലയങ്ങൾ സന്ദർശിക്കണമെന്നാണ് ബല്ലിയയിൽ അവർ പറഞ്ഞത്. അവിടെ കുട്ടികളുമായി യുവതികളെ കാണാമെന്നായിരുന്ന ഗവർണറുടെ അവകാശവാദം.

തൊട്ടടുത്ത ദിവസം വാരണാസിയിൽ നടന്ന ചടങ്ങിൽ, ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് സ്ത്രീകൾ വിട്ടുനിൽക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം ദാരുണമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു. സ്ത്രീകൾ '50 കഷണങ്ങളാക്കപ്പെട്ട നിലയിൽ' കാണപ്പെടുന്നുവെന്ന പരാമർശം ഉൾപ്പെടെയുള്ള പ്രസ്താവനകൾ അന്ന് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

തുടർന്ന് 2026 ജൂലൈയിൽ കാൺപുരിലെ സർവകലാശാല ചടങ്ങിൽ ആനന്ദിബെൻ നടത്തിയ പരാമർശവും വിവാദമായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരോ അധ്യാപകരോ ആകുന്നതിന് മുമ്പ് സ്ത്രീകൾ 'വിദഗ്ദ്ധരായ അമ്മമാർ' ആകാൻ ശ്രമിക്കണമെന്നായിരുന്നു അന്ന് അവർ പറഞ്ഞത്. സ്ത്രീകൾ പാചകം പഠിക്കേണ്ടതിനെക്കുറിച്ചും ജോലി, കുടുംബ ഉത്തരവാദിത്വങ്ങളുമായി സന്തുലിതമായി കൊണ്ടുപോകേണ്ടതിനെക്കുറിച്ചുമാണ് അന്നവർ സംസാരിച്ചത്.

ബന്ധങ്ങൾ, വിവാഹം, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള ആനന്ദിബെന്നിന്റെ നിലപാടുകൾ ഈ പുതിയ പ്രസ്താവനയോടെ വീണ്ടും വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയെയും സാമൂഹിക ഉത്തരവാദിത്തത്തെയും മുൻനിർത്തിയാണ് താൻ സംസാരിക്കുന്നതെന്ന് അവർ വ്യക്തമാക്കാറുണ്ടെങ്കിലും, ലിംഗപരമായ പങ്കിനെക്കുറിച്ചും യുവതികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ സംവാദങ്ങൾക്കാണ് അവരുടെ പ്രസ്താവനകൾ വഴിവെക്കാറുള്ളത്.