ഡൽഹി പ്രതിഷേധങ്ങൾക്കിടയിലെ കൂട്ട കസ്റ്റഡി; ആശങ്കയറിയിച്ച് യുഎൻ ഹ്യൂമൻ റൈറ്റ്‌സ്, എല്ലാവരേയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് നടന്ന വൻ പ്രതിഷേധങ്ങൾക്കിടെ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ (യുഎൻ) സംഘടന. നേതാക്കളേയും പ്രവർത്തകരേയും അഭിഭാഷകരേയും മാധ്യമപ്രവർത്തകരേയുമെല്ലാം കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തതിൽ യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ആണ് ആശങ്ക പ്രകടിപ്പിച്ചത്. കസ്റ്റഡിയിലുള്ള എല്ലാവരേയും ഉടൻ മോചിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
'സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം പൂർണമായി മാനിക്കപ്പെടുന്നുവെന്ന് ഇന്ത്യൻ അധികൃതർ ഉറപ്പാക്കണം. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അനിവാര്യതയുടെയും ആനുപാതികതയുടെയും കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. സമാധാനപരമായി പ്രതിഷേധിക്കുന്നവരോട് നിയമപാലകസേനകൾ പരമാവധി സംയമനം പാലിക്കണം.' യുഎൻ ഹ്യൂമൻ റൈറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിനും അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകൾക്കും അനുസൃതമായിരിക്കണം നിയമപാലകസേനകളുടെ നടപടികളെന്നും പ്രസ്താവനയിൽ യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായും നിയമവിരുദ്ധമായും കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടൻ, യാതൊരു ഉപാധികളുമില്ലാതെ മോചിപ്പിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളിലൂടെ ഉയർന്നുവന്ന വ്യാപകമായ ആശങ്കകൾ പരിഹരിക്കുന്നതിനായി അധികൃതർ ചർച്ചകൾക്ക് തയ്യാറാകണമെന്നും യുഎൻ ഹ്യൂമൻ റൈറ്റ്‌സ് നിർദേശിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണ (എസ്‌ഐആർ) നടപടികൾ പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഡൽഹിയിൽ പ്രതിഷേധം നടക്കുന്നത്. ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. നേതാക്കളും വിദ്യാർഥി സംഘടനാ പ്രവർത്തകരും അഭിഭാഷകരും ഉൾപ്പെടെ ഏഴാരിരത്തോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlights: The UN Human Rights office expressed deep concern over mass detentions of politicians, activists, and journalists by Delhi Police during anti-CEC protests, urging Indian authorities to release all detainees immediately.