കരൂര് ദുരന്തം: അറസ്റ്റിലായ ടിവികെ പ്രവര്ത്തകരെ 14 ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു

കരൂര്: കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തെ തുടർന്ന് അറസ്റ്റിലായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) രണ്ട് പ്രവര്ത്തകരെ ഒക്ടോബര് 14 വരെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ട് കോടതി. പാര്ട്ടിയുടെ കരൂര് വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്, കരൂര് ടൗണ് ഭാരവാഹി എംസി പൗന് രാജ് എന്നിവരെയാണ് ജുഡീഷ്യല് കസ്റ്റഡിയില്വിട്ടത്. മതിയഴകനെ തിങ്കളാഴ്ചയും പൗന് രാജിനെ ചൊവ്വാഴ്ചയുമാണ് പോലീസ് അറസ്റ്റുചെയ്തത്.
വിജയ്യുടെ നേതൃത്വത്തില് കരൂരില് നടന്ന റാലി എല്ലാ നിയമങ്ങളും പാലിച്ചാണ് സംഘടിപ്പിച്ചതെന്ന് ടിവികെ പാര്ട്ടിയുടെ അഭിഭാഷകനായ മണികണ്ഠന് പ്രതികരിച്ചു. ‘കരൂര് ജില്ലാ സെക്രട്ടറി ഉള്പ്പെടെ മൂന്ന് പേര്ക്കെതിരെയാണ് എഫ്.ഐ.ആര് തയ്യാറാക്കിയിരിക്കുന്നത്. റാലി സംഘടിപ്പിക്കുവാനുളള അനുവാദം നിയമപ്രകാരമാണ് ചോദിച്ചത്. നിയമപ്രകാരമാണ് റാലി സംഘടിപ്പിച്ചതും. എല്ലാം നിയമപ്രകാരമായിരുന്നു. പക്ഷേ, റാലിക്ക് വേണ്ടത്ര സുരക്ഷയൊരുക്കാന് പോലീസ് സേനയ്ക്ക് സാധിച്ചില്ല. പതിനായിരം പേര് പങ്കെടുക്കുന്ന റാലിക്കാണ് ഞങ്ങള് അനുവാദം ചോദിച്ചത്”, മണികണ്ഠന് പ്രതികരിച്ചതായി എ.എന്.ഐ റിപ്പോര്ട്ട് ചെയ്തു.
മറ്റൊരിടത്തെ റാലി പോലീസിന്റെ നിര്ദേശാനുസരണം റദ്ദാക്കിയെന്നും ആളുകള് കൂടുമെന്നും തിരക്ക് നിയന്ത്രണാതീതമാകുമെന്നും പോലീസിന് മുന്നറിയിപ്പ് നല്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ജാമ്യാപേക്ഷ നല്കാനുള്ള അനുവാദമുണ്ടെന്നും ബാക്കിയെല്ലാം നിയമപ്രകാരം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കരൂര് ദുരന്തത്തേക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചതിന് ചെന്നൈയില് ഫെലിക്സ് ജെറാള്ഡ് എന്ന യൂട്യൂബര് അറസ്റ്റിലായി. ശനിയാഴ്ച കരൂരിൽനടന്ന, വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്.
Content Highlights: TVK Leaders remanded to judicial custody in Karur Stampede