രാജ്യത്തെ ബിസിനസ് മേഖലയിൽനിന്നുള്ള 60% വരുമാനവും ഈ 5 പോക്കറ്റുകളിലേക്ക്- ലോകബാങ്കിന്റെ പുതിയ പഠനം

ന്യൂഡൽഹി: കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിലെ ആകെ വരുമാനവിഹിതത്തിന്റെ 60 ശതമാനത്തിലധികം കൈയടക്കുന്നത് അഞ്ച് വൻകിട ബിസിനസ് ഗ്രൂപ്പുകളെന്ന് പഠനം. റിലയൻസ്, അദാനി, ബിർള, ഒ.പി. ജിൻഡാൽ, ടാറ്റ എന്നീ അഞ്ച് ഗ്രൂപ്പുകളാണ് ഇവയെന്ന് ലോകബാങ്ക് ഇക്കണോമിക് റിവ്യൂവിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നു. 'ബിസിനസ് ഗ്രൂപ്പ്സ്, കോൺസെൻട്രേഷൻ ആൻഡ് മാർക്കറ്റ് പവർ ഇൻ ഇന്ത്യ' എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനം 2001 മുതൽ 2020 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് വിശകലനംചെയ്തത്. സൈമൺ കമാൻഡർ, സോൾ എസ്ട്രിൻ, നവീൻ ജോസഫ് തോമസ്, വരുൺ ലിംഗിനേനി എന്നിവർ ചേർന്നാണ് ഈ പഠനം തയ്യാറാക്കിയത്.
ഇതിൽ റിലയൻസ്, അദാനി ഗ്രൂപ്പുകൾ മൊത്തം വരുമാനത്തിന്റെ 20 ശതമാനത്തിലധികം സ്ഥിരമായി നിലനിർത്തിയപ്പോൾ, ജിൻഡാൽ, ടാറ്റ ഗ്രൂപ്പുകളുടെ വിഹിതം ക്രമേണ ഉയർന്ന് 10 ശതമാനത്തോടടുത്തെത്തി നിൽക്കുന്നു. അതേസമയം, ബിർള ഗ്രൂപ്പിന്റെ മൊത്ത വരുമാന വിഹിതത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും വിപണിയിൽ ശക്തമായ സാന്നിധ്യമായി ഇപ്പോഴും തുടരുന്നു.
2020-ൽ ഇന്ത്യയിലെ മുൻനിര 25 കുടുംബ ബിസിനസുകളുടെ വരുമാനംമാത്രം രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 15 ശതമാനത്തിലധികമായിരുന്നുവെന്നും പഠനം പറയുന്നു. രാഷ്ട്രീയ ബന്ധങ്ങളും നയങ്ങളിലെ ഇളവുകളും കൃത്യമായി പ്രയോജനപ്പെടുത്തിയാണ് അദാനി, റിലയൻസ് ഗ്രൂപ്പുകൾ തങ്ങളുടെ വളർച്ച സാധ്യമാക്കിയതെന്നും പഠനത്തിലുണ്ട്.
ചില ബിസിനസ് ഗ്രൂപ്പുകളെ വളർത്തിയെടുത്ത കേന്ദ്രസർക്കാർ സമീപനവും ഈ വിപണി കേന്ദ്രീകരണത്തിന് കാരണമായിട്ടുണ്ടെന്ന് പഠനം പറയുന്നു. വിപണിയിലെ ഈ അമിത ആധിപത്യവും മത്സരമില്ലായ്മയും ചെറുക്കാൻ നിലവിലെ നിയമങ്ങൾക്ക് പൂർണമായി സാധിച്ചിട്ടില്ല. അതിനാൽ ഒരു ബിസിനസ് ഗ്രൂപ്പിന് കൈവശംവയ്ക്കാവുന്ന പരമാവധി വിപണി വിഹിതത്തിന് കൃത്യമായ പരിധി നിശ്ചയിക്കുന്നതടക്കമുള്ള മാറ്റങ്ങൾ കൊണ്ടുവരണം. നിശ്ചയിച്ച പരിധിയിൽക്കൂടുതൽ വിപണിവിഹിതമുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ നിർബന്ധിക്കുന്ന നയങ്ങൾ രൂപവത്കരിക്കണമെന്നും പഠനം നിർദേശിക്കുന്നു.