പരിസ്ഥിതി വിഷയങ്ങളില്‍ ഹരിത ട്രിബ്യൂണലിന് മൂകസാക്ഷിയായി ഇരിക്കാനാകില്ല - സുപ്രീം കോടതി

സുപ്രീം കോടതി| Photo: PTI
സുപ്രീം കോടതി| Photo: PTI

ന്യൂഡല്‍ഹി: പരിസ്ഥിതി വിഷയങ്ങളില്‍ ആരും പരാതി നല്‍കിയില്ലെന്ന കാരണത്താല്‍ ദേശിയ ഹരിത ട്രിബ്യൂണലിന് മൂകസാക്ഷിയായി ഇരിക്കാനാകില്ലെന്ന് സുപ്രീം കോടതി. കത്തുകളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ സ്വമേധയ കേസെടുക്കാന്‍ ദേശിയ ഹരിത ട്രിബ്യൂണലില്‍ അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ സ്വമേധയാ എടുത്ത കേസ്സുകള്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവിക നീതി ട്രിബ്യൂണല്‍ ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. 

ജസ്റ്റിസ്മാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിസ്ഥിതി വിഷയങ്ങളില്‍ സ്വമേധയ കേസ് എടുക്കാന്‍ ദേശിയ ഹരിത ട്രിബ്യൂണലില്‍ അധികാരമുണ്ടെന്ന് വിധിച്ചത്. എന്നാല്‍ സ്വമേധയാ എടുക്കുന്ന കേസില്‍ നടപടികള്‍ എങ്ങനെ ആയിരിക്കണമെന്നും വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

കേസ് ആരെയെല്ലാം ബാധിക്കുന്നുവോ, അവരുടെ വാദം ട്രിബ്യൂണല്‍ കേള്‍ക്കണം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നതെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കി അവരുടെ വാദം അറിയണം. കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെങ്കില്‍ കത്ത് എഴുതിയ ആളിന്റെ നിലപാട് കൂടി കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പരിസ്ഥിതി വിഷയങ്ങളില്‍ വിശാലമായ അധികാരം ട്രിബ്യൂണലിന് ഉണ്ടെങ്കിലും സ്വമേധയാ കേസ്സെടുത്ത് ഉത്തരവിറക്കാന്‍ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. 

സ്വമേധയാ എടുത്ത കേസില്‍ കേരളത്തിലെ ക്വാറി ദൂരപരിധി ഉയര്‍ത്തിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഉള്‍പ്പടെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം സംബന്ധിച്ച വിഷയത്തില്‍ മാത്രമാണ് സുപ്രീംകോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ക്വാറി ദൂരപരിധി ഉയര്‍ത്തിയതിന് എതിരായ ഹര്‍ജികള്‍ ഒക്ടോബര്‍ 25 ന് സുപ്രീം കോടതി പരിഗണിക്കും.

സ്വമേധയാ എടുത്ത കേസിലാണ് ദേശിയ ഹരിത ട്രിബ്യൂണല്‍ കേരളത്തിലെ ക്വാറി ദൂരപരിധി 200 മീറ്ററായി വര്‍ധിപ്പിച്ചത്. എന്നാല്‍ സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ ദേശിയ ഹരിത ട്രിബ്യുണലിന് അധികാരമില്ലെന്ന് ആരോപിച്ച് ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വമേധയാ കേസ് എടുക്കാന്‍ അധികാരം ഉണ്ടെങ്കിലും ദേശിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുതിയ ക്വാറികള്‍ക്ക് മാത്രമേ ബാധകമായിരിക്കുകയുള്ളുയെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. പഴയ ക്വാറികള്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Content Highlights: The Green Tribunal has suo motu power on environmental issues - Supreme Court

Content Highlights: