തമിഴ്‌നാട്ടിലെ തീവണ്ടി അപകടം: യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് അത്യാധുനിക കോച്ചുകളോ ?

ചെന്നൈ കവരപ്പേട്ട് അപകടത്തിന്റെ ആകാശദൃശ്യം | ചിത്രം: എഎന്‍ഐ
ചെന്നൈ കവരപ്പേട്ട് അപകടത്തിന്റെ ആകാശദൃശ്യം | ചിത്രം: എഎന്‍ഐ

ചെന്നൈ: തമിഴ്‌നാട്ടിലെ തീവണ്ടി അപകടത്തില്‍ യാത്രക്കാരെ മരണത്തില്‍ നിന്ന് രക്ഷിച്ചത് മികച്ച സുരക്ഷാ സംവിധാനങ്ങളോടെയുള്ള കോച്ചുകളോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. തിരുവള്ളൂര്‍ കവരപ്പേട്ടയില്‍ മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്‌സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. 1360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത് എന്ന് തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ ഡോ. ടി. പ്രഭുശങ്കര്‍ വ്യക്തമാക്കിയിരുന്നു. 

ട്രെയിന്‍ അതിവേഗത്തില്‍ ആയിരുന്നതിനാല്‍ ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ മൂന്നുകോച്ചുകള്‍ക്ക് തീപിടിക്കുകയും 12 കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അപകടത്തില്‍ യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ കാരണമായത് കോച്ചുകളുടെ സവിശേഷത കൊണ്ടാണോ എന്ന ചര്‍ച്ച ഉരുത്തിരിഞ്ഞത്. ഇന്റട്രല്‍ കോച്ച് ഫാക്ടറി നിര്‍മിക്കുന്ന ഐസിഎഫ് കോച്ചുകള്‍ക്ക് പകരം എല്‍എച്ച്ബി കോച്ചുകളാണ് മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്‌സ്പ്രസില്‍ ഉണ്ടായിരുന്നത്. 

സുരക്ഷാ സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജര്‍മന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്നവയാണ് എല്‍എച്ച്ബി കോച്ചുകള്‍. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. ആന്റി-ക്ലൈബിംഗ് ഫീച്ചര്‍ ഉള്ളതിനാല്‍ ഒരു കോച്ച് മറ്റൊരു കോച്ചിന് മുകളിലേക്ക് ഇടിച്ചുകയറുന്നത് തടയുന്നു. നൂതന ന്യൂമാറ്റിക് ഡിസ്‌ക് ബ്രേക്ക് സിസ്റ്റം ഉള്ളതിനാല്‍ അമിതവേഗത്തില്‍ പോലും കാര്യക്ഷമമായി ബ്രേക്ക് ചെയ്യാന്‍ സാധിക്കും. ഇതെല്ലാം അപകടത്തിന്റെ തീവ്രത കുറച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ യാത്രക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതുമാണ് ആധുനിക കോച്ചുകള്‍. മികച്ച സസ്‌പെന്‍ഷന്‍ സംവിധാനം ദീര്‍ഘദൂരയാത്രക്കാര്‍ക്ക് പുറംവേദന അടക്കമുള്ള പ്രശ്‌നങ്ങളില്‍നിന്നുള്ള പരിഹാരം നല്‍കുന്നു. ലൈറ്റിങ് ഉള്‍പ്പെടെയുള്ള ഇന്റീരിയര്‍ ഡിസൈനിങും എല്‍എച്ച്ബി കോച്ചുകളുടെ പ്രധാന ആകര്‍ഷണമാണ്. 15 വ്യത്യസ്തതരം എല്‍എച്ച്ബി കോച്ചുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. 2000-ലാണ് ഇന്ത്യന്‍ റെയില്‍വെ ഈ കോച്ചുകള്‍ ആദ്യമായി പരീക്ഷിക്കുന്നത്. തുടക്കത്തില്‍ ജര്‍മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. 

Content Highlights: tamilnadu train accident did lhb coaches saved passengers lives