ബംഗാൾ ഉൾക്കടലിൽ ഇരട്ട ന്യൂനമർദം; ചുഴലിക്കാറ്റാകാൻ സാധ്യത

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ നിലവിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പുറമേ മറ്റൊരു ന്യൂനമർദംകൂടി രൂപപ്പെട്ടതോടെ 28 വരെ തമിഴ്‌നാട്ടിൽ വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാനിലയം അറിയിച്ചു. ന്യൂനമർദം മൂന്ന് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അന്തമാൻ നിക്കോബാർ ദ്വീപിന് സമീപമായാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടത്. ന്യൂനമർദം ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിന്റെ തെക്ക്-കിഴക്കൻ ഭാഗത്തേക്ക് നീങ്ങി ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായിമാറാൻ സാധ്യതയുണ്ട്. യുഎഇ നിർദേശിച്ച ‘സെൻയാർ’ എന്നാവും ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദങ്ങളും
തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയുമെല്ലാം കേരളത്തിലും മഴ ശക്തമാക്കിയേക്കും.
തമിഴ്‌നാട്ടിൽ തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, ശിവഗംഗ, രാമനാഥപുരം, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ശക്തമായ മഴപെയ്യും. തമിഴ്‌നാടിന്റെ മറ്റ് ജില്ലകളിൽ ഇടിമിന്നലോടെ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. 29-ന് ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, വിഴുപുരം, കള്ളക്കുറിച്ചി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസങ്ങളിൽ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽവരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
ഞായറാഴ്ചയും തിങ്കളാഴ്ചയും തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ മഴപെയ്തു. തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിൽ ഞായറാഴ്ച ഒൻപത് സെന്റീമീറ്റർ വീതം മഴപെയ്തു. നാഗപട്ടണത്തിൽ 16 സെന്റീമീറ്റർ മഴപെയ്തു. തിരുനെൽവേലിയിൽ താമരഭരണി നദിയിൽ വെള്ളംകയറി. പലയിടങ്ങളിലും കൃഷിയിടങ്ങളിൽ വെള്ളംകയറി. തമിഴ്‌നാട്ടിൽ ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുനെൽവേലി, വിഴുപുരം, സേലം ജില്ലകളിൽ വടക്ക്-കിഴക്ക് കാലവർഷത്തിൽ ശരാശരിയെക്കാൾ കുറഞ്ഞമഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Content Highlights: Two low-pressure systems in the Bay of Bengal may bring widespread rain to Tamil Nadu until the 28th. A cyclone named `Senyar` could form within three days.