തേനീച്ചക്കൂട്ടിൽ കല്ലെറിയരുത്, തമിഴ് ജനതയുടെ പോരാട്ടവീര്യം കാണാൻ കൊതിക്കരുത്- സ്റ്റാലിൻ

ചെന്നൈ: ഭാഷാനയത്തിൽ കേന്ദ്ര സർക്കാരും തമിഴ്നാട് സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഉപദേശിച്ചു. തേനീച്ചക്കൂടിന് നേരെ കല്ലെറിയരുതെന്ന് സ്റ്റാലിൻ തിരിച്ചടിച്ചു. താനും ഡി.എം.കെയും ഉള്ളിടത്തോളം കാലം ഈ മണ്ണിൽ തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങൾക്കും ദ്രോഹകരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
'തേനീച്ചക്കൂടിന് നേരെ കല്ലെറിയരുത്. തമിഴ് ജനതയുടെ പോരാട്ടവീര്യം കാണാൻ കൊതിക്കരുത്. ഞാനും ഡി.എം.കെയും ഉള്ളിടത്തോളം തമിഴിനും തമിഴ്‌നാടിനും അവിടുത്തെ ജനങ്ങൾക്കുമെതിരായ ഒരു പ്രവർത്തനവും സംസ്ഥാനത്ത് അനുവദിക്കില്ല. കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുന്നു.' സ്റ്റാലിൻ പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളെ ദേശീയ വിദ്യാഭ്യാസ നയവുമായി (എൻ.ഇ.പി.) ബന്ധിപ്പിക്കുന്നതിനെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ എം.കെ. സ്റ്റാലിനെ ഉപദേശിച്ചത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഉയരാനും യുവ പഠിതാക്കളുടെ താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും വിദ്യാഭ്യാസ മന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഹിന്ദി കൂടി പഠനഭാഷയാക്കണമെന്ന കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിനെതിരെ ഡി.എം.കെയ്ക്ക് കടുത്ത എതിർപ്പാണുള്ളത്. ഭാഷ അടിച്ചേൽപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട തമിഴ്നാട് സർക്കാർ നയം നടപ്പാക്കാൻ സംസ്ഥാനത്തിൻ്റെ ഫണ്ട് കേന്ദ്രം കൈവശം വച്ചിരിക്കുകയാണെന്നും ആരോപിച്ചു.
ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ത്രിഭാഷാ നയം അംഗീകരിച്ചാലേ ഫണ്ട് അനുവദിക്കൂ എന്നത് ഭീഷണി രാഷ്ട്രീയമാണെന്നും എൻ.ഇ.പിയുടെ പേരിൽ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും ബഹുഭാഷ- ബഹുസ്വരമായ ഒരു രാജ്യത്തെ ഏകഭാഷാ രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സ്റ്റാലിൻ വിമർശിച്ചു.
Content Highlights: Tamil Nadu-Centre Clash over Language Policy