പശ്ചിമബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

#News desk
ചന്ദ്രനാഥ്, വെടിവെപ്പിൽ വാഹനത്തിൻറെ ചില്ല് തകർന്നതിൻെറ ദൃശ്യം| Photo:PTI
ചന്ദ്രനാഥ്, വെടിവെപ്പിൽ വാഹനത്തിൻറെ ചില്ല് തകർന്നതിൻെറ ദൃശ്യം| Photo:PTI

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ബിജെപി സ്ഥിരീകരിച്ചു.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ മാധ്യംഗ്രാമിലെ ഡോൾടാല പ്രദേശത്തെ ഡോഹാരിയയിലാണ് സംഭവം നടന്നത്. ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിനുനേരെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ രഥിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഥിന്റെ ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്. ഇയാളെ കൊൽക്കത്തയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.

ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ ചന്ദ്രനാഥ് രഥിന്റെ മരണം സംഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അദ്ദേഹത്തിന്റെ നെഞ്ചിൽ ഒന്നിലധികം വെടിയുണ്ടകളേറ്റതായി ഡോക്ടർ പറഞ്ഞു. വയറ്റിലും വെടിയേറ്റതായി അവർ വിശദീകരിച്ചു.

അക്രമികൾ രഥിന്റെ കാറിനെ പിന്തുടർന്ന് തടയുകയും, കാറിന്റെ വിൻഡോയിലൂടെ എതിർവശത്ത് നിന്ന് വെടിവയ്ക്കുകയും ആക്രമണം നടത്തിയ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയാനും ആക്രമണത്തിന്റെ കാരണം കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പോലീസ്‌വൃത്തങ്ങൾ അറിയിച്ചു. ഈ സംഭവം സംസ്ഥാനത്തെ രാഷ്ട്രീയവൃത്തങ്ങളിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്.

ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിൽ അപലപിച്ചുകൊണ്ട് തൃണമൂൾ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ തൃണമൂൾ കോൺഗ്രസ് ആവശ്യപ്പെട്ടു.

'ഈ രാത്രി മധ്യംഗ്രാമിൽ നടന്ന ചന്ദ്രനാഥ് രഥിന്റെ ക്രൂരമായ കൊലപാതകത്തിലും, തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി മോഡൽ കോഡ് ഓഫ് കണ്ടക്ട് നിലവിലിരിക്കെ ബിജെപി പിന്തുണയുള്ള അക്രമികൾ നടത്തിയ അക്രമങ്ങളിൽ മൂന്ന് ടിഎംസി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,' പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

'ഈ വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ ഞങ്ങൾ ആവശ്യപ്പെടുന്നു, അതുവഴി കാരണക്കാരെ തിരിച്ചറിയാനും നീതി നടപ്പാക്കാനും കഴിയും,' കുറിപ്പിൽ കൂട്ടിച്ചേർത്തു. ജനാധിപത്യത്തിൽ അക്രമത്തിനും രാഷ്ട്രീയ കൊലപാതകങ്ങൾക്കും സ്ഥാനമില്ലെന്നും കുറ്റവാളികൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭിക്കണമെന്നും പ്രസ്താവനയിലുണ്ട്.

Content Highlights: BJP leader Suvendu Adhikari's PA, Chandranath Rath, killed in shooting., Incident occurred on a Wednesday night in West Bengal., BJP party officials have officially confirmed the tragic event.