‘കേരളം കേരളം കേളികൊട്ടുണരുന്ന...’; ‘കേരളം’ ബില്ലിന് പിന്തുണയുമായി സഭയിൽ പാട്ടുപാടി സുരേഷ് ഗോപി

#ന്യൂസ് ഡെസ്ക്
സുരേഷ് ​ഗോപി | Photo: Screengrab from Sansad TV
സുരേഷ് ​ഗോപി | Photo: Screengrab from Sansad TV

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാനുള്ള ഭേദഗതി ബില്ലിനെ രാജ്യസഭയിൽ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകമെമ്പാടുമുള്ള നാല് കോടിയോളം മലയാളികൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളപ്പിറവിക്ക് ശേഷം 50 വർഷത്തിലേറെ കഴിഞ്ഞാണ് സംസ്ഥാനത്തിന്റെ സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ഈ നാമകരണം യാഥാർഥ്യമാകാൻ നരേന്ദ്ര മോദി സർക്കാർ വേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റ് കക്ഷികളും പിന്തുണച്ചിരുന്നു. എന്നാൽ, കേരളത്തിലെ ജനങ്ങളുടെ ഈ ആവശ്യം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർത്തന്നെ വേണ്ടിവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനകാര്യത്തിൽ നരേന്ദ്ര മോദി കേരളത്തേയും മലയാളികളേയും വാരിപ്പുണരുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. ദേശീയപാത വികസനത്തിലും റെയിൽവേയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. അമൃത് ഭാരത് പദ്ധതിയിലൂടെ സ്റ്റേഷനുകൾ വികസിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രേം നസീറിന്റെയും സത്യന്റെയും മധുവിന്റെയും എം.ടി. വാസുദേവൻ നായരുടെയും വയലാറിന്റെയുമൊക്കെ മണ്ണാണ് ഇതെന്ന് സുരേഷ് ഗോപി ഓർമിപ്പിച്ചു. വള്ളത്തോളിന്റെ കവിതയും യേശുദാസ് പാടിയ ‘കേരളം കേരളം കേളികൊട്ടുണരുന്ന കേരളം’ എന്ന പ്രശസ്തമായ ഗാനവും ആലപിച്ചുകൊണ്ടാണ് സുരേഷ് ഗോപി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.