രാഷ്ട്രീയ സമ്മർദ്ദം, ഉദ്യോഗസ്ഥ പീഡനം; ദയാവധത്തിന് അനുമതി തേടി ഗുജറാത്തിലെ വൃദ്ധദമ്പതികൾ

ഗാന്ധിനഗർ: ഗുജറാത്തിൽ ദയാവധത്തിന് അനുമതി തേടി വൃദ്ധദമ്പതികൾ ജില്ലാ കളക്ടർക്ക് കത്തെഴുതി. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരിൽ നിന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കളിൽ നിന്നും വർഷങ്ങളായി നേരിടുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് 73-കാരനായ ശ്യാംഭായ് കപൂർജി ഗെഹ്‌ലോട്ടും 68-കാരിയായ ഭാര്യ മധുബെന്നും പരാതിയിൽ പറയുന്നു. തങ്ങളുടെ ഉടമസ്ഥതയിലുള്ള കടകൾ ഉദ്യോഗസ്ഥർ നിരന്തരം മുദ്രവെക്കുന്നത് തങ്ങളെ സാമ്പത്തികമായി തകർക്കുകയും വൈകാരികമായി തളർത്തുകയും ചെയ്തതായി ഇവർ അവകാശപ്പെടുന്നു.
2016 നവംബർ 7-നുണ്ടായ ഒരു വാഹനാപകടത്തിൽ മകൻ, മരുമകൾ, പേരക്കുട്ടികൾ, മകൾ, മരുമകൻ തുടങ്ങി ഒൻപത് കുടുംബാംഗങ്ങളെ ഇവർക്ക് നഷ്ടമായിരുന്നു. അന്നുമുതൽ മറ്റാരുടെയും സഹായമില്ലാതെ പരസ്പരം തുണയായി കഴിയുകയായിരുന്നു ഈ വൃദ്ധദമ്പതികൾ. 2006-ൽ വാങ്ങിയ 11 ചെറിയ കടകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവർ ജീവിച്ചിരുന്നത്. 2008 മുതൽ കൃത്യമായി നികുതി അടയ്ക്കുന്നുണ്ടായിരുന്നിട്ടും 2021-ൽ യാതൊരു മുന്നറിയിപ്പുമില്ലാതെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ കടകൾ മുദ്രവെക്കുകയായിരുന്നു.
അഞ്ചു വർഷത്തോളം ഗുജറാത്ത് ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയ ശേഷമാണ് ഇവർക്ക് അനുകൂലമായ വിധി ഉണ്ടായത്. ചെറിയ കടകൾക്ക് വൻകിട സ്ഥാപനങ്ങളെപ്പോലെയുള്ള അഗ്നിശമന സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമില്ലെന്ന റിപ്പോർട്ടിനെത്തുടർന്ന് ഈ വർഷം ജനുവരി 31-ന് കടകൾ വീണ്ടും തുറന്നു. എന്നാൽ ഹൈക്കോടതിയിലെ വിജയം അധികനാൾ നീണ്ടുനിന്നില്ല. കഴിഞ്ഞ മെയ് 30-ന് പുതിയ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർദ്ദേശപ്രകാരം രേഖാമൂലമുള്ള നോട്ടീസോ വിശദീകരണമോ നൽകാതെ കടകൾ വീണ്ടും മുദ്രവെച്ചതായി ദമ്പതികൾ ആരോപിക്കുന്നു.
തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനായി ഒരു പ്രാദേശിക ബിജെപി നേതാവിനെ കാണാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ശ്യാംഭായ് ഗെഹ്‌ലോട്ട് ആരോപിച്ചു. എത്രയൊക്കെ വിശദീകരണം ചോദിച്ചിട്ടും ഉദ്യോഗസ്ഥർ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "ഇനി ജീവിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല, നീതി ലഭിക്കില്ലെങ്കിൽ മരണം മാത്രമാണ് ഏക വഴി" എന്ന് കളക്ടർക്ക് നൽകിയ അപേക്ഷയിൽ ഇവർ വ്യക്തമാക്കുന്നു.
Content Highlights: A Surat couple seeks euthanasia alleging years of financial and mental harassment by SMC officials.