പന്നൂൻ വധശ്രമക്കേസ്: ചെക്ക് റിപ്പബ്ലിക്കിലെ കോടതിയെ സമീപിക്കാൻ ഗുപ്തയുടെ കുടുംബത്തോട് സുപ്രീം കോടതി

ഗുർപത്‌പന്ത് സിങ് പന്നൂൻ | Photo: twitter.com/mini_razdan10
ഗുർപത്‌പന്ത് സിങ് പന്നൂൻ | Photo: twitter.com/mini_razdan10

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ നിഖില്‍ ഗുപ്തയ്ക്ക് സഹായത്തിനായി ചെക്ക് റിപ്പബ്ലിക്കിലെ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി. നിഖിൽ ഗുപ്തയുടെ മനുഷ്യാവകാശങ്ങളും മതപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടെന്ന് കാണിച്ച് കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 

വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഗുപ്തയുടെ കുടുംബത്തിലൊരാള്‍ നല്‍കിയ ഹര്‍ജിയില്‍ ഗുപ്തയുടെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്നും നിയമം അനുസരിക്കുന്ന പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവനിൽ ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു.

ചട്ടവിരുദ്ധമായാണ് ഗുപ്തയുടെ അറസ്റ്റ് നടന്നതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പ്രാഗില്‍വെച്ച് അറസ്റ്റ് ചെയ്യുംമുന്‍പ് ഗുപ്തയ്‌ക്കെതിരെ ഔദ്യോഗികമായ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നില്ലെന്നും ചെക്ക് റിപ്പബ്ലിക്കിലെ അധികൃതര്‍ക്ക് പകരം സ്വയം പ്രഖ്യാപിത യു.എസ്. ഏജന്റുമാരാണ് അറസ്റ്റ് നടപ്പാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സസ്യാഹാരിയായ ഗുപ്തയെ മാംസാഹാരം നിര്‍ബന്ധിച്ച് കഴിപ്പിച്ചതുള്‍പ്പെടെയുള്ള മൗലികവകാശങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കൈകാര്യംചെയ്യേണ്ട വിഷയമാണിതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. മറ്റൊരു രാജ്യത്തെ അറസ്റ്റില്‍ സുപ്രീം കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് കാണിച്ച് ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും കോടതിയെ സമീപിക്കാൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. അറസ്റ്റിലായ നിഖില്‍ ഗുപ്ത ഒരു സത്യവാങ്മൂലവും നല്‍കിയിട്ടില്ല. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതാത് രാജ്യങ്ങളിലെ കോടതികളില്‍ പോകണം, കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റിക്കൊണ്ട് ജസ്റ്റിസ് ഖന്ന പറഞ്ഞു. 

യുഎസിന്റെ ആരോപണങ്ങൾ

യു.എസ്. പൗരനും സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവുമായ പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയെന്നാരോപിച്ചാണ് ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയെ അറസ്റ്റ് ചെയ്തത്. ഈ വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ന്യൂഡല്‍ഹിയിലുള്ള ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും നവംബര്‍ 29-ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച യു.എസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഗുപ്തയും ഇന്ത്യന്‍ ഉദ്യോഗസ്ഥനുംതമ്മില്‍ മെയ് മാസം മുതല്‍ ടെലിഫോണിലൂടെയും അല്ലാതെയും ആശയവിനിമയം നടത്തിയിരുന്നെന്നും അതിനുശേഷമാണ് വധിക്കാന്‍ പദ്ധതിയിട്ടതെന്നും ഈ രണ്ടുപേരും ഡല്‍ഹിയില്‍ വെച്ച് നേരിട്ട് കണ്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ 

ദേശിയ സുരക്ഷാ താത്പര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങളായതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഇന്ത്യ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും വിവിധ വകുപ്പുകള്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. യു.എസ്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഡിസംബര്‍ ഏഴിന് അറിയിച്ചിരുന്നു.

'ആശങ്കപ്പെടുത്തുന്ന സംഭവം' എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി സംഭവത്തില്‍ പ്രതികരിച്ചത്. വിദേശത്ത് കൊലപാതകങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ നയത്തിന് എതിരാണെന്നും യു.എസിന്റെ ആരോപണങ്ങളെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സമഗ്രമായി ഈ കേസ് അന്വേഷിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി ആവശ്യപ്പെട്ടിരുന്നു. യു.എസിന്റെ നയതന്ത്ര പങ്കാളിയാണ് ഇന്ത്യ. വിവിധമേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരും. ആരോപണം യു.എസ്. ഗൗരവത്തോടെയാണ് കാണുന്നതെന്നും കിർബി പറഞ്ഞു.

Content Highlights: Supreme Court to hear Nikhil Gupta's plea in Gurpatwant Pannun's failed assassination plot