മറ്റൊരു സമരഭീതിയിൽനിന്ന് തടിയൂരി കേന്ദ്രം; ബ്രിക്‌സ് സമ്മേളനം തുടങ്ങാനിരിക്കേ ആശ്വാസം

#സ്വന്തം ലേഖകൻ
അമിത് ഷായും നരേന്ദ്ര മോദിയും | ഫോട്ടോ: അറേഞ്ച്ഡ്
അമിത് ഷായും നരേന്ദ്ര മോദിയും | ഫോട്ടോ: അറേഞ്ച്ഡ്

ന്യൂഡൽഹി: വിദ്യാർഥിപ്രതിഷേധക്കാർക്കെതിരായ കേസുകൾ റദ്ദാക്കാനുള്ള സുപ്രീംകോടതി തീരുമാനം യഥാർഥത്തിൽ ആശ്വാസമായത് കേന്ദ്രസർക്കാരിന്. ജെൻസീ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീണ്ടുമൊരു വിദ്യാർഥിപ്രക്ഷോഭത്തിന് രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങൾ തുടരുന്നതിനിടയിൽ സുപ്രീംകോടതിയുടെ സഹായത്തോടെ തത്‌കാലം തടിയൂരുകയായിരുന്നു കേന്ദ്രം.

ഈ മാസം 12-ന് ഡൽഹിയിൽ ബ്രിക്‌സ് സമ്മേളനം തുടങ്ങാനിരിക്കേ, കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്താൻ നിശ്ചയിച്ച പ്രതിഷേധമാർച്ച് കേന്ദ്ര സർക്കാരിന്റെ നെഞ്ചിടിപ്പേറ്റിയിരുന്നു. നഗരഹൃദയമായ ഇന്ത്യാഗേറ്റിലും പരിസരത്തുമായിരുന്നു ഈ മാസം അഞ്ചിന് മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത് എന്നതും ഭരണകൂടത്തിന് തലവേദനയായിരുന്നു.

സി.ജെ.പി.യുടെ നേതൃത്വത്തിൽ ജൂലായ് 20-ന് നടത്തിയ വൻപ്രതിഷേധ മാർച്ച് പാർലമെന്റ് വളഞ്ഞതിന്റെ ഞെട്ടൽ സുരക്ഷാ, ഇന്റലിജൻസ് ഏജൻസികൾക്ക് ഇനിയും മറക്കാനായിട്ടില്ല. നടക്കാനിരുന്ന പ്രതിഷേധപ്രകടനത്തിന് അനുമതി നൽകിയിരുന്നില്ലെങ്കിലും വിദ്യാർഥിപ്രക്ഷോഭത്തിന്റെ രീതി അറിയാവുന്ന ഡൽഹി പോലീസിനും പിരിമുറുക്കമേറിയിരുന്നു. പ്രതിഷേധം ദിവസങ്ങൾനീളുന്ന സമരമായി പരിണമിക്കാനുള്ള സാധ്യതയുമേറെയായിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പാറ്റാ പരാമർശത്തിന്റെ ചുവടുപിടിച്ച് മുളപൊട്ടിയ യുവക്കൂട്ടായ്മയാണ് ഒരുമാസത്തിലേറെ ജന്തർമന്തറിൽ പ്രതിഷേധിക്കുകയും പിന്നീട് ഡൽഹിയെ നടുക്കിയ പാർലമെന്റ് മാർച്ച് നടത്തുകയും ചെയ്തത്. സമരവും സമരരീതിയും രാജ്യവ്യാപകമായി പടർന്നതോടെ, വിവിധ സംസ്ഥാന കേന്ദ്രങ്ങളിൽ സമ്മർദമുയർത്തി വിദ്യാർഥികൾ തിരുത്തൽശക്തിയായി.

പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം ഒത്തുതീർപ്പിലവസാനിപ്പിക്കാൻ സുപ്രീംകോടതി നിമിത്തമായതിൽ ചീഫ് ജസ്റ്റിസും ആശ്വസിക്കുന്നുണ്ടാകും.

Content Highlights: Supreme Court's decision to drop student protest cases brings relief to the central government., Cockroach Janata Party (CJP) planned a massive protest march near India Gate., Timing of the protest coincided with the upcoming BRICS summit in Delhi., Previous protests by the Gen Z collective had rattled security and intelligence agencies., The Supreme Court intervention helped avert a potentially prolonged student agitation.