‘നന്ദി പറയാനൊന്നുമില്ല, ഭരണകൂടത്തേക്കാൾ വലിയ അവകാശമൊന്നും പോലീസിനില്ല’; സുപ്രീംകോടതിയിൽ നടന്നത് ചൂടേറിയ വാദങ്ങൾ

#ഷൈന്‍ മോഹന്‍
ഫോട്ടോ - പി.ടി.ഐ.
ഫോട്ടോ - പി.ടി.ഐ.

ന്യൂഡൽഹി: സി.ജെ.പി. ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ഇടക്കാല ഉത്തരവിട്ട് സുപ്രീംകോടതി. ക്രമസമാധാനം തടസ്സപ്പെടുന്നതുവരെ മെട്രോ, തീവണ്ടി സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്ന് ഞായറാഴ്ച നടത്തിയ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസുമാരായ ജോയ്മല്യാ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ജനങ്ങൾക്ക് സ്വതന്ത്രമായി ഗതാഗത നിയന്ത്രണമില്ലാതെ സഞ്ചരിക്കാനാകണം. ട്രാഫിക്കിന്റെ സ്ഥിതിയും ക്രമസമാധാന പ്രശ്‌നവും പരിഗണിച്ച് ബാരിക്കേഡുകൾ നീക്കുന്നത് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇന്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കണം. നിയമപ്രകാരമല്ലാതെ ആരെയും തടവിൽ വെക്കരുത്, പ്രത്യേകിച്ചും നിരോധനാജ്ഞയില്ലാത്ത സ്ഥലത്ത് നിരായുധരായവർ സമാധാനപരമായി സംഘംചേരുമ്പോൾ. നിരോധനാജ്ഞ സൂചിപ്പിച്ച് സുപ്രീംകോടതി പരിസരത്ത് വെച്ച ബോർഡ് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയുത്തരവ് പാലിച്ചില്ലെന്നുകാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി പോലീസുമുൾപ്പെടെ നോട്ടീസയച്ച സുപ്രീംകോടതി ചൊവ്വാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

സുപ്രീംകോടതിയിൽ നടന്ന വാദത്തിന്റെ വിശദാംശങ്ങൾ:

ഹർജിക്കാർക്ക് വേണ്ടി കപിൽ സിബൽ: കോടതിയലക്ഷ്യത്തെക്കാൾ വളരെ വിശാലമായ വിഷയമാണുള്ളത്. ഞായറാഴ്ച സിറ്റിങ് നടത്തിയതിന് നന്ദിയുണ്ട്.

ജസ്റ്റിസ് ബാഗ്ചി: നന്ദി പറയാനൊന്നുമില്ല. രാജ്യത്തെ സേവിക്കാനായി ഞങ്ങൾ എപ്പോഴുമുണ്ട്.

സിബൽ: തീവണ്ടികളിൽ നിന്ന് അവർ ആളുകളെ പിടികൂടുന്നു, നാല് കിലോമീറ്റർ ചുറ്റളവിന് പുറത്തുവെച്ച് ആളുകളെ തടയുന്നു, ഇന്റർനെറ്റ് തടയുന്നു, 45 മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു... ഇതെല്ലാം കോടതിയലക്ഷ്യമാണ്...

ജസ്റ്റിസ് ബാഗ്ചി: ഞങ്ങൾക്കറിയാം ഇതെല്ലാം നിങ്ങളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന്.

സിബൽ: ഇടക്കാല ആശ്വാസം നൽകണം.

ഷാദാൻ ഫറാസത്ത്: സ്‌കോറയുടെ പരാതിയുണ്ട്. എന്നോടും ഇന്നലെ ക്രൂരത കാട്ടി. അഭിഭാഷകരെ ഉപദ്രവിച്ചതല്ല ചോദ്യംചെയ്യുന്നത്. ഞങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ല. ഇന്നലത്തെ സാഹചര്യം തീർത്തും അടിച്ചമർത്തലിന്റേതായിരുന്നു. ആളുകളെ അവിടെ നിൽക്കാൻ പോലും അനുവദിക്കുന്നില്ല. എന്നെ ബസ്സിലേക്ക് എടുത്തെറിയുകയായിരുന്നു. പൗരർക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ വിഷയമാണിത്. നമ്മൾ ഇപ്പോൾ പോലീസ് രാജിന് തൊട്ടടുത്തെത്തിയിരിക്കുന്നുവെന്നാണ് ഇന്നലെ മനസ്സിലായത്. പൗരർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരം പുനഃസ്ഥാപിക്കണം. ഇന്നലെ അത് തകർക്കപ്പെട്ടു.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത: ഹർജികളിലെ മെറിറ്റിലാണോ ഇപ്പോൾ വാദം നടക്കുന്നത്?

ജസ്റ്റിസ് ബാഗ്ചി: താങ്കളെ (പിന്നീട്) വിളിക്കാം.

ഹരിഹരൻ: പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് നഗരത്തിലൂടെ സഞ്ചരിക്കാനാവുന്നില്ല. ചിത്രങ്ങൾ തന്നെ കാര്യങ്ങൾ പറയും.

ജസ്റ്റിസ് ബാഗ്ചി: അത് കോടതിയലക്ഷ്യ ഹർജിയുടെ ഭാഗമായി വരുന്നുണ്ട്.

ഗോപാൽ ശങ്കരനാരായണൻ: ഞങ്ങൾ കൈമാറിയ പെൻ ഡ്രൈവിൽ വീഡിയോകളുണ്ട്. ഷാദാനെ പിടികൂടുന്നത് ഉൾപ്പെടെ. സുപ്രീംകോടതിയുടെ പുറത്തുപോലും നിയന്ത്രണങ്ങളാണ്. ഇത് ഞെട്ടിക്കുന്നു. നിരായുധരായ കുട്ടികളെയാണ് അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത്.

സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കണം. എല്ലാ ബാരിക്കേഡുകളും നീക്കണം. മെട്രോ പുനഃസ്ഥാപിക്കണം. ഇതിന് ഉത്തരവാദികളായവരിൽ ഉത്തരവാദിത്വം ചുമത്തണം.

ജസ്റ്റിസ് ബാഗ്ചി: ചീഫ് ജസ്റ്റിസ് ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിരോധനമല്ല നിയന്ത്രണംമാത്രം..

ഷോയിബ് ആലം: ജനങ്ങളെ തടഞ്ഞുവെക്കുന്നു. ഡൽഹിക്ക് പുറത്തുപോലും ആളുകളെ തടയുന്നു. സമരസ്ഥലത്തേക്ക് എത്താതിരിക്കാൻ വീടുകളിൽ പോലും റെയ്ഡ് നടത്തുന്നു.

ജസ്റ്റിസ് ബാഗ്ചി: തടഞ്ഞുവെക്കലിന്റെ വ്യാപ്തി ഞങ്ങൾ മനസ്സിലാക്കുന്നു.

അഡ്വ. ദേഹാദ്രി (പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി): പോലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടു.

ജസ്റ്റിസ് ബാഗ്ചി: ക്രമസമാധാനം ഉറപ്പാക്കാൻ ഭരണകൂടത്തേക്കാൾ മുകളിലുള്ള അവകാശമൊന്നും പോലീസ് ഉദ്യോഗസ്ഥർക്കില്ല.

സിബൽ: ഇടക്കാല ഉത്തരവാണ് ഞങ്ങളാഗ്രഹിക്കുന്നത്.

ജസ്റ്റിസ് ബാഗ്ചി: നമുക്ക് നോക്കാം, സോളിസിറ്ററെ കേട്ടശേഷം.

ജസ്റ്റിസ് ബാഗ്ചി (മനേകാ ഗുരുസ്വാമിയോട്): കോടതിയലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ വാദങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളുടെ ഹർജിയിൽ മറുപടി നൽകാൻ മറുഭാഗത്തോട് ആവശ്യപ്പെടും, ചൊവ്വാഴ്ച.

മനേക: കോടതിയലക്ഷ്യം മാത്രമല്ല, മെട്രോ തടയുന്നതോടെ സഞ്ചരിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കുന്നത്. ഇന്റർനെറ്റ് തടയുന്നു. ഏഴായിരം പേരെ തടഞ്ഞുവെക്കുന്നു. എത്രപേർ എന്നതിന്റെ കൃത്യമായ കണക്ക് ഭരണകൂടം നൽകുന്നില്ല. ഡൽഹിയിലുടനീളം 45 തടങ്കൽ കേന്ദ്രങ്ങൾ തയ്യാറാക്കിയിരിക്കുന്നു. പ്രതിപക്ഷ നേതാക്കളെ പിടികൂടുന്നു. യുവാക്കൾ സമാധാനപരമായി മാർച്ച് നടത്താനാണ് തീരുമാനിച്ചത്. കാരണം തിരഞ്ഞെടുപ്പ് രീതി നീതിയുക്തമല്ലെന്ന് അവർ കരുതുന്നു. മാധ്യമപ്രവർത്തകരേയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു. അതുകൊണ്ടാണ് ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയത്. അടിയന്തരാവസ്ഥയിൽ മാത്രമേ 19-ാം വകുപ്പ് പ്രകാരമുള്ള അവകാശം റദ്ദാക്കാനാകൂ. ഇത്തരം കേസുകൾ കോടതി മുൻപ് പരിഗണിച്ചത് അടിയന്തരാവസ്ഥക്കാലത്താണ്. അമ്പത് വർഷത്തിന് ശേഷം നമ്മൾ മടങ്ങിയെത്തിയിരിക്കുന്നു.

അരുന്ധതി കട്ജു: അഭിപ്രായസ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം തടയുന്നതിന് ഭരണകൂടം മറുപടി നൽകണം. കോടതിയിൽ വിശ്വാസമുള്ളതുകൊണ്ടാണ് ഞങ്ങളിവിടെ നിൽക്കുന്നത്.

മനേക: എന്തിനാണ് മറുപടി നൽകാൻ ചൊവ്വാഴ്ചവരെ സർക്കാരിന് സമയം അനുവദിക്കുന്നത്. കോടതിയുത്തരവുകൾ ലംഘിക്കാൻ കൂടുതൽ സമയം അനുവദിക്കരുത്.

സോളിസിറ്റർ: ഇതിനോട് പ്രതികരിക്കാനുള്ള പ്രസംഗം ഞാൻ തയ്യാറാക്കിയിട്ടില്ല. രണ്ട് ഹർജികളാണ് എന്റെ കൈയ്യിലുള്ളത്.

ഞങ്ങളുടെ കൈവശം രേഖകളും വീഡിയോകളുമുണ്ട്. വൈകിട്ട് ആറ് മണിയോടെ അവരെയെല്ലാം വിട്ടയച്ചു. നിയമപ്രശ്‌നം കോടതിക്ക് പരിശോധിച്ച് തീരുമാനിക്കാം. മെട്രോ സർവീസ് ശനിയാഴ്ച നിർത്തിയിട്ടില്ല. 4750 തീവണ്ടികളും ഷെഡ്യൂൾ പ്രകാരം ഓടി.

ജസ്റ്റിസ് ബാഗ്ചി: ആദ്യം നിങ്ങൾ 57 സ്‌റ്റേഷനുകൾ അടയ്ക്കാൻ തീരുമാനിച്ചു. പിന്നെയത് 47 ആക്കി. ശനിയാഴ്ച രാത്രി പത്ത് മുതലാണ് മെട്രോ സ്‌റ്റേഷനുകൾ തുറന്നത്.

ജസ്റ്റിസ് ബാഗ്ചി: തീവണ്ടികളുടെ കാര്യത്തിൽ ചൊവ്വാഴ്ച മറുപടി നൽകണം. അതിനിടയ്ക്ക് മെട്രോ സാധാരണ നിലയിൽ ഓടണം. ഡ്യൂട്ടി ചെയ്യാനെത്തുന്ന അഭിഭാഷകർക്കും തടസ്സമുണ്ടാക്കരുത്. ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണം.

സോളിസിറ്റർ: അത് ശനിയാഴ്ച തന്നെ പുനഃസ്ഥാപിച്ചു.

ജസ്റ്റിസ്

ബാഗ്ചി: നിങ്ങളുടെ പ്രസ്താവന രേഖപ്പെടുത്തും. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുംവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കമം. പൊതുജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകണം. ഇന്റർനെറ്റ് പുനഃസ്ഥാപിക്കണം.

സിബൽ: തീവണ്ടികൾ തടയപ്പെട്ടു. എവിടെ നിന്ന് പുറപ്പെടുന്ന തീവണ്ടികളും ഡൽഹിയിൽ എത്തുന്നത് തടയരുത്.

ജസ്റ്റിസ് ബാഗ്ചി: ഭരണഘടനയുടെ 19, 21 വകുപ്പുകളിൽ പോലീസ് നിയമത്തിന് എത്രകണ്ട് കടന്നുകയറാനാകുമെന്ന് പരിശോധിക്കേണ്ടതുണ്ട്.

സിബൽ: രാജ്യത്തെ ഒരു പോലീസ് നിയമത്തിനും 19(രണ്ട്) ലംഘിക്കാനാവില്ല.

കെ.കെ. വേണുഗോപാൽ: നിരവധി നിയമലംഘനങ്ങൾ നടന്നു. ആളുകളെ പിടിച്ചുകൊണ്ടുപോയി ദൂരസ്ഥലങ്ങളിൽ വിടുന്നു.

ജസ്റ്റിസ് ബാഗ്ചി: തടവിൽ വെച്ചതിന്റെ സാഹചര്യം വ്യക്തമാക്കാൻ സർക്കാരിന് അവസരം നൽകാം.

ഉത്തരവ് പറയുന്നു:

കോടതിയുടെ ഒക്ടോബർ ഒമ്പതിലെ ഉത്തരവ് ലംഘിച്ചെന്നുകാട്ടിയുള്ള അടിയന്തിര ഹർജികളിലാണ് ഇന്ന് സുപ്രീംകോടതി ചേർന്നത്. മെട്രോ, തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തിയതായി അഭിഭാഷകർ അറിയിച്ചു. ആളുകളെ നിയമവിരുദ്ധമായി തടവിൽ വെച്ചുവെന്നും നിരോധനാജ്ഞ നിലവിലില്ലാത്ത സ്ഥലത്തുനിന്നുപോലും ആളുകളെ കസ്റ്റഡിയിലെടുത്തുവെന്നും വാദമുയർന്നു. ഇന്റർനെറ്റും തടഞ്ഞതുവഴി കർഫ്യൂവിന് സമാനമായ സാഹചര്യം നഗരത്തിലുണ്ടായെന്നും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെട്ടുവെന്നും വാദിച്ചു. വാക്കാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ഹർജികൾ തനിക്ക് ലഭിച്ചിട്ടില്ലെന്ന് സോളിസിറ്റർ അറിയിച്ചു.

ആരോപണങ്ങൾ സോളിസിറ്റർ നിഷേധിച്ചു. നേരത്തേ 303 സ്റ്റേഷനുകളിലെ 45 എണ്ണം അടച്ചിരുന്നുവെന്നും എന്നാൽ ശനിയാഴ്ച രാത്രി പത്ത് മുതൽ ഡൽഹി മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സോളിസിറ്റർ പറഞ്ഞു. തീവണ്ടി, ഇന്റർനെറ്റ് സേവനങ്ങൾക്കും തടസ്സമില്ല. സുപ്രീംകോടതി പരിസരത്തും നിരോധനാജ്ഞയുണ്ടെന്നതിൽ സർക്കാരിന്റെ നിർദേശം തേടിയശേഷം മറുപടി നൽകുമെന്നും സോളിസിറ്റർ അറിയിച്ചു.

പി.വി. ദിനേശ്: 163-ാം വകുപ്പ് ചുമത്തിയിട്ടുണ്ട്, കോടതിയുടെ മുന്നിൽത്തന്നെ.

ജസ്റ്റസ് ബാഗ്ചി: അക്കാര്യം ഞങ്ങൾ പരിശോധിക്കാം.

ഉത്തരവ് തുടരുന്നു:

കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിച്ച് സത്യവാങ്മൂലം നൽകണം.

സോളിസിറ്റർ: കാരണം കാണിക്കണം എന്ന് പറയുന്നത് പകരം നോട്ടീസയക്കൂ...

ജസ്റ്റിസ് ബാഗ്ചി: പ്രധാന ഉത്തരവ് ഇറക്കുന്നു.

ജസ്റ്റിസ് വി. മോഹന: പൊതുജനതാത്പര്യത്തെക്കുറിച്ച് നിങ്ങൾക്ക് (ഹർജിക്കാർക്ക്) ശരിക്കും താത്പര്യമുണ്ടെങ്കിൽ പ്രതിഷേധങ്ങൾ സമാധാനപരമായി നടത്തണം.

ഗോപാൽ ശങ്കരനാരായണൻ: അത് മറുഭാഗത്തുനിന്നും ഉണ്ടാവണം.

ജസ്റ്റിസ് ബാഗ്ചി സോളിസിറ്ററോട്: മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഇടപെടാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്.

സോളിസിറ്റർ ജനറൽ: ഇന്ന് കോടതി ചെയ്ത കാര്യങ്ങൾക്ക് നന്ദിയറിയിക്കുന്നു.

ജസ്റ്റിസ് വി. മോഹന: ഇത് കോടതിയുടെ കർത്തവ്യമാണ്.

Content Highlights: Supreme Court ordered the normalization of Delhi Metro and train services., Internet services must remain uninterrupted unless law and order is breached., Court issued notices to the Centre and Delhi Police over alleged contempt of court., Emphasized that citizens have the right to peaceful assembly and free movement.