എല്ലാ സ്വകാര്യ സ്വത്തും സർക്കാരിന് ഏറ്റെടുക്കാനാകില്ല- സുപ്രീംകോടതി

സുപ്രീം കോടതി | Photo: Mathrubhumi
സുപ്രീം കോടതി | Photo: Mathrubhumi

ന്യൂഡല്‍ഹി: എല്ലാ സ്വകാര്യസ്വത്തുകളും ഭൗതിക വിഭവങ്ങളായി കണക്കാക്കി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിക്കുകയാണെന്ന് ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധിയില്‍ പ്രസ്താവിച്ചതുപോലെ എല്ലാ സ്വകാര്യസ്വത്തും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാമെന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാട് പിന്തുടരാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. 

സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമോ എന്നത് സംബന്ധിച്ച സുപ്രധാനമായ വിഷയത്തിലാണ് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തുകളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകുമെന്ന 1978-ലെ വിധി റദ്ദാക്കിക്കൊണ്ടാണ് ഒമ്പതംഗ ബെഞ്ചിന്റെ സുപ്രധാമായ വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയോട് ബെഞ്ചിലെ ഏഴ്  അംഗങ്ങള്‍ പൂര്‍ണ്ണമായും യോജിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന ഭാഗീകമായി ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയോട് യോജിച്ചു. അതേസമയം, ബെഞ്ചിലെ അംഗമായ സുധാന്‍ഷു ദുലിയ ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി ഭിന്നവിധി എഴുതി.

എല്ലാ സ്വകാര്യ സ്വത്തുക്കളും ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന 1978-ലെ വിധിയില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ സംബന്ധിച്ച് ഊന്നി പറഞ്ഞിരുന്നു. എന്നാല്‍, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ നിലവിലെ സാഹചര്യത്തില്‍ പിന്തുടരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി. 1960-കളിലും 1970-കളിലും സോഷ്യലിസ്റ്റ് സാമ്പത്തിക ചിന്താഗതിയിലായിരുന്നു രാജ്യമെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, 1990-കള്‍ക്ക് ശേഷം വിപണി കേന്ദ്രീകൃത സാമ്പത്തിക മാതൃകയിലേക്ക് രാജ്യം കടന്നെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ നിരീക്ഷിക്കുന്നു. വികസ്വര രാജ്യമെന്ന നിലയില്‍ ഓരോ ഘട്ടത്തിലുമുള്ള വെല്ലുവിളികള്‍ നേരിടാനാണ് സാമ്പത്തിക മേഖലയിലെ ഈ മാറ്റമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിശദീകരിച്ചു.

Content Highlights: Not All Private Property Can Be Taken Over By Government: Supreme Court